അരൂരിലെ തോല്‍വി അന്വേഷിക്കും, പൂതന പരാമർശം തിരിച്ചടിയായെന്ന് സിപിഎം സെക്രട്ടേറിയേറ്റ്; ശങ്കർ റേയ്ക്കും വിമർ‍ശനം

By Web TeamFirst Published Oct 25, 2019, 2:10 PM IST
Highlights

കേരളത്തിൽ എൽഡിഎഫ് അനുകൂല സാഹചര്യം രൂപപ്പെട്ടപ്പോഴും സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത് ഏറെ ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്. പൂതന പരാമർശം സ്ത്രീകൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം വിലയിരുത്തുന്നു,

തിരുവനന്തപുരം: അരൂരിലെ ഉപതെര‍‍ഞ്ഞെടുപ്പ് തോൽവിയിൽ  ജി സുധാകരന്‍റെ പൂതന പരാമർശം തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ആലപ്പുഴ ജില്ലാ കമ്മിറ്റി അരൂരിലെ തോൽവി അന്വേഷിക്കും. എറണാകുളത്ത് പാർട്ടി വോട്ടുകൾ ബൂത്തിലെത്തിക്കുന്നതിൽ വീഴ്ച പറ്റിയെന്നും നാലായിരത്തിലധികം പാർട്ടി വോട്ടുകൾ പോൾ ചെയ്തില്ലെന്നും പാർട്ടി സെക്രട്ടേറിയേറ്റ് വിമർശിച്ചു. മഞ്ചേശ്വരത്തെ ശങ്കർ റൈയുടെ വിശ്വാസ നിലപാടുകൾക്കും സെക്രട്ടേറിയറ്റിൽ വിമർശനം. 

കേരളത്തിൽ എൽഡിഎഫ് അനുകൂല സാഹചര്യം രൂപപ്പെട്ടപ്പോഴും സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത് ഏറെ ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്. പൂതന പരാമർശം സ്ത്രീകൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം വിലയിരുത്തുന്നു, വിഷയം ആലപ്പുഴ ജില്ലാ കമ്മിറ്റി വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും.കൊല്ലങ്ങളായി ചുവപ്പ് കോട്ടയായിരുന്ന അരൂർ കൈവിട്ടതിന്‍റെ ഞെട്ടലിലാണ് എൽഡിഎഫ്. സിപിഎം ശക്തികേന്ദ്രങ്ങളിൽ പോലും യുഡിഎഫ് ലീഡ് നേടിയത് കണ്ടു നിൽക്കാനെ ഇടതു മുന്നണിക്ക് കഴിഞ്ഞുള്ളൂ. ഇടത് ശക്തികേന്ദ്രങ്ങളായ പാണാവള്ളി, പെരുമ്പളം, പള്ളിപ്പുറം പഞ്ചായത്തുകളിൽ ദയനീയ പ്രകടനം ആണ് എൽഡിഎഫ് കാഴ്ച വച്ചത്. ലീഡ് പ്രതീക്ഷിച്ചിരുന്ന തുറവൂരിലും വലിയ തിരിച്ചടി നേരിട്ടു. ജില്ലയിലെ മൂന്ന് മന്ത്രിമാരും പ്രധാന നേതാക്കളും അടക്കം മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിട്ടും ഫലമുണ്ടായില്ല.

Read more at: 'അരൂരിൽ സഹതാപമല്ല, 35 വോട്ടിന് ജയിക്കുമെന്നായിരുന്നു ഞങ്ങളുടെ വിലയിരുത്തൽ': ജി സുധാകരൻ ...
 

തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രി ജി സുധാകരന്‍റെ വിവാദ പരാമർശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. എന്നാൽ പൂതനയെന്ന് വിളിച്ചിട്ടില്ലെന്നും. പൂതനയെന്ന കഥാപാത്രത്തെ പരാമർശിച്ചിക്കുകയാണെ് ചെയ്തതെന്നുമായിരുന്നു സുധാകരന്‍റെ വിശദീകരണം. കുടുംബ യോഗത്തിൽ കടന്നുകയറി ചില മാധ്യമപ്രവർത്തകർ അധാർമ്മികമായി നടത്തിയ വ്യാജ പ്രചാരണമാണെന്നായിരുന്നു ന്യായീകരണം. വിഷയത്തിൽ യുഡിഎഫ് നൽകിയ പരാതി കളക്ടർ തള്ളിയിരുന്നു.

click me!