ചാവേറില്‍ നിന്ന് വിജയിയിലേക്ക്; ഇത് ഷാനിമോള്‍ കാത്തിരുന്ന വിജയം

By Web TeamFirst Published Oct 24, 2019, 5:42 PM IST
Highlights


കുത്തിയതോട്, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, അരൂര്‍ എന്നീ ഇടത് ശക്തി കേന്ദ്രങ്ങളില്‍ കാര്യമായ വോട്ടു ചേര്‍ച്ചയുണ്ടാക്കാന്‍ ഷാനിമോള്‍ക്ക് കഴിഞ്ഞു. ഇതോടൊപ്പം തെരഞ്ഞടുപ്പില്‍ തണുത്ത നിലപാടെടുത്ത ആര്‍എസ്എസും ബിജെപിയോട് കാര്യമായ അടുപ്പം കാണിക്കാതിരുന്ന ബിജെഡിഎസും ഷാനിമോള്‍ ഉസ്മാന്‍റെ വിജയഘടകമായി മാറിയെന്ന് വേണം കരുതാന്‍.
 

ആലപ്പുഴ: ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിലെ ചാവേറുകളെന്ന് അറിയപ്പെട്ടിരുന്ന രണ്ട് പേരാണ് രാജ്മോഹന്‍ ഉണ്ണിത്താനും ഷാനിമോള്‍ ഉസ്മാനും. രണ്ട് പേരും മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളും തോറ്റിട്ടുണ്ടെന്നതാണ് ഇരുവരെയും ഒന്നിച്ച് നിര്‍ത്തിയിരുന്ന ഘടകം. ഏറെ നാളത്തെ തോല്‍വിക്ക് ശേഷമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിന്ന് മത്സരിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ ജയിച്ചത്. അതിന് പുറകേ ഇപ്പോള്‍ ഷാനിമോള്‍ ഉസ്മാനും അരൂരില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചിരിക്കുന്നു. 

അരൂര്‍ കഴിഞ്ഞ 54 വര്‍ഷമായി ഇടത്പക്ഷത്തിനൊപ്പമായിരുന്നു. 2016 ല്‍ വന്‍ ഭൂരിപക്ഷത്തോടെ അരൂരില്‍ നിന്ന് വിജയിച്ച എം എ ആരിഫ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഏക ഇടത്പക്ഷ പ്രതിനിധിയായി കേരളത്തില്‍ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അങ്ങനെ  20 ലോകസഭാ മണ്ഡലങ്ങളില്‍ നിന്ന് 'കനലൊരു തരി മതി' എന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ആരിഫ് ദില്ലിക്ക് വണ്ടി കയറിയത്. 

2016 ല്‍  നടന്ന തെരഞ്ഞെടുപ്പില്‍ എ എം ആരിഫ് (സിപിഎം) 84720 വോട്ടും സി ആര്‍ ജയപ്രകാശ് (കോണ്‍ഗ്രസ്) 46201, ടി അനിയപ്പന്‍ (ബിജെഡിഎസ്) 27753 എന്നിങ്ങനെയായിരുന്നു അരൂരിലെ വോട്ടിങ്ങ് നില. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ കറുത്ത കുതിരയായി ഷാനിമോള്‍ ഉസ്മാന്‍ തിരിച്ച് വന്നു. 1955 എന്ന ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും കുറവ് ഭൂരിപമാണ് ഷാനിമോളിന് ലഭിച്ചത്. അവസാന നിമിഷം മനു സി പുളിക്കലിന് വിജയപ്രതീക്ഷയുടെ നേരിയൊരു പ്രതീക്ഷയുണ്ടായിരുന്നതും തല്ലിക്കെടുത്തിയായിരുന്നു ഷാനിമോളുടെ വിജയം. 

