കോന്നിയിൽ പോളിംഗ് ദ്രുതഗതിയിൽ; മലയോരമേഖലയും തെരഞ്ഞെടുപ്പിൽ സജീവം

By Web TeamFirst Published Oct 21, 2019, 2:59 PM IST
Highlights

75 ശതമാനത്തിലധികം പോളിംഗ് ആണ് മണ്ഡലത്തിൽ മുന്നണികൾ കണക്കു കൂട്ടുന്നത്. പോളിംഗ് ശതമാനം ഇത്രയും ഉയർന്നാൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് മൂന്ന് മുന്നണികളും കണക്ക് കൂട്ടുന്നു...

കോന്നി:വോട്ടിംഗിന്റെ ആദ്യമണിക്കൂറിൽ മഴ സാരമായി ബാധിച്ച കോന്നിയിൽ പോളിംഗ് നില മെച്ചപ്പെടുന്നു. മഴയ്ക്ക് നേരിയ ശമനം ഉണ്ടായതിനെ തുടർന്ന് ഉച്ചയോടെ വോട്ടിംഗ് ശതമാനം നാൽപ്പത് കടന്നു. എന്നാൽതുടർച്ചയായി പെയ്ത മഴയിൽ  മലയോര മേഖല ദുരിത കയത്തിലായി. പല വീടുകളും മഴ വെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടതോടെ ആളുകൾക്ക് പോളിംഗ് ബൂത്തിലേക്ക് എത്താനായില്ല. 

പരമാവധി പേരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കാനായി കാടിളക്കിയുള്ള പ്രചാരണത്തിനാണ് ഇത്തവണ കോന്നി സാക്ഷ്യം വഹിച്ചത്. എന്നാൽ നിനക്കാതെ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ കണ്ടത്.

"

മലയോര ഭാഗങ്ങൾക്ക് പുറമെ കോന്നി പുനലൂർ റൂട്ടിലടക്കം വെള്ളം കയറിയത് നഗരപ്രദേശങ്ങളിലെ ബൂത്തുകളിലും വോട്ടിംഗിനെ ബാധിച്ചു. പക്ഷെ പത്ത് മണിക്ക് ശേഷം ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര കണ്ടു തുടങ്ങി.

 

75 ശതമാനത്തിലധികം പോളിംഗ് ആണ് മണ്ഡലത്തിൽ മുന്നണികൾ കണക്കു കൂട്ടുന്നത്. ഇത്രയും പേർ ബൂത്തുകളിലെത്തിയാൽ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് ആണ് മൂന്ന് മുന്നണികളും കണക്ക് കൂട്ടുന്നത്. എന്നാൽ അത്രത്തോളം പോളിംഗ് ശതമാനം ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.

പല ശക്തികേന്ദ്രങ്ങളിലും പകുതിയിലധികം വോട്ടുകൾ ഉച്ചയോടെ തന്നെ പോൾ ചെയ്യപ്പെട്ടു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് മലയോര മേഖലയിൽ നിന്ന് ധാരാളം പേർ പോളിംഗ് ബൂത്തുകളിൽ എത്തുന്നതും മുന്നണികളുടെ പ്രതീക്ഷ കൂട്ടുന്നു. നായർ ,ഈഴവ, ക്രിസ്ത്യൻ വോട്ട് ബെൽറ്റുകളിലും കനത്ത പോളിംഗ് രേഖപ്പെടുത്തുന്നുണ്ട്.

Read More: 'വിട്ടു നിന്നിട്ടില്ല, വെറുതെ ചർച്ചയാക്കേണ്ട', കോന്നിയിലെ അസാന്നിധ്യത്തെക്കുറിച്ച് അടൂർ പ്രകാശ്...

 

യന്ത്രതകരാറിനെ തുടർന്ന് കോന്നി 23 ആം നമ്പർ പോളിംഗ് ബൂത്തിൽ വോട്ടിംഗ് നിർത്തി വച്ചതൊഴിച്ചാൽ വലിയ രീതിയിൽ അനിഷ്ട സംഭവങ്ങൾ കോന്നിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. 1200 ലധികം സമ്മതിദായകരുള്ള പോളിംഗ് ബൂത്തുകളിൽ ഓരോ ഓഫീസർമാരെ  കൂടി നൽകാൻ ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ പി ബി നൂഹ് ഇതേ തുടർന്ന് നിർദ്ദേശിച്ചിരുന്നു.

