
ബെർലിൻ/തിരാന: ലോകത്തിലെ ആദ്യത്തെ എ ഐ മന്ത്രിയായ അൽബേനിയയുടെ 'ഡീല്ല' (Diella) ഗർഭിണിയാണെന്ന് പ്രധാനമന്ത്രി എഡി രാമ പ്രഖ്യാപിച്ചു. സോഷ്യലിസ്റ്റ് പാർട്ടിയിലെ ഓരോ പാർലമെന്‍റ് അംഗത്തിനും വേണ്ടി ഓരോ എ ഐ സഹായികളെ, അഥവാ ഡീല്ലയുടെ 83 'കുട്ടികളെ' സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ബെർലിനിൽ നടന്ന ഗ്ലോബൽ ഡയലോഗിൽ സംസാരിക്കവെയാണ് രാമ ഈ പ്രഖ്യാപനം നടത്തിയത്. "ഇന്ന് ഡീല്ല ഇവിടെ ഉണ്ടായിരുന്നത് വലിയൊരു വെല്ലുവിളിയായിരുന്നു, ഞങ്ങൾ അത് നന്നായി ചെയ്തു. അതുകൊണ്ട് ആദ്യമായി ഡീല്ല ഗർഭിണിയാണ്, 83 കുട്ടികളോടുകൂടി," രാമ പറഞ്ഞു.
പാർലമെന്‍റ് സമ്മേളനങ്ങളിൽ നടക്കുന്ന കാര്യങ്ങളെല്ലാം രേഖപ്പെടുത്താനും, നിയമനിർമ്മാതാക്കൾക്ക് ചർച്ചകളെക്കുറിച്ചോ അവർക്ക് നഷ്ടമായ സംഭവങ്ങളെക്കുറിച്ചോ വിവരങ്ങൾ നൽകാനും ഈ 'കുട്ടികൾ' സഹായികളായി പ്രവർത്തിക്കും. "ഓരോരുത്തരും അവർക്ക് (പാർലമെന്‍റ് അംഗങ്ങൾക്ക്) സഹായിയായി പ്രവർത്തിക്കും. അവർ പാർലമെന്‍റ് സെഷനുകളിൽ പങ്കെടുക്കുകയും, അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി പാർലമെന്‍റ് അംഗങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ഈ കുട്ടികൾക്കെല്ലാം അവരുടെ അമ്മയുടെ (ഡീല്ലയുടെ) അറിവുണ്ടാകും" രാമ വിശദീകരിച്ചു.
2026 അവസാനത്തോടെ ഈ സംവിധാനം പൂർണ്ണമായി പ്രവർത്തനക്ഷമമാകുമെന്നാണ് പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നത്. എഐ സഹായികൾ എങ്ങനെ പ്രവർത്തിക്കുമെന്നും രാമ വിശദീകരിച്ചു: "ഉദാഹരണത്തിന്, നിങ്ങൾ കാപ്പി കുടിക്കാൻ പോയി ജോലിക്ക് തിരികെ വരാൻ മറന്നാൽ, നിങ്ങൾ ഹാളിൽ ഇല്ലാതിരുന്നപ്പോൾ എന്ത് പറഞ്ഞു എന്ന് ഈ കുട്ടി പറഞ്ഞുതരും, കൂടാതെ ആരെയാണ് നിങ്ങൾ തിരിച്ച് വിമർശിക്കേണ്ടതെന്നും പറഞ്ഞുതരും" - അദ്ദേഹം പറഞ്ഞു.
അഴിമതിരഹിതമാക്കാൻ ഡീല്ല
അൽബേനിയയുടെ പൊതു സംഭരണ സംവിധാനം പൂർണ്ണമായും സുതാര്യവും അഴിമതിരഹിതവുമാക്കാൻ വേണ്ടിയാണ് ഡീല്ലയെ സെപ്റ്റംബറിൽ മന്ത്രിയായി നിയമിച്ചത്. 'ഇ-അൽബേനിയ' പ്ലാറ്റ്‌ഫോമിൽ വെർച്വൽ അസിസ്റ്റന്‍റായി ജനുവരിയിൽ രംഗപ്രവേശം ചെയ്ത ഡീല്ല, പൗരന്മാരെയും ബിസിനസുകളെയും സർക്കാർ രേഖകൾ നേടാൻ സഹായിച്ചിരുന്നു. പരമ്പരാഗത അൽബേനിയൻ വേഷം ധരിച്ച സ്ത്രീയുടെ രൂപത്തിലാണ് ഈ എഐ മന്ത്രിയെ അവതരിപ്പിച്ചിട്ടുള്ളത്.
പൊതു ടെൻഡറുകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്ന ചുമതല ഡീല്ലയ്ക്ക് നൽകിയിട്ടുണ്ട്. ഇത് ടെൻഡറുകൾ 100 ശതമാനം അഴിമതിരഹിതമാക്കാൻ സഹായിക്കും. ടെൻഡർ നടപടിക്രമങ്ങൾക്ക് സമർപ്പിക്കുന്ന എല്ലാ പൊതു ഫണ്ടുകളും തികച്ചും സുതാര്യമായിരിക്കുമെന്ന് രാമ പറഞ്ഞു. മനുഷ്യനല്ലാത്ത ഒരു സർക്കാർ മന്ത്രിയെ ഔദ്യോഗികമായി നിയമിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് അൽബേനിയ. നിർമ്മിത ബുദ്ധിക്കുവേണ്ടിയുള്ള മന്ത്രി എന്നതിലുപരി, കോഡുകളും പിക്സലുകളും മാത്രം ഉൾക്കൊള്ളുന്ന ഒരു എഐ സ്ഥാപനം എന്ന നിലയിലാണ് ഡീല്ല പ്രവർത്തിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam