Asianet News MalayalamAsianet News Malayalam

നായർ വോട്ട് ബാങ്കിൽ നിന്ന് സുകുമാരൻ നായരിലേക്ക് 'ശരി'ക്കും എത്രയാണ് ദൂരം?

പെരുന്നയിലിരുന്ന് സ്വന്തം സമുദായത്തിന് മേൽ സർവസ്വാധീനമുള്ളയാളായി ഇനി സുകുമാരൻ നായർക്ക് സ്വയം അവരോധിക്കാനാകില്ല. വട്ടിയൂർക്കാവിൽ പരസ്യമായി സ്വന്തം സംഘടനയുടെ ഭാരവാഹിയെ ഇറക്കിയിട്ട് പോലും രക്ഷയുണ്ടായില്ല. 

nss and sukumaran nair fails as an influential caste leader
Author
Perunna, First Published Oct 24, 2019, 7:26 PM IST

പെരുന്ന: നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി പറഞ്ഞാൽ നായർ സമുദായം മൊത്തത്തിൽ വോട്ട് മാറ്റിക്കുത്തുമോ? വളരെ സുപ്രധാനമായ ഈ ചോദ്യത്തിന് തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അഞ്ച് ഉപതെരഞ്ഞെടുപ്പുകൾ മറുപടി നൽകുന്നത്. മുന്നാക്കക്കാർക്കായി സിപിഎം എന്ത് ചെയ്തുവെന്ന് തുറന്ന് ചോദിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി വിജയദശമി ദിവസം സമദൂരം വിട്ട് ശരിദൂരത്തിലേക്ക് നീങ്ങിയ ഉപതെരഞ്ഞെടുപ്പ് കൂടിയാണിത്. 

സുകുമാരൻ നായരുടെ വിജയദശമി പ്രസംഗം

എൽഡിഎഫിനെതിരെ എൻഎസ്എസ് തുറന്ന രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്, രാഷ്ട്രീയ രംഗത്ത് വലിയ കോളിളക്കങ്ങളുണ്ടാക്കി. ''സംസ്ഥാനസർക്കാരിനെതിരെത്തന്നെയാണ് പ്രതികരിക്കേണ്ടത്. സമദൂരമാണെങ്കിലും ഒരു ശരിദൂരം കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുന്നു'', എന്ന സുകുമാരൻ നായരുടെ പ്രസ്താവന ചെറിയ അലയൊലികളല്ല തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടാക്കിയത്.

ആദ്യം എൻഎസ്എസ്സിനോട് ശത്രുതാനിലപാടില്ലെന്ന് പറഞ്ഞ കോടിയേരി പക്ഷേ, വട്ടിയൂർക്കാവിൽ യുഡിഎഫിനായി എൻഎസ്എസ് ഭാരവാഹികൾ തന്നെ രംഗത്തിറങ്ങിയത് കണ്ടപ്പോൾ സ്വരം കടുപ്പിച്ചു, ആഞ്ഞടിച്ചു.സിപിഎമ്മിന്‍റെ മേയർ വി കെ പ്രശാന്തിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻകുമാറിന് വേണ്ടി കളത്തിലിറങ്ങി നേരിട്ട് പ്രചാരണം നടത്തുന്നത് എൻഎസ്എസ്സിന്‍റെ ഭാരവാഹിയാണെന്ന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്യുന്നത് ഏഷ്യാനെറ്റ് ന്യൂസാണ്.

ശരിദൂരമെന്നാൽ യുഡിഎഫ് അനുകൂല നിലപാടാണെന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ സംഗീത് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. തുറന്ന പ്രചാരണം നടത്തുന്ന വാർത്ത പുറത്തു വരുന്നു. പിന്നാലെ, അതുവരെ എൻഎസ്എസ്സിനോട് മൃദുനിലപാടെടുക്കുന്ന കോടിയേരി, നിലപാട് മാറ്റുന്നു. വീണ്ടും ശക്തമായ വിമർശനവുമായി രംഗത്തെത്തുന്നു. പണ്ടൊരു പാർട്ടിയുണ്ടാക്കിയത് ഓർമയില്ലേ എന്നാണ് കോടിയേരി ചോദിച്ചത്.

