
ന്യൂയോര്‍ക്ക്: രണ്ട് വര്‍ഷം പഴക്കമുള്ള കറി കഴിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രണ്ടു വര്‍ഷം പഴക്കമുള്ള കറി എന്തിനാണ് കഴിക്കുന്നതെന്നും തോന്നാം. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് മരിച്ചുപോയ തന്‍റെ ഭര്‍ത്താവുണ്ടാക്കിയ കറിയാണ് യുവതി കഴിക്കുന്നത്. സബ്റീന എന്ന യുവതി വളരെ വൈകാരികമായി പങ്കുവച്ച വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്.
ഭര്‍ത്താവ് ടോണി മരിക്കുന്നതിന് മുമ്പ് അവസാനമായുണ്ടാക്കിയ കറി സബ്റീന കേടുവരാതെ സൂക്ഷിച്ച് വയ്ക്കുകയായിരുന്നു. ടോണിയുടെ കറി എന്നേക്കുമായി സൂക്ഷിച്ചു വയ്ക്കാനായിരുന്നു ആദ്യം സബ്റീന തീരുമാനിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ നിന്നും സബ്റീന മാറി താമസിക്കാന്‍ പോവുകയാണ്.
രണ്ടുപേരുടെയും ഓര്‍മ്മകളുള്ള വീട്ടില്‍ വെച്ച് അവസാനമായി കഴിക്കുന്ന ഭക്ഷണം ടോണി അവസാനമായി ഉണ്ടാക്കിയതാവണം എന്നവര്‍ തീരുമാനിക്കുകയായിരുന്നു. തന്‍റെ വീട്ടില്‍ ഏറ്റവും നന്നായി പാചകം ചെയ്തിരുന്നത് ടോണിയായിരുന്നു എന്നും വീഡിയോയില്‍ സബ്റീന പറയുന്നുണ്ട്. 'ഞാന്‍ എന്തുകഴിക്കാന്‍ ആഗ്രഹിച്ചാലും ടോണി അതുണ്ടാക്കിത്തരുമായിരുന്നു. ഈ വീട്ടിലെ എന്‍റെ അവസാനത്തെ ഭക്ഷണത്തിന് നന്ദി ടോണി' എന്ന യുവതിയുടെ വാക്കുകള്‍ കാഴ്ചക്കാര്‍ക്ക് സങ്കടമുണ്ടാക്കുന്നതാണ്.
അഞ്ച് മില്യണിലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. കൂടാതെ നിരവധിയാളുകള്‍ കമന്‍റുമായെത്തി. രണ്ടുവര്‍ഷം പഴക്കമുള്ള കറി കഴിച്ച നിങ്ങളെ ഈ വീഡിയോ കാണുന്ന ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ല എന്ന് ഒരാള്‍ കമെന്‍റ് ചെയ്തു. ഇത്രയും വൈകാരികമായ നിമിഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് സബ്റീനയ്ക്ക് നന്ദിപറഞ്ഞുകൊണ്ടുള്ള കമെന്‍റുകളും നിരവധിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം