മഞ്ചേശ്വരം; 'വിശ്വാസിയുടെ അട്ടിപ്പേറവകാശ'ത്തില്‍ തട്ടി വീണ് സിപിഎം

By Web TeamFirst Published Oct 24, 2019, 6:02 PM IST
Highlights

കീഴ്വഴക്കങ്ങള്‍ തിരുത്തി മഞ്ചേശ്വരത്ത് വിശ്വാസികളെയും ആചാരങ്ങളെയും കൂട്ടുപിടിച്ചാണ് ശങ്കര്‍ റേ ഇടത്പക്ഷത്തിനായി പ്രചാരണം തുടങ്ങിയത്. വിശ്വാസികളുടെ അട്ടിപ്പേറവകാശം ആരുടെയും കുത്തകയല്ലെന്നും ഇടത് സ്ഥാനാര്‍ത്ഥി വിശ്വാസിയായതില്‍ ആര്‍ക്കാണ് പ്രശ്നമെന്ന് ചോദിച്ച്, മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ ശങ്കര്‍ റേക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 


കാസര്‍കോട്: മഞ്ചേശ്വരത്ത് സിപിഎം സംസ്ഥാന സമിതിയംഗം സിഎച്ച് കുഞ്ഞമ്പു സ്ഥാനാര്‍ത്ഥിയാവും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അവസാനനിമിഷം ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ശങ്കര്‍റേയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റികളിലും മണ്ഡലം കമ്മിറ്റികളിലും ചര്‍ച്ച ചെയ്ത ശേഷമാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ അന്ന് പറഞ്ഞത്. 

മത്സര രംഗത്തിറങ്ങിയ ശങ്കര്‍ റേ ആദ്യം പറഞ്ഞത് താന്‍ വിശ്വാസിയായ ഇടത്പക്ഷക്കാരനാണെന്നായിരുന്നു. കീഴ്വഴക്കങ്ങള്‍ തിരുത്തി മഞ്ചേശ്വരത്ത് വിശ്വാസികളെയും ആചാരങ്ങളെയും കൂട്ടുപിടിച്ചാണ് ശങ്കര്‍ റേ ഇടത്പക്ഷത്തിനായി പ്രചാരണം തുടങ്ങിയത്. വിശ്വാസികളുടെ അട്ടിപ്പേറവകാശം ആരുടെയും കുത്തകയല്ലെന്നും ഇടത് സ്ഥാനാര്‍ത്ഥി വിശ്വാസിയായതില്‍ ആര്‍ക്കാണ് പ്രശ്നമെന്ന് ചോദിച്ച്, മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ ശങ്കര്‍ റേക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 

എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ വോട്ടുകള്‍ നേടാന്‍ ശങ്കര്‍ റേക്ക് സാധിച്ചില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി കമറുദ്ദീന്‍ 7923 വോട്ടിന് വിജയിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി 57484 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള ശങ്കര്‍ റേക്ക് 38233 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 2016 ല്‍  പി ബി അബ്ദുള്‍ റസാഖ് 56870 ( മുസ്ലീം ലീഗ്. 89 വോട്ടിന്‍റെ ലീഡ്). കെ സുരേന്ദ്രന്‍ (56781 ബിജെപി). സി എച്ച് കുഞ്ഞമ്പു 42565 സിപിഎം. എന്നിങ്ങനെയായിരുന്നു വോട്ടിങ്ങ് നില. മുന്‍ തവണത്തെക്കാള്‍ 4000 വോട്ടിന്‍റെ കുറവാണ് ശങ്കര്‍ റേ ഇടത്പക്ഷത്തിനായി മഞ്ചേശ്വരത്ത് നേടിയത്.  ഇത്തവണയും മഞ്ചേശ്വരത്ത് മൂന്നാമനാകാനാണ് ഇടത്പക്ഷത്തിന്‍റെ വിധി. 

വിശ്വാസികള്‍ക്കൊപ്പം നിന്നത് വോട്ടായില്ലെന്നായിരുന്നു മഞ്ചേശ്വരം സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റേയുടെ തോല്‍വിയാടുള്ള ആദ്യ പ്രതികരണം. ബിജെപിയിൽ നിന്ന് വോട്ടുകൾ വന്നില്ല. പ്രതീക്ഷിച്ച ഫലമല്ല ലഭിച്ചത്. രണ്ടാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെ പേരിൽ വോട്ട് കിട്ടിയില്ല. അടിയൊഴുക്ക് ഉണ്ടായില്ല. ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്ന ആളെന്ന നിലയിൽ പാർട്ടിക്കതീതമായി കിട്ടുമെന്ന പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്നും എല്‍ഡിഎഫ് വോട്ട് മറിച്ചിട്ടില്ലെന്നും ശങ്കര്‍ റേ പറഞ്ഞു.

click me!