ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്ന് മോഹൻ രാജ്, ജയം ഉറപ്പെന്ന് സുരേന്ദ്രൻ; കോന്നി ആർക്കൊപ്പം?

By Web TeamFirst Published Oct 24, 2019, 7:00 AM IST
Highlights

വിജയപ്രതീക്ഷയിലാണെന്ന് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനും, ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്ന ഉറച്ച വിശ്വാസത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻ രാജും പതിനായിരം വോട്ടിന് ജയിക്കുമെന്നാണ് നേരത്തെയുള്ള ഇടത് പ്രതീക്ഷ. 

കോന്നി: വാശിയേറിയ ത്രികോണ മത്സരം നടന്ന കോന്നിയിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ ശുഭപ്രതീക്ഷയിലാണ്. ശക്തമായ പോരാട്ടം നടത്തിയെന്നും വിജയപ്രതീക്ഷയിലാണെന്നും ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോൾ ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻ രാജ്. 

പോളിംഗിലുണ്ടായ ചെറിയ കുറവ് യുഡിഎഫിനും എൽഡിഎഫിനും എതിരെയുള്ള വികാരമാണെന്ന് കെ സുരേന്ദ്രൻ അവകാശപ്പെടുന്നു. അടൂർ പ്രകാശിന് ശേഷം കോന്നിയിൽ താൻ തന്നെയായിരിക്കും എംഎൽഎ എന്നാണ് പി മോഹൻരാജ് അവസാന നിമിഷവും അവകാശപ്പെടുന്നത്. കോന്നിയിൽ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിയുമെന്നാണ് ഇടത് സ്ഥാനാർത്ഥി കെ യു ജനീഷ് കുമാറിന്റെ നേരത്തെയുള്ള പ്രതീക്ഷ.

മലയോരമേഖലകളിലടക്കം ശക്തികേന്ദ്രങ്ങളിൽ മെച്ചപ്പെട്ട പോളിംഗ് ഉണ്ടായി എന്നതാണ് ഇടതിന് പ്രതീക്ഷ  നൽകുന്നത്. അടൂർ പ്രകാശിനെ എന്നും തുണയായ ഈഴവ വോട്ട് ബാങ്ക് ഇത്തവണ തങ്ങൾക്കൊപ്പം നിന്നെന്നാണ് ഇടത് വിലയിരുത്തൽ. അടൂർ പ്രകാശിനെ ഒന്നും അല്ലാതാക്കിയ യുഡിഎഫ് നേതൃത്വത്തോടുള്ള അനുയായികളുടെ എതിർപ്പ് ഇടത് പാളയത്തിലേക്ക് വോട്ടായി എത്തുമെന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നു. അടൂർ പ്രകാശിനെ കടന്നാക്രമിച്ച് നടത്തിയിരുന്ന സിപിഎം പ്രചാരണത്തിൽ ഇത്തവണ അടൂരിനെ കുറിച്ച് മൌനം പാലിച്ചതും ഇതേ കണക്കുകൂട്ടലിൽ തന്നെയായിരുന്നു. ന്യൂനപക്ഷ വോട്ടുകളിലെ നല്ല വിഹിതവും ഇത്തവണ ലഭിക്കുമെന്നുമാണ് ഇടത് മുന്നണി കരുതുന്നത്.  

മറുവശത്ത് എൻഎസ്എസ് പിന്തുണ ലഭിച്ചതും പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരിക്കുന്ന ക്രിസ്ത്യൻ വോട്ടുകൾ നഷ്ടമായിട്ടില്ലെന്നതുമാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രതീക്ഷ. യുഡിഎഫിൽ ഒരു തരത്തിലുള്ള അനൈക്യവും ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആവർത്തിക്കുന്നു. 

ഒരു വിഭാഗം ഓർത്തഡോക്സ് സഭാ വിശ്വാസികളുടെ പിന്തുണയും ശബരിമല വിഷയവും ഇക്കുറിയും തുണക്കുമെന്നുമാണ് എൻഡിഎ സ്ഥാനാ‍ർത്ഥിയുടെ കണക്ക് കൂട്ടൽ. യുഡിഎഫിലെ അടിയൊഴുക്ക് അനുകൂലമാകുമെന്നും കെ സുരേന്ദ്രൻ കരുതുന്നു.

കോൺഗ്രസിലെ സംഘടനാപ്രശ്നങ്ങളും പ്രാദേശിക വിഷയങ്ങളും നിലനിൽക്കെ തന്നെ ത്രികോണമത്സരത്തിനൊടുവിൽ മതസാമുദായിക സമവാക്യങ്ങൾ തന്നെയായിരിക്കും കോന്നിയിൽ വിജയം നിർണയിക്കുന്ന ഘടകമെന്നാണ് വിലയിരുത്തപ്പെടുന്നത്.

click me!