കോന്നി: മണ്ഡലത്തിൽ വാശിയേറിയ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. എൻഡിഎയുമായി ശക്തമായ മത്സരം, ഇടത് മുന്നണിയുടെ വോട്ട് പ്രതീക്ഷകൾ. യുഡിഎഫ് ശക്തമായ ത്രികോണമത്സരം നേരിടുന്ന കോന്നിയിൽ കഴിഞ്ഞ 23 വർഷം എംഎൽഎയായിരുന്ന, ഇപ്പോൾ ആറ്റിങ്ങൽ എംപിയായ അടൂർ പ്രകാശ് മണ്ഡലത്തിലില്ല. ദില്ലിയിലാണ് അടൂർ പ്രകാശിപ്പോൾ. എംപിയെന്ന നിലയിലും പാർട്ടിയുടെ പാർലമെന്‍ററി സമിതി യോഗം നടക്കുന്നതിനാലും ദില്ലിയിലേക്ക് വന്നതാണെന്നാണ് അടൂർ പ്രകാശിന്‍റെ ഭാഷ്യം. കൊട്ടിക്കലാശത്തിനിടയിലും അടൂർ പ്രകാശിന്‍റെ അസാന്നിധ്യം മണ്ഡലത്തിൽ സജീവ ചർച്ചയായതാണ്. 

ഇത് ചർച്ചയാകില്ലേ, എന്ന ചോദ്യത്തിന്, ഏയ് ഇല്ലെന്ന് അടൂർ പ്രകാശിന്‍റെ മറുപടി.

''താൻ കൊട്ടിക്കലാശത്തിനെത്തിയില്ല എന്നത് മണ്ഡലത്തിൽ ചർച്ചയായിട്ടില്ല, നിങ്ങൾ ചർച്ചയാക്കാതിരുന്നാൽ മതിയെന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട്. കോന്നിയിൽ എംഎൽഎയായിരുന്നെങ്കിലും എനിക്ക് വോട്ട് അടൂരാണ്. പാർലമെന്‍റ് സമിതി യോഗം ഇന്നും നാളെയും ദില്ലിയിലുണ്ടായതിനാലാണ് ഇവിടേക്ക് വന്നത്. അതല്ലാതെ തെരഞ്ഞെടുപ്പ് ദിവസമടക്കം മാറി നിൽക്കുകയല്ല. കുടുംബയോഗങ്ങളിലടക്കം പങ്കെടുത്തതാണ്. കൊട്ടിക്കലാശത്തിനിടെ, ഒഴിവാക്കാൻ പറ്റാത്ത ചില യോഗങ്ങളിൽ പങ്കെടുത്തതാണ്. അതും സ്ഥാനാർത്ഥിക്ക് വേണ്ടിത്തന്നെയാണ്. അന്ന് വൈകിട്ട് ആറ് മണി വരെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ താനുണ്ടായിരുന്നു'', എന്ന് അടൂർ പ്രകാശ്.

എന്നാൽ തന്‍റെ നോമിനിയായ റോബിൻ പീറ്ററിനെ കളത്തിലിറക്കാത്തതിൽ പ്രതിഷേധിച്ചാണ് അടൂർ പ്രകാശ് എല്ലാറ്റിൽ നിന്നും വിട്ടുനിന്നതെന്ന പ്രചാരണം ശക്തമാണ്. സ്വന്തം നോമിനിയായ റോബിൻ പീറ്ററിനെ തഴഞ്ഞ് പി മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയതിന്‍റെ പേരിൽ കടുത്ത അതൃപ്തിയോടെ ആദ്യത്തെ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ബഹിഷ്കരിക്കാനൊരുങ്ങിയ അടൂർ പ്രകാശിനെ മുല്ലപ്പള്ളിയും ചെന്നിത്തലയും നേരിട്ടെത്തി അനുനയിപ്പിച്ച് കൺവെൻഷനിലെത്തിക്കുകയായിരുന്നു. 

: ഉംം..മ്മ: പിണക്കം മാറി വന്ന അടൂർ പ്രകാശിന് വേദിയിൽ വച്ച് മുത്തം കൊടുക്കുന്ന സ്ഥാനാർത്ഥി പി മോഹൻരാജ്

അന്ന് വികാരഭരിതനായാണ് അടൂർ പ്രകാശ് സംസാരിച്ചത്. റോബിൻ പീറ്ററിന്‍റെ പേര് പറയരുതായിരുന്നെന്ന് അടൂർ പ്രകാശ് പറഞ്ഞു. പ്രവർത്തകർ വലിയ സ്വീകരണമാണ് കൺവെൻഷൻ വേദിയിൽ അടൂർ പ്രകാശിന് നൽകിയത്. തോളിലേറ്റി മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ അടൂർ പ്രകാശിനെ വേദിയിലേക്ക് കൊണ്ടുവന്നു. വേദിയിൽ വച്ച് പി മോഹൻരാജ് അടൂർപ്രകാശിന് മുത്തം നൽകി. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി പ്രഖ്യാപിച്ചു. 

പക്ഷേ, അവസാനദിവസവും ആ ഭിന്നത മുഴുവൻ മാറിയില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. കൊട്ടിക്കലാശത്തിൽ സ്ഥാനാർത്ഥിയുടെ കൂടെ പോകാതിരുന്നതിