ഉഷ ഇന്ത്യൻ ആണെന്ന് പറഞ്ഞപ്പോൾ അമ്മ ചോദിച്ചു, 'ഏത് ഗോത്രം'? യുഎസ് വൈസ് പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തൽ, വിമർശനം

Published : Jun 19, 2026, 05:14 PM IST
Usha Vance

Synopsis

യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്, ഭാര്യ ഉഷയുടെ ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് തന്‍റെ അമ്മ പ്രതികരിച്ച രീതി ഒരു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തി. ഉഷ 'ഇന്ത്യൻ' ആണെന്ന് പറഞ്ഞപ്പോൾ "ഏത് ഗോത്രത്തിൽ പെട്ടതാണ്?" എന്നായിരുന്നു അമ്മയുടെ ചോദ്യമെന്നും, ഇത് സാംസ്കാരികമായ അറിവില്ലായ്മ കൊണ്ടാണെന്നും വാൻസ് വിശദീകരിച്ചു. 

വാഷിംഗ്ടൺ: തന്‍റെ 12 വർഷം നീണ്ട ദാമ്പത്യജീവിതത്തെക്കുറിച്ചും കുടുംബ പശ്ചാത്തലത്തെക്കുറിച്ചും തുറന്നുപറഞ്ഞ് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ പങ്കെടുത്തപ്പോഴാണ്, ഭാര്യ ഉഷാ വാൻസിന്‍റെ ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് ആദ്യമായി അറിഞ്ഞപ്പോൾ തന്‍റെ അമ്മ പ്രതികരിച്ച രീതിയെക്കുറിച്ച് വാൻസ് മനസ് തുറന്നത്. ഉഷ ഒരു 'ഇന്ത്യൻ' ആണെന്ന് പറഞ്ഞപ്പോൾ "അവൾ ഏത് ഗോത്രത്തിൽ പെട്ടതാണ്?" എന്നായിരുന്നു അമ്മയുടെ ചോദ്യമെന്ന് വാൻസ് വെളിപ്പെടുത്തി. ഈ പ്രസ്താവന നിലവിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വാൻസിന്‍റെ പുതിയ പുസ്തകമായ 'കമ്മ്യൂണിയൻ: ഫൈൻഡിംഗ് മൈ വേ ബാക്ക് ടു ഫെയ്ത്ത്' എന്ന കൃതിയുടെ പ്രകാശനവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ഓർമ്മകൾ പങ്കുവെച്ചത്. കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള തന്‍റെ മാറ്റത്തെക്കുറിച്ചും അത് തന്റെ രാഷ്ട്രീയ-വ്യക്തിജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും വിവരിക്കുന്നതാണ് ഈ പുസ്തകം.

അമ്മയുടെ ചോദ്യം ഉഷയുടെ പാരമ്പര്യത്തെ പരിഹസിക്കാനോ തരംതാഴ്ത്താനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് വാൻസ് വ്യക്തമാക്കി. മറ്റ് സംസ്കാരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ് അമ്മ അങ്ങനെ ചോദിച്ചത്. "അമ്മ ചോദിച്ചു, 'വംശീയമായി അവൾ എങ്ങനെയുള്ളവളാണ്?' ഞാൻ പറഞ്ഞു, 'അമ്മേ അവൾ ഇന്ത്യൻ ആണ്'. ഉടനെ അമ്മ ചോദിച്ചു, 'ഏത് ഗോത്രമാണ്?'. അമ്മയും ഉഷയും തികച്ചും വ്യത്യസ്തമായ രണ്ട് ലോകങ്ങളിൽ നിന്നുള്ളവരായിരുന്നു. തങ്ങളിൽ പലർക്കും അന്ന് ലോകത്തെക്കുറിച്ച് എത്രമാത്രം കുറഞ്ഞ അറിവേ ഉണ്ടായിരുന്നുള്ളൂ എന്ന് വ്യക്തമാക്കാനാണ് അമ്മ പിന്നീട് ആ സംഭവം ചൂണ്ടിക്കാണിക്കാറുള്ളത്," വാൻസ് പറഞ്ഞു. ഏകദേശം നാല് പതിറ്റാണ്ട് മുൻപ് ആന്ധ്രാപ്രദേശിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളായി കാലിഫോർണിയയിലാണ് ഉഷ ജനിച്ചത്.