എൻഎസ്എസ് ജനറൽ സെക്രട്ടറിയെന്താ യുഡിഎഫ് കൺവീനറാണോ എന്ന് പരിഹസിച്ചു. പാലായിൽ ജീവച്ഛവമായ യുഡിഎഫിന് ജീവൻ കൊടുക്കാൻ പാടുപെടുകയാണ് എൻഎസ്എസ്സെന്ന് ആഞ്ഞടിച്ചു. എൻഎസ്എസ്സിനെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തുകയും ചെയ്തു. 

എൻഎസ്എസ് ആഹ്വാനം ഫലം ചെയ്തോ?

ഇല്ലെന്ന് തന്നെ വിലയിരുത്തേണ്ടി വരും. പ്രത്യേകിച്ച് കോന്നി - വട്ടിയൂർക്കാവ് ഫലങ്ങൾ വിലയിരുത്തിയാൽ. എൻഎസ്എസ് വോട്ടുകൾ കോന്നിയിൽ എൻഡിഎയ്ക്കും വട്ടിയൂർക്കാവിൽ യുഡിഎഫിനും മറിയുമെന്നായിരുന്നു വിലയിരുത്തൽ. വട്ടിയൂർക്കാവിൽ ചിലപ്പോൾ മേയർ വി കെ പ്രശാന്ത് ചെറിയ വോട്ടുകൾക്ക് തോൽക്കും, അല്ലെങ്കിൽ ചെറിയ ഭൂരിപക്ഷത്തിന് ജയിക്കും, അതുമല്ലെങ്കിൽ കടന്നു കൂടുന്നത് ബുദ്ധിമുട്ടാകും എന്നതൊക്കെയായിരുന്നു വിലയിരുത്തൽ. എന്നാൽ നഗരമേഖലയായ വട്ടിയൂർക്കാവ് മുഴുവൻ മനസ്സോടെ വി കെ പ്രശാന്തിനൊപ്പം നിൽക്കുന്നതാണ് കണ്ടത്. 

 

 

 

ശാസ്തമംഗലം പോലുള്ള ഇടങ്ങളിൽപ്പോലും വലിയ ഭൂരിപക്ഷം നേടാൻ യുഡിഎഫിനായില്ല. ഒരു സമുദായത്തിന്‍റെ പിന്തുണ കിട്ടുമെന്ന് തുറന്ന് പറഞ്ഞതോടെ, മറ്റ് സമുദായങ്ങൾ എതിരായെന്ന് കെ മോഹൻ കുമാർ തന്നെ തുറന്നു പറഞ്ഞു, ആദ്യ മണിക്കൂറുകളിൽത്തന്നെ. ക്രിസ്ത്യൻ വോട്ടുകളെല്ലാം പ്രശാന്തിന്‍റെ പെട്ടിയിൽ വീണതോടെ, കാര്യങ്ങൾ മാറി മറിഞ്ഞു. മൂന്നാം സ്ഥാനത്ത് നിന്ന് വി കെ പ്രശാന്ത് ഒന്നാം സ്ഥാനത്തേക്ക് മികച്ച ഭൂരിപക്ഷത്തോടെ കുതിച്ച് കയറി.

ശരിദൂരം തന്നെയാണ് പ്രശ്നമായതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയുടെ പ്രസ്താവനയും ഇതിന്‍റെ കൂടെ ചേർത്ത് വായിക്കണം. സാമുദായിക സംഘടനകൾ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് ചട്ടമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാന്വൽ ഉയർത്തിക്കാട്ടിയാണ് ടിക്കാറാം മീണ പറഞ്ഞത്. ഇതിനെതിരെ എൻഎസ്എസ് നിയമനടപടി സ്വീകരിക്കാൻ പോവുകയാണെങ്കിലും. 

ഇനി ഇത്തരമൊരു പ്രഖ്യാപനം നടത്തുമ്പോൾ, ജി സുകുമാരൻ നായർ ഒന്നുകൂടി ഇരുത്തിച്ചിന്തിക്കും. സ്ഥാനാർത്ഥിയെ നോക്കിയാണ്, അല്ലാതെ ജാതി നോക്കിയല്ല, ഇവിടെ ജനങ്ങൾ വോട്ടു കുത്തുന്നതെന്ന മേയർ വി കെ പ്രശാന്തിന്‍റെ പ്രസ്താവന കൂടി കേൾക്കുമ്പോൾ പ്രത്യേകിച്ച്. 

Follow Us:
Download App:
  • android
  • ios