ത്രികോണപ്പോരില്‍ 'കോന്നി' ആര് നേടും; വാദപ്രതിവാദങ്ങളുമായി മുന്നണികള്‍

By Web TeamFirst Published Oct 20, 2019, 5:53 PM IST
Highlights

കെ സുരേന്ദ്രൻ മതചിഹ്നങ്ങൾ പ്രചാരണത്തിനുപയോഗിച്ചെന്ന് കാണിച്ച് യുഡിഎഫും , എൽഡിഎഫും പരാതി നൽകി. എന്നാൽ പ്രചാരണ ഗാനം മോർഫ് ചെയ്ത് തനിക്കെതിരെ പ്രചരിപ്പിക്കുകയാണെന്നാരോപിച്ച്   സുരേന്ദ്രനും രംഗത്തെത്തി.

കോന്നി: നിശബ്ദ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും ത്രികോണപ്പോരിന്റെ ഫലം അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണ് കോന്നിയിലെ മുന്നണി സ്ഥാനാര്‍ത്ഥികൾ. മതപരമായ ചിഹ്നങ്ങൾ പ്രചാരണത്തിന് ബിജെപി ഉപയോഗിക്കുന്നു എന്ന് ഇടത് വലത് മുന്നണികൾ പരാതി നൽകി. മണ്ഡലത്തിന് പുറത്തുനിന്നെത്തിയ എൽഡിഎഫ് എൻഡിഎ നേതാക്കളെ പുറത്താക്കണമെന്ന് യുഡിഎഫ് കളക്ടറോട് ആവശ്യപ്പെട്ടു. ആരോപണങ്ങൾ തള്ളി ബിജെപി രംഗത്തെത്തി.

വീടുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് മുന്നണികള്‍ അവസാനഘട്ടത്തില്‍ നടത്തിയത്. പരമാവധി വോട്ടര്‍മാരെയും  ഒരിക്കൽ കൂടി നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലും അവസാന അടവും പുറത്തെടുത്ത് പോളിംഗ് ബൂത്തിലേക്ക് നീങ്ങാനൊരുങ്ങുമ്പോൾ മുന്നണികൾ മൂന്നും ഒരുപോലെ ആത്മ വിശ്വാസത്തിലാണ്.

അതിനിടെ, കോന്നിയിലെ എൻ ഡി എ  സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മതചിഹ്നങ്ങൾ പ്രചാരണത്തിനുപയോഗിച്ചെന്ന് കാണിച്ച് യുഡിഎഫും , എൽഡിഎഫും പരാതി നൽകി. എന്നാൽ പ്രചാരണ ഗാനം മോർഫ് ചെയ്ത് തനിക്കെതിരെ പ്രചരിപ്പിക്കുകയാണെന്നാരോപിച്ച്   സുരേന്ദ്രനും രംഗത്തെത്തി. പരാതി പരിശോധിച്ച് വരികയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Read Also: മതചിഹ്നം ഉപയോഗിച്ചു, സുരേന്ദ്രനെതിരെ പരാതിയുമായി ഇടതുവലതു മുന്നണികള്‍

ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്റെ പടവും അധികാര ചിഹ്നവും ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നായിരുന്നു എൽഡിഎഫിന്റെയും യുഡിഎഫിന്റേയും പരാതി. പ്രചാരണത്തിന് തയ്യാറാക്കിയ ഗാനത്തിൽ ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻറെ ചിത്രവും കെ സുരേന്ദ്രന്‍റെ ചിത്രവും ചേർത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ഇരുമുന്നണികളും ആരോപിക്കുന്നത്. 

Read Also:പ്രചാരണഗാനത്തിൽ ഓർത്തഡോക്സ് സഭാദ്ധ്യക്ഷന്റെ ചിത്രം; കെ സുരേന്ദ്രനെതിരെ ജില്ലാ കളക്ടർക്ക് പരാതി

മണ്ഡലത്തിന്റെ പുറത്ത് നിന്ന് എത്തിയ എൽഡിഎഫ്, എൻഡിഎ നേതാക്കൾ കോന്നിയിൽ തങ്ങി ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപവും യുഡിഎഫ് ഉന്നയിച്ചു. വ്യാജ വീഡിയോ ഉപയോഗിച്ച് വ്യക്തിപരമായി ആക്രമിക്കുകയാണെന്നാണ്  കെ സുരേന്ദ്രന്റെ പ്രതികരണം. അതിനിടെ  പുറത്ത് നിന്നുള്ള സിപിഎം , ബിജെപി പ്രവർത്തകർ മണ്ഡലത്തിൽ ക്യാംപ് ചെയ്ത് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുവെന്ന പരാതിയും യുഡിഎഫ് നൽകിയിട്ടുണ്ട്. പരാതികളെല്ലാം അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു.

click me!