മുരളീധരന്‍റെ ബൂത്തിലും വിജയം നേടിയ 'മേയര്‍ തരംഗം'; എന്‍എസ്എസിന് കിട്ടിയതും കനത്ത പ്രഹരം

By Web TeamFirst Published Oct 24, 2019, 6:12 PM IST
Highlights

മുൻ എംഎൽഎ കെ മുരളീധരൻ വോട്ടു ചെയ്ത ജവഹർ നഗർ സ്കൂളിലെ ബൂത്തിലും ഇടതുമുന്നണി 45 വോട്ടിന്‍റെ ലീഡ് നേടി

തിരുവനന്തപുരം: സാമുദായിക-ജാതി രാഷ്ട്രീയം ചർച്ചയായ വട്ടിയൂർക്കാവിൽ എല്ലാ സമവാക്യങ്ങളും കാറ്റിൽപ്പറത്തിയാണ് എൽഡിഎഫിന്‍റെ ജയം. എൻ എസ് എസിന് ആധിപത്യമുണ്ടെന്ന് കരുതപ്പെട്ടിരുന്ന മേഖലകളിലും കണ്ടത് മേയർ ബ്രോ തരംഗം തന്നെയായിരുന്നു. കെ.മുരളീധരന്‍റെ ബൂത്തിലും യുഡിഎഫ് സ്ഥാനാർത്ഥി പിന്നിൽ പോയെന്നതാണ് മറ്റൊരു വസ്തുത.

ശരിദൂര പരസ്യനിലപാട് എൻഎസ്എസ് കൈകൊണ്ടപ്പോള്‍ സമുദായ നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് വട്ടിയൂര്‍ക്കാവിലെ ജനത കരുതിവച്ചിരുന്നത്. നായർ സ്വാധീന മേഖലയായ ശാസ്തമംഗലം, പിടിപി, വലിയവിള, വട്ടിയൂർക്കാവ്, നെട്ടയം, വാഴോട്ടുകോണം,കൊടുങ്ങാന്നൂർ, മുട്ടട, കേശവദാസപുരം വാർഡുകളിലെല്ലാം വി കെ പ്രശാന്ത് ഒന്നാമതെത്തി. എൻഎസ്എസ് ശക്തികേന്ദ്രമെന്ന് വിശേഷിക്കപ്പെടുന്ന ശാസ്തമംഗലത്ത് യുഡിഎഫിന് മൂന്നാംസ്ഥാനം മാത്രം. മത സാമുദായിക ഘടകങ്ങൾക്കപ്പുറം മണ്ഡലത്തിലുടനീളം പ്രതിഫലിച്ചത് മേയർ ബ്രോ തരംഗമെന്ന് വ്യക്തമാക്കുന്നതാണ് ഫലം.

സാധാരണ നിലയിൽ യുഡിഎഫ് ലീഡ് നേടുന്ന ക്രൈസ്തവ വോട്ടർമാർ നിർണ്ണായകമായ കിണവൂർ, കുന്നുകുഴി, കണ്ണമ്മൂല, പാതിരിപ്പള്ളി വാർഡുകളിലും എൽഡിഎഫിന് മേൽക്കൈ നേടാനായി. യുഡിഎഫ് ശക്തികേന്ദ്രമായ കിണവൂർ മറിഞ്ഞപ്പോൾ തന്നെ ന്യൂനപക്ഷ മേഖലകളിലെയും ട്രെൻ‍ഡ് വ്യക്തമായി. എൻ എസ് എസ് പരസ്യ നിലപാടിന് ബദലായി ഒബിസി മുസ്ലീം-എസ്‍സി വോട്ടുകൾ കേന്ദ്രീകരിക്കുമെന്ന എൽഡിഎഫ് നിഗമനവും തെറ്റിയില്ല.

മുൻ എംഎൽഎ കെ മുരളീധരൻ വോട്ടു ചെയ്ത ജവഹർ നഗർ സ്കൂളിലെ ബൂത്തിലും ഇടതുമുന്നണി 45 വോട്ടിന്‍റെ ലീഡ് നേടി. ബിജെപി വിജയിച്ച ഒൻപത് ഒൻപത് കോർപ്പറേഷൻ വാർഡുകളിലും എൽഡിഎഫ് മുന്നിലെത്തി. വി കെ പ്രശാന്തിലൂടെയുള്ള എൽഡിഎഫിന്‍റെ ഉദയം വട്ടിയൂർക്കാവിൽ എൽഡിഎഫിന് സ്വപ്ന തുല്യമാണെന്നാണ് വിലയിരുത്തലുകള്‍.

click me!