37000 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ യുവതിയുടെ ശ്രമം; കാരണം വിചിത്രം 

By Web TeamFirst Published Nov 30, 2022, 9:34 PM IST
Highlights

എമര്‍ജന്‍സി വാതിലിന്‍റെ ഹാന്‍ഡിലില്‍ പിടിച്ച് തുറക്കാന്‍ ശ്രമിച്ച ഇവരെ തടയാന്‍ എയര്‍ ഹോസ്റ്റസിന് തനിയെ സാധിക്കാതെ വന്നതോടെ വിമാനത്തിലെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ യുവതിയെ കീഴടക്കുകയായിരുന്നു.

37000 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച വനിത അറസ്റ്റിലായി. ഹൂസ്റ്റണില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിനാണ് വിചിത്രമായ കാരണത്താല്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തേണ്ടി വന്നത്. ലിറ്റില്‍ റോക്കിലാണ് വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നത്. ശനിയാഴ്ചയാണ് ഓഹിയോയിലേക്ക് പുറപ്പെട്ട സൌത്ത് വെസ്റ്റ് വിമാനത്തിന്‍റെ വാതിലാണ് യാത്രയ്ക്കിടെ യുവതി തുറക്കാന്‍ ശ്രമിച്ചത്. 34 വയസുകാരിയായ എലോം അഗ്ബെനിനുവാണ് യാത്രയ്ക്കിടെ ഏവരേയും വിറപ്പിച്ചത്.

ശുചിമുറി ഉപയോഗിക്കാനായി എന്ന രീതിയിലാണ് യുവത് സീറ്റ് വിട്ട് എഴുന്നേറ്റത്. ഏറെ നേരം യുവതി എണീറ്റ് നില്‍ക്കുന്നത് കണ്ടപ്പോള്‍ ശുചിമുറി ഉപയോഗിക്കുന്നില്ലെങ്കില്‍ സീറ്റിലേക്ക് മടങ്ങണമെന്ന് എയര്‍ ഹോസ്റ്റസ് ആവശ്യപ്പെട്ടു. എന്നാല്‍ വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. എയര്‍ ഹോസ്റ്റസ് ഇത് വിസമ്മതിച്ചതോടെയാണ് ഇവര്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചത്.  എമര്‍ജന്‍സി വാതിലിന്‍റെ ഹാന്‍ഡിലില്‍ പിടിച്ച് തുറക്കാന്‍ ശ്രമിച്ച ഇവരെ തടയാന്‍ എയര്‍ ഹോസ്റ്റസിന് തനിയെ സാധിക്കാതെ വന്നതോടെ വിമാനത്തിലെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ യുവതിയെ കീഴടക്കുകയായിരുന്നു. യുവതിയെ പിടികൂടാന്‍ ശ്രമിച്ചവരെ കടിക്കാനും ഉപദ്രവിക്കാനും ശ്രമിച്ച യുവതി ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന സംശയമാണ് വിമാന ജീവനക്കാര്‍ക്ക് ഉണ്ടായിരുന്നത്. നിയന്ത്രിച്ച് സീറ്റിലിരുത്തിയതോടെ യുവതി തല നിലത്തിടിക്കാന്‍ ആരംഭിച്ചു.

യേശുക്രിസ്തു പറഞ്ഞത് അനുസരിച്ചാണ് ഓഹിയോവിലേക്ക് പോവുന്നതെന്നും ക്രിസ്തു ആവശ്യപ്പെട്ടതനുസരിച്ചാണ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നുമാണ് യുവതിയുടെ വാദം. പിന്നീട് ശ്വാസം മുട്ടിയതോടെയാണ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്ന് യുവതി അധികൃതരോട് പറഞ്ഞു. ലിറ്റില്‍ റോക്കില്‍ വിമാനം അടിയന്തരമായി ഇറക്കി യുവതിയെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് വിമാനം യാത്ര തുടര്‍ന്നത്. പാസ്റ്ററായ സുഹൃത്തിനൊപ്പം താമസിക്കാന്‍ വീട്ടുകാരോടോ ഭര്‍ത്താവിനോടോ പറയാതെ ലഗേജ് പോലും ഇല്ലാതെയായിരുന്നു യുവതിയുടെ യാത്രയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതിയുടെ കടിയേറ്റ യാത്രക്കാരന് പ്രാഥമിക ചികിത്സ നല്‍കി

click me!