
കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന കുടിയേറ്റ വിരുദ്ധ റാലി വലിയ തോതിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലണ്ടന്റെ സമീപ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തീവ്ര വലതുപക്ഷ പ്രകടനങ്ങളിൽ ഒന്നായി ഇത്. യുണൈറ്റ് ദ നാഷൻ എന്ന മുദ്രാവാക്യത്തോടെ ഒന്നര ലക്ഷത്തോളം പേർ പങ്കെടുത്തതായിരുന്നു റാലി. റാലി ചർച്ചയായതിന് പിന്നാലെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസണും. ആരാണ് ടോമി റോബിൻസണെന്നും ബ്രിട്ടണിലെ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിൽ എലോൺ മസ്കിന് എന്താണ് കാര്യമെന്നും നോക്കാം.
സ്റ്റീഫൻ യക്സ്ലി ലെനൻ എന്നാണ് ടോമി റോബിൻസന്റെ യഥാർത്ഥ പേര്. എഞ്ചിനീയറിങ് സഹായിയായിട്ടായിരുന്നു ജോലി. ഒരു പൊലീസുകാരനെ കയ്യേറ്റം ചെയ്തതോടെ ഈ ജോലി പോയി. അങ്ങനെ ഇംഗ്ലീഷ് ഡിഫൻസ് ലീഗ് എന്ന സ്ഥാപനം സ്ഥാപിച്ചുകൊണ്ട് 2009ലാണ് റോബിൻസൺ ആക്ടിവിസത്തിലേക്ക് കടന്നത്. ഇസ്ലാമോഫോബിയയായിരുന്നു ഈ ഇംഗ്ലീഷ് ഡിഫൻസ് ലീഗിന്റെ മുഖമുദ്ര.2013ൽ റോബിൻസൺ ഇംഗ്ലീഷ് ഡിഫൻസ് ലീഗ് വിട്ടു.
2017ൽ ജേണലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിച്ചായിരുന്നു റോബിൻസൺ പീന്നീട് പ്രത്യക്ഷപ്പെട്ടത്. കോൺസ്പിറസി തിയറികൾ പ്രചരിപ്പിക്കുന്ന കനേഡിയൻ മാധ്യമമായ റിബൽ ന്യൂസിലൂടെയായിരുന്നു ഈ റീബ്രാൻഡിങ്. ഈ കാലത്ത് മുസ്ലിം വിദ്വേഷ പ്രചാരണങ്ങൾ നടത്തി.
നിരവധി കേസുകളും ടോമി റോബിൻസണ് എതിരെയുണ്ട്. വിൽപനയ്ക്കായി കൊക്കെയ്ൻ കൈവശം വെച്ചതും ക്രമസമാധാനം നശിപ്പിച്ചതും ഇതിൽപ്പെടും. തട്ടിപ്പിനും ആക്രമണങ്ങൾക്കും മാധ്യമപ്രവർത്തകരെ ആക്രമിച്ചതിനും അവഹേളിച്ചതിനും അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
അഭയാർത്ഥികളെ അപകീർത്തിപ്പെടുത്തിയുള്ള പരാമർശത്തിന്റെ പേരിലും ശിക്ഷിക്കപ്പെട്ടു. 18 മാസത്തേക്ക് ജയിലിലും അടക്കപ്പെട്ടു. 2018ൽ യുകെയിൽ പ്രചരിക്കപ്പെട്ട ഒരു വീഡിയോയിൽനിന്നായിരുന്നു ഈ കേസിന്റെ തുടക്കം. 15 വയസുകാരനായ ജമാൽ ഹിജാസി എന്ന സിറിയൻ അഭയാർത്ഥി കുട്ടിയെ മറ്റൊരു കുട്ടി ആക്രമിക്കുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ഈ വീഡിയോ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് ജമാൽ ഇംഗ്ലീഷുകാരികളായ പെൺകുട്ടികളെ ആക്രമിച്ചെന്നും ഒരു സ്കൂൾ വിദ്യാർത്ഥിയെ കുത്തിയെന്നും റോബിൻസൺ ആരോപിച്ചു. ഈ വീഡിയോ കോടിക്കണക്കിന് ആളുകൾ ഖണ്ടു. ജമാലിനും കുടുംബത്തിനും എതിരെ പല കോണുകളിൽനിന്നും വധഭീഷണിയുയർന്നു.
തുടർന്ന് 2021ൽ റോബിൻസൺ ജമാലിനെ അപകീർത്തിപ്പെടുത്തിയെന്ന് കണ്ടെത്തിയ ഹൈക്കോടതി റോബിൻസണിൽനിന്ന് പിഴ ഈടാക്കാൻ ഉത്തരവിട്ടു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുത് എന്ന് കർശന നിർദ്ദേശവും നൽകി. ഇതൊന്നും കാര്യമായിപ്പോലും എടുക്കാൻ റോബിൻസൺ തയ്യാറായില്ലെന്നാണ് തുടർവർഷങ്ങളിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങൾ വ്യക്തമാക്കുന്നത്. 2023ൽ റോബിൻസൺ വീണ്ടും ഇതേ കാര്യങ്ങൾ തന്നെ ആവർത്തിച്ചു. തന്റെ വാദങ്ങൾ ഉന്നയിച്ചുകൊണ്ട് എക്സിൽ സൈലൻസ്ഡ് ബൈ ദ സ്റ്റേറ്റ് എന്ന പേരിൽ ഒരു ഡോക്യുമെന്ററി തന്നെ പോസ്റ്റ് ചെയ്തു. കോടതിയലക്ഷ്യത്തിന് വീണ്ടും ഇയാൾ ശിക്ഷിക്കപ്പെട്ടു.
മസ്ക് അടക്കമുള്ളവർ റോബിൻസന്റെ ഡോക്യുമെന്ററി റീട്വീറ്റ് ചെയ്തു. എക്സ് ട്വിറ്ററായിരുന്ന കാലത്ത്, അതായത് 2018ൽ ട്വിറ്റർ റോബിൻസണെ ബാൻ ചെയ്തിരുന്നു. മസ്ക് ട്വിറ്റർ എറ്റെടുത്ത് എക്സ് ആക്കിയതിന് ശേഷം ആ ബാൻ നീക്കിക്കൊടുക്കുകയായിരുന്നു. റോബിൻസണ് ഒരു മില്യണിലധികം ഫോളോവേഴ്സാണ് നിലവിൽ എക്സിലുള്ളത്.
ഈ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഇലോൺ മസ്ക് ആണെന്നതാണ് മറ്റൊരു കാര്യം. ബ്രിട്ടണിൽ സർക്കാർ മാറ്റം അനിവാര്യമായെന്നും ഒന്നുകിൽ പോരാടാം, അല്ലെങ്കിൽ മരിക്കാം എന്നുമാണ് റാലിയെ അഭിസംബോധന ചെയ്ത് മസ്ക് പറഞ്ഞത്. റോബിൻസൺ ജയിൽശിക്ഷ അനുഭവിച്ച വിവിധ ഘട്ടങ്ങളിൽ ഇദ്ദേഹത്തെ ജയിൽ മോചിതനാക്കണമെന്ന് മസ്ക് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പും പല സംഭവങ്ങളിലും റോബിൻസണെ പിന്തുണച്ചുള്ള മസ്കിന്റെ പോസ്റ്റുകൾ എത്തിയിട്ടുണ്ട്.
മസ്കിന്റെ റോബിൻസൺ പിന്തുണ യൂറോപ്പിലെ വലതുപക്ഷ ചിന്താഗതിക്കാരെ വലിയതോതിൽ സന്തോഷിപ്പിക്കുന്നുണ്ട്. ലണ്ടനിലെ റാലിക്കിടെ വീഡിയോ സന്ദേശത്തിൽ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുള്ള മസ്കിന്റെ പ്രഭാഷണം വൈറ്റ് ഹൗസിൽനിന്നും പോന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ പ്രസ്താവനയായി. അമേരിക്കൻ രാഷ്ട്രീയത്തിലേതുപോലെ ബ്രിട്ടണിൽ മസ്കിന് താൽപര്യങ്ങളില്ലെങ്കിലും വലതുപക്ഷക്കാരുടെ പിന്തുണ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നാണ് നിരീക്ഷണം.