കുത്തിയതോട്, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, അരൂര്‍ എന്നീ ഇടത് ശക്തി കേന്ദ്രങ്ങളില്‍ കാര്യമായ വോട്ടു ചേര്‍ച്ചയുണ്ടാക്കാന്‍ ഷാനിമോള്‍ക്ക് കഴിഞ്ഞു. ഇതോടൊപ്പം തെരഞ്ഞടുപ്പില്‍ തണുത്ത നിലപാടെടുത്ത ആര്‍എസ്എസും ബിജെപിയോട് കാര്യമായ അടുപ്പം കാണിക്കാതിരുന്ന ബിജെഡിഎസും ഷാനിമോള്‍ ഉസ്മാന്‍റെ വിജയഘടകമായി മാറിയെന്ന് വേണം കരുതാന്‍.

എംഎല്‍എയായിരുന്ന ആരിഫ് ലോകസഭാ തെര‍ഞ്ഞെടുപ്പിന് രംഗത്തിറങ്ങിയപ്പോഴും അരൂരില്‍ ഇടത് വോട്ട് വിഹിതത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. ആ തിരിച്ചടി യഥാര്‍ത്ഥമായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് മുതല്‍ അരൂരിലെ ജനങ്ങള്‍ കഴിഞ്ഞ 54 വര്‍ഷത്തെ തങ്ങളുടെ നിലപാടുകളെ പുനപരിശോധിച്ച് തുടങ്ങിയത് തിരിച്ചറിയാന്‍ ഇടത്പക്ഷത്തിന് കഴിയാതെ പോയി. മാത്രമല്ല, അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ അടുത്തടുത്തായി രണ്ടാം തവണയാണ് അരൂരില്‍ മത്സരത്തിനിറങ്ങിയത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ആരിഫിനോട് ഏറ്റുമുട്ടി തോറ്റത് ഷാനിമോള്‍ ഉസ്മാന്‍ തന്നെയായിരുന്നു. 

പ്രചാരണ വേളയില്‍ മന്ത്രി ജി സുധാകരന്‍, ഷാനിമോള്‍ ഉസ്മാനെതിരെ 'പൂതനാ' പരാമര്‍ശനം നടത്തിയതും ഇടത്പക്ഷത്തിനേറ്റ തിരിച്ചടിയായി. എന്നാല്‍ താന്‍ ഷാനിയെ അങ്ങനെ വിളിച്ചിട്ടില്ലെന്നും ഷാനി പെങ്ങളെ പോലെയാണെന്നുമായിരുന്നു ജി സുധാകരന്‍ പിന്നീട് പറഞ്ഞത്.  ജി സുധാകരന്‍റെ ജില്ലയില്‍ ഏറ്റുവാങ്ങിയ തോല്‍വി ഇടത്പക്ഷത്തെ അടുത്ത തെരഞ്ഞെടുപ്പുകളിലും വേട്ടയാടാന്‍ സാധ്യതയുണ്ടെന്ന് തന്നെ വേണം കരുതാന്‍. ലോകസഭയിലെ കേരളത്തില്‍ നിന്നുള്ള ഏക ഇടത് പ്രതിനിധിയായ എം എഫ് ആരിഫിനും തന്‍റെ മണ്ഡലത്തിലേറ്റ തോല്‍വിയുടെ കണക്കുകള്‍ നിരത്തേണ്ടിവരും. 

വോട്ടെടുപ്പിന് തൊട്ട് മുമ്പ് പത്രപ്രവര്‍ത്തകര്‍ വിജയപ്രതീക്ഷയേ കുറിച്ച് ചോദിച്ചപ്പോള്‍ 'കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകും' എന്ന ഷാനിമോളുടെ മറുപടി അച്ചെട്ടായിരിക്കുന്നു.  കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആരിഫിനോട് തോറ്റെങ്കിലും അരൂരില്‍ ലീഡുയര്‍ത്താന്‍ ഷാനിമോള്‍ ഉസ്മാനായിരുന്നു. അന്ന് ഉയര്‍ത്തിയ ലീഡ് ഇന്നും നിലനില്‍ത്താന്‍ ഷാനിമോള്‍ ഉസ്മാന് കഴിഞ്ഞു. 
 

click me!