2023-ലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 5 ബീവറുകളെ ഈ പ്രദേശത്ത് തുറന്നുവിട്ടത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായി ഇത്തവണ ഈ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായില്ല.
ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിംഗ് എന്ന പ്രദേശം കടുത്ത പ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തിരഞ്ഞെടുത്തത് പ്രകൃതിദത്തമായ ഒരു വഴി. 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച ബീവറുകളെ വീണ്ടും എത്തിച്ചാണ് അവര്‍ പ്രളയത്തെ തോല്‍പ്പിച്ചത്! തിരക്കേറിയ റോഡുകള്‍ക്കും മക്‌ഡൊണാള്‍ഡ്‌സ് റസ്റ്റോറന്റിനും തൊട്ടടുത്തുള്ള അവഗണിക്കപ്പെട്ടു കിടന്ന ചതുപ്പ് നിലമാണ് ഈ കൊച്ചു ജീവികള്‍ ഇന്ന് മനോഹരമായ ഒരു വനമാക്കി മാറ്റിയത്.
വെള്ളത്തിലും കരയിലുമായി ജീവിക്കുന്ന കരണ്ടുതിന്നുന്ന ചെറിയ ജീവികളാണ് ബീവറുകള്‍. ശക്തമായ പല്ലുകള്‍ ഉപയോഗിച്ച് മരങ്ങള്‍ മുറിച്ചിട്ട് തടിയും മണ്ണും ഉപയോഗിച്ച് വെള്ളത്തില്‍ സ്വാഭാവിക തടയണകള്‍ നിര്‍മ്മിക്കാന്‍ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. ബീവറുകള്‍ ഉണ്ടാക്കുന്ന തടയണകള്‍ കാരണം മഴവെള്ളം പെട്ടെന്ന് ഒലിച്ചുപോകാതെ മണ്ണ് ഒരു സ്‌പോഞ്ച് പോലെ വെള്ളത്തെ വലിച്ചെടുക്കും. ഇത് താഴോട്ടുള്ള ഒഴുക്കിന്റെ വേഗത കുറയ്ക്കുകയും നഗരത്തിലെ മെട്രോ സ്റ്റേഷനുകളിലും റോഡുകളിലും വെള്ളം കയറുന്നത് തടയുകയും ചെയ്യും. ഇവ കുളങ്ങളില്‍ നിന്ന് പല ദിശകളിലേക്ക് ചെറിയ കനാലുകള്‍ നിര്‍മ്മിക്കും. ഇത് വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ വെള്ളത്തെ പകുത്തുവിടാന്‍ സഹായിക്കും.
2023-ലാണ് പരീക്ഷണാടിസ്ഥാനത്തില്‍ 5 ബീവറുകളെ ഈ പ്രദേശത്ത് തുറന്നുവിട്ടത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായി ഇത്തവണ ഈ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായില്ല. ഇപ്പോള്‍ ഇവിടുത്തെ ബീവറുകളുടെ എണ്ണം എട്ടായി ഉയര്‍ന്നു. ഇവ ഉണ്ടാക്കിയ ജലാശയങ്ങളിലേക്ക് പക്ഷികളും, ചിത്രശലഭങ്ങളും, വവ്വാലുകളും, മീനുകളും കൂട്ടത്തോടെ തിരിച്ചെത്താന്‍ തുടങ്ങി. വരള്‍ച്ചയുള്ള സമയത്ത് ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനും കാട്ടുതീ പടരുന്നത് തടയാനും ഇവ ഉണ്ടാക്കുന്ന ചതുപ്പുകള്‍ക്ക് കഴിയും.
എന്നാല്‍, ബീവറുകളെ തിരികെ കൊണ്ടുവരുന്നത് പ്രകൃതിക്ക് നല്ലതാണെങ്കിലും എല്ലാ സ്ഥലങ്ങളിലും ഇവയെ തുറന്നുവിടാന്‍ കഴിയില്ലെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവ പുഴയോരങ്ങളില്‍ ഉണ്ടാക്കുന്ന വലിയ തുരങ്കങ്ങളില്‍ കന്നുകാലികളും കൃഷി യന്ത്രങ്ങളും വീഴാന്‍ സാധ്യതയുണ്ട്. കൃഷിയിടങ്ങളില്‍ വെള്ളം കയറുന്നതിനും ഇത് കാരണമാകാറുണ്ട്.
എങ്കിലും, ലണ്ടനിലെ ഈ നഗരപ്രദേശത്ത് ബീവറുകള്‍ വന്‍ ജനപ്രീതിയാണ് നേടുന്നത്. കുട്ടികളും മുതിര്‍ന്നവരും വൈകുന്നേരങ്ങളില്‍ ഈ ജീവികളെ കാണാനായി ഇവിടെ എത്താറുണ്ട്.