അമേരിക്കൻ പശ്ചാത്തലത്തിൽ 'ഇന്ത്യൻ' എന്ന വാക്കിന് രണ്ട് അർത്ഥങ്ങളുണ്ട്. ഇന്ത്യയിൽ നിന്നുള്ളവരെ സൂചിപ്പിക്കാൻ ഈ വാക്ക് ഉപയോഗിക്കുമ്പോൾ തന്നെ, അമേരിക്കയിലെ തദ്ദേശീയരായ ഗോത്രവർഗ്ഗക്കാരെ വിളിക്കാനും ഇതേ വാക്ക് തന്നെയാണ് ഉപയോഗിക്കാറുള്ളത്. വാൻസിന്‍റെ അമ്മ തദ്ദേശീയ അമേരിക്കൻ ഗോത്രങ്ങളെക്കുറിച്ചാകാം ചിന്തിച്ചതെന്നാണ് വിലയിരുത്തൽ. തുടക്കത്തിൽ ഈ അറിവില്ലായ്മ ഉണ്ടായിരുന്നെങ്കിലും, പിന്നീട് തന്‍റെ കുടുംബവും ബന്ധുക്കളും ഉഷയെ പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചുവെന്ന് വാൻസ് കൂട്ടിച്ചേർത്തു.

ഉഷയുടെ ഹിന്ദു വിശ്വാസവും വാൻസിന്‍റെ പ്രസ്താവനയും

യേൽ സർവകലാശാലയിലെ നിയമപഠനത്തിനിടെ 2010-ൽ കണ്ടുമുട്ടിയ ജെ ഡി വാൻസും ഉഷയും 2014-ലാണ് വിവാഹിതരായത്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളും വിവാഹത്തിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്, നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ദമ്പതികൾ. 2019-ൽ വാൻസ് കത്തോലിക്കാ മതം സ്വീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ഒരു കോളേജ് പരിപാടിക്കിടെ, തന്‍റെ ഹിന്ദുവായ ഭാര്യ എന്നെങ്കിലും ക്രിസ്തുമതം സ്വീകരിക്കുമെന്ന് താൻ പ്രത്യാശിക്കുന്നതായി വാൻസ് പറഞ്ഞത് വലിയ വിവാദമായിരുന്നു.

അമേരിക്കയിലെ ഇന്ത്യൻ-അമേരിക്കൻ വംശജർക്കിടയിൽ ഇത് കടുത്ത അമർഷത്തിന് കാരണമായി. എന്നാൽ, തങ്ങൾക്കിടയിലെ ബന്ധത്തെ പലരും തെറ്റായിട്ടാണ് മനസിലാക്കിയിരിക്കുന്നതെന്ന് ഉഷ പിന്നീട് വ്യക്തമാക്കിയിരുന്നു. "അദ്ദേഹം എല്ലാ ദിവസവും എന്നെ മതം മാറ്റാൻ ശ്രമിക്കുകയല്ല ചെയ്യുന്നത്. ഞാൻ കത്തോലിക്കാ വിശ്വാസിയല്ല, മതം മാറാൻ എനിക്ക് യാതൊരു ഉദ്ദേശവുമില്ല," എന്നായിരുന്നു ഉഷയുടെ പ്രതികരണം. തന്റെ അന്തരിച്ച മുത്തശ്ശിയായ 'മാമാ'യ്ക്ക് ഉഷയെ നേരിട്ട് കാണാൻ സാധിക്കാത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമെന്നും, ഒട്ടും മറച്ചുവെക്കാതെ കാര്യങ്ങൾ തുറന്നുപറയുന്ന ഉഷയുടെ സ്വഭാവമാണ് തന്നെ ആകർഷിച്ചതെന്നും വാൻസ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമേരിക്കൻ വൈസ് പ്രസിഡൻ്റ് പിന്മാറി; ഇറാനും അമേരിക്കയും ഇന്ന് നടത്താനിരുന്ന ചർച്ച റദ്ദാക്കി, ഹോർമൂസ് തുറന്നു
മൂന്ന് വയസ്സുകാരനെ മുതലക്കൂട്ടില്‍ എറിഞ്ഞെന്ന് സംശയം; ലണ്ടനില്‍ യുവാവ് വധശ്രമത്തിന് അറസ്റ്റില്‍, കുട്ടി അതീവ ഗുരുതരാവസ്ഥയില്‍