Latest Videos

രാജസ്ഥാനെ അടിച്ചുകലക്കി സാം കറനും ഷാരൂഖ് ഖാനും; പുതിയ റെക്കോര്‍ഡ്

By Web TeamFirst Published May 19, 2023, 9:35 PM IST
Highlights

ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിംഗ്‌‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 187 റണ്‍സ് നേടുകയായിരുന്നു

ധരംശാല: ഐപിഎല്‍ പതിനാറാം സീസണിലെ ജീവന്‍മരണ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് മികച്ച സ്കോര്‍ സമ്മാനിച്ചത് ആറാം വിക്കറ്റിലെ സാം കറന്‍-ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടാണ്. പുറത്താവാതെ 37 പന്തില്‍ 73 റണ്‍സ് ഇരുവരും ചേര്‍ത്തതോടെയാണ് കിംഗ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 187 റണ്‍സ് ശക്തമായ നിലയില്‍ എത്തിയത്. ഇതോടെ ഒരു റെക്കോര്‍ഡ് ഇരുവരുടേയും പേരില്‍ എഴുതപ്പെട്ടു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന്‍റെ ഏറ്റവും ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്. അഹമ്മദാബാദില്‍ 2021ല്‍ ആര്‍സിബിക്കെതിരെ കെ എല്‍ രാഹുലും ഹര്‍പ്രീത് ബ്രാറും ചേര്‍ന്ന് പുറത്താവാതെ നേടിയ 61* ആയിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ്. 
 
ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിംഗ്‌‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 187 റണ്‍സ് നേടുകയായിരുന്നു. ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ(2 പന്തില്‍ 2) നഷ്‌ടമായെങ്കിലും ഇതിന് ശേഷം സാം കറന്‍, ജിതേഷ് ശര്‍മ്മ, ഷാരൂഖ് ഖാന്‍ എന്നിവരുടെ ബാറ്റിംഗാണ് പഞ്ചാബിന് കരുത്തായത്. നായകനും മറ്റൊരു ഓപ്പണറുമായ ശിഖര്‍ ധവാന്‍ 12 പന്തില്‍ 17 ഉം, മൂന്നാമന്‍ അഥര്‍വ ടൈഡെ 12 ബോളില്‍ 19 ഉം റണ്‍സുമായി പുറത്തായി. കൂറ്റനടിക്കാരന്‍ ലിയാം ലിംവിംഗ്‌സ്റ്റണ് ഇത്തവണ 13 പന്തില്‍ 9 റണ്‍സുമായി മടങ്ങേണ്ടിവന്നു. ഇതിന് ശേഷം ജിതേഷ് ശര്‍മ്മ 28 പന്തില്‍ 44 ഉം, സാം കറന്‍ 31 ബോളില്‍ 49* ഉം, ഷാരൂഖ് ഖാന്‍ 23 പന്തില്‍ 41* ഉം റണ്‍സ് അടിച്ചുകൂട്ടി. 

ഇന്നിംഗ്സിലെ 18 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 141-5 എന്ന നിലയിലായിരുന്നു പഞ്ചാബ് കിംഗ്‌സ്. എന്നാല്‍ അവസാന രണ്ട് ഓവറില്‍ തകര്‍ത്തടിച്ച കറനും ഷാരൂഖും കൂടുതല്‍ വിക്കറ്റ് നഷ്‌ടമില്ലാതെ സ്കോര്‍ 187ലെത്തിച്ചു. യുസ്‌വേന്ദ്ര ചാഹലിനെതിരെ 19-ാം ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പടെ 28 റണ്‍സും 20-ാം ഓവറില്‍ ട്രെന്‍റ് ബോള്‍ട്ടിനെതിരെ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 18 റണ്‍സും ഇരുവരും അടിച്ചുകൂട്ടി. രാജസ്ഥാനായി നവ്‌ദീപ് സെയ്‌നി മൂന്നും ബോള്‍ട്ടും ചാഹലും ഓരോ വിക്കറ്റും വീഴ്‌ത്തി. 

Read more: പരാഗ് വീണ്ടും ഇലവനിൽ, ഇവന്‍മാര്‍ എത്ര കിട്ടിയാലും പഠിക്കില്ല എന്നാണോ; ആരാധകര്‍ കട്ടക്കലിപ്പില്‍

click me!