വോട്ടെണ്ണാൻ ഇനി മണിക്കൂറുകൾ മാത്രം, ഒടുവിലത്തെ ചിരി ആര്‍ക്ക്? ആകാംക്ഷയോടെ മുന്നണികൾ

By Web TeamFirst Published Oct 24, 2019, 5:45 AM IST
Highlights

വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും ജയപരാജയങ്ങൾ ഉച്ചയോടെ തന്നെ പുറത്തറിയും.

തിരുവനന്തപുരം: ഉപതെര‌‌ഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. എട്ടരയോടെ തന്നെ ആദ്യ ഫലസൂചന അറിയാം. അന്തിമ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് മൂന്ന് മുന്നണികളും. എൻഎസ്എസ്-എസ്എൻഡിപി-ഓർത്തോക്സ് നിലപാടുകൾ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ഉപതെര‍ഞ്ഞെടുപ്പ് കേരളത്തിന്‍റെ സാമുദായിക രാഷ്ട്രീയ രംഗത്തും ചൂണ്ടുപലകയാണ്. 

ആറ് മണ്ഡലങ്ങളില്‍ പാല നേടിയ എൽഡിഎഫ് ഒരു പടി മുന്നിലാണ്. ബാക്കിയുള്ള അഞ്ചിൽ എൽഡിഎഫിനും യുഡിഎഫിനും എൻഡിഎക്കുമെത്രയെന്നാണ് ഇനി അറിയേണ്ടത്. മുന്നണികൾക്ക് നെഞ്ചിടിപ്പ് മാത്രമല്ല, വട്ടിയൂർക്കാവില്‍ യുഡിഎഫ് അനുകൂല നിലപാടെടുത്ത എൻഎസ്എസും ഫലം അറിയാന്‍ കണ്ണുംനട്ട് ഇരിക്കുകയാണ്. അരൂരിലെയും കോന്നിയിലെയും ഫലമാണ് എൽഡിഎഫിനോട് അടുത്ത് നിൽക്കുന്ന എസ്എൻഡിപി ഉറ്റുനോക്കുന്നത്. ചില ഓർത്തഡോക്സ് വൈദികർ പരസ്യമായി ബിജെപിക്കായി രംഗത്തിറങ്ങിയ കോന്നിയിൽ അന്തിമ ചിത്രം എന്താകുമെന്നത് അനിശ്ചിതത്വത്തിലാണ്. എന്തായാലും, സാമുദായിക നേതൃത്വങ്ങൾക്കും ഈ ഫലം ഏറെ നിർണ്ണായകം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

പാലതെരഞ്ഞെടുപ്പിലൂടെ നേടിയ മേൽക്കൈ നിലനിർത്താൻ എൽഡിഎഫിന് രണ്ട് വിജയമെങ്കിലും കുറഞ്ഞത് അനിവാര്യമാണ്.  വട്ടിയൂർക്കാവ് കോന്നി സിറ്റിംഗ് സീറ്റുകൾ തന്നെയാണ് യുഡിഎഫിന്‍റെ വെല്ലുവിളി. വിധി മറിച്ചായാൽ രമേശ് ചെന്നിത്തല മാത്രമല്ല കെ മുരളീധരനും അടൂർപ്രകാശും ഉത്തരംപറയേണ്ടി വരുമെന്നുറപ്പാണ്. പാലക്ക് പിന്നാലെയുള്ള തോൽവികൾ പ്രതിപക്ഷത്തെയും തളർത്തും. 

അതേസമയം, വട്ടിയൂർക്കാവും കോന്നിയും മഞ്ചേശ്വരവും ബിജെപിക്ക് അഭിമാനപ്രശ്നമാണ്. കുമ്മനത്തെ മാറ്റി സുരേഷിനെ പരീക്ഷിച്ച വട്ടിയൂർക്കാവിൽ ഗ്രാഫ് താഴോട്ടെങ്കിൽ കുറയുന്ന ഓരോ വോട്ടും സംസ്ഥാന നേതൃത്വത്തിന്‍റെ ഉറക്കം കെടുത്തും. കഴിഞ്ഞ തവണ കെ സുരേന്ദ്രന്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാറിന്‍റെ പ്രകടനം ഉറ്റുനോക്കുകയാണ്.  

അഞ്ച് മണ്ഡലങ്ങളിലും വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങളും പൂർത്തിയായി. ഇവിഎമ്മിനൊപ്പം ഓരോ മണ്ഡലത്തിലെ അ‌ഞ്ച് വിവിപാറ്റുകളും എണ്ണി ഫലം താരതമ്യം ചെയ്യും. രാവിലെ എട്ടരയോടെ തന്നെ ആദ്യ ഫലം പുറത്തുവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.രാഷ്ട്രീയകേരളത്തിന് ഇനി കാത്തിരിപ്പിന്‍റെ മണിക്കൂറുകളാണ്.

വോട്ടെണ്ണൽ ഇങ്ങനെ

രാവിലെ എട്ടിന് തപാൽ വോട്ടുകൾ ഒരു ടേബിളിൽ എണ്ണിത്തുടങ്ങും. അപ്പോൾ തന്നെ സ്ട്രോങ് റൂമിൽ നിന്ന് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണുന്ന 14 മേശകളിലേക്ക് മാറ്റിത്തുടങ്ങും. ഒരു റൗണ്ടിൽ 14 മെഷീനുകൾ എണ്ണും. ഇങ്ങനെ 12 റൗണ്ടുകളിലൂടെ വോട്ടെണ്ണൽ പൂർത്തിയാകും. ഓരോ മണ്ഡലത്തിലെയും 5 ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും നറുക്കിട്ടെടുത്ത് എണ്ണും.

ഫലം ഉച്ചയോടെ

ഓരോ റൗണ്ട് കഴിയുമ്പോഴും സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ പ്രഖ്യാപിക്കും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും ജയപരാജയങ്ങൾ ഉച്ചയോടെ തന്നെ പുറത്തറിയും.

click me!