ഇന്നലെ അനുവദിച്ച ഉദ്യോഗസ്ഥർ അടക്കം ഈ ബൂത്തുകളിൽ 2 ഉദ്യോഗസ്ഥന്മാർ അധികം ഉണ്ട്. ഇവരുടെ സേവനം യുക്തിപൂർവം പ്രിസൈഡിങ് ഓഫീസർമാർക്ക് വിനിയോഗിക്കാമെന്നും കളക്ടർ നിർദേശിച്ചിരുന്നു.

 

വിശ്വാസവും വികസനവും ചർച്ചയായ കോന്നി മണ്ഡ‍ലത്തിൽ ഇക്കുറി മുൻപെങ്ങും കാണാത്ത വിധം ശക്തമായ ത്രികോണപ്പോരാട്ടം ആണ് നടക്കുന്നത്. 23 വർഷം യുഡിഎഫ് കുത്തകയാക്കി വച്ച മണ്ഡലത്തിൽ കോൺഗ്രസിനൊപ്പം അടൂർ പ്രകാശ് ഇല്ല എന്നത് തന്നെയാണ് ഏറ്റവും ശ്രദ്ധേയം. അടൂർ പ്രകാശിന്റെ എതിർപ്പ് കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കിൽ ചോർച്ച ഉണ്ടാക്കിയാൽ അത് ആർക്ക് ഗുണമാകും? വികസനചർച്ചകൾ എൽഡിഎഫിന് നേട്ടം ഉണ്ടാക്കുമോ? വിശ്വാസ സംരക്ഷണം ബിജെപിയെ തുണയ്ക്കുമോ. കോന്നിയിൽ ചോദ്യങ്ങൾ നിരവധിയാണ്. 

മണ്ണിടിച്ചിൽ, ദുരിതക്കയത്തിൽ മലയോര മേഖല

പോളിംഗ് കാര്യമായി പുരോഗമിക്കുന്നുണ്ടെങ്കിലും കോന്നിയിലെ പല മലയോരമേഖലയിലും പുലർച്ചെ മുതൽ പെയ്ത മഴയിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. കോന്നി ആനക്കൂടിന് സമീപം പൊന്തനാംകുഴി മുടിപ്പിൽ കോളനിയിൽ മണ്ണിടിച്ചിലും ഉണ്ടായി. വീടുകൾ അപകടാവസ്ഥയിലായതിനെ തുടർന്ന് 5 കുടുംബങ്ങളിൽ നിന്ന് 21 പേരെ സമീപത്തെ അംഗണവാടിയിലേക്ക് മാറ്റി പാർപ്പിച്ചു.

 

കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ ഉണ്ടായ മഴവെള്ള പ്പാച്ചിൽ  കനത്ത നാശനഷ്ടങ്ങളാണ് പല ഇടത്തും വരുത്തിയത്. തോട് കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് വീടിന് പുറത്തിറങ്ങാൻ പോലും ആകാത്ത സ്ഥിതിയിലായിരുന്നു കോന്നിയിലെ ചില കോളനി മേഖലകൾ.

 

വീടിങ്ങനെ കിടക്കുമ്പോൾ എങ്ങനെ പോയി വോട്ടിടും ? കളക്ടർ സാർ വന്ന് കണ്ടിട്ടുണ്ട്. ഞങ്ങളെ ഇവിടെ നിന്ന് മാറ്റിത്തരണം... വെള്ളത്തിൽ മുങ്ങിയ വീടുകൾ ചൂണ്ടിക്കാട്ടി കോളനിനിവാസികൾ പറയുന്നു. വീട് മുഴുവൻ വെള്ളത്തിലായെങ്കിലും വസ്തു വകകൾ മറ്റെവിടേക്ക് എങ്കിലും കൊണ്ട് പോകാൻ ഉള്ള വാഹനസൗകര്യം പോലും ഇല്ലെന്നതും ദുരിതത്തിന്റെ ആഴം കൂട്ടുന്നു.

നിലവിൽ ഇവരെ സമീപത്തെ വീടുകളിലേക്ക് മാറ്റി താമസിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ജില്ലാ ഭരണകൂടം നടത്തി വരികയാണ്. അഗ്നിശമന സേനയും നാട്ടുകാരും ഇതിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.

click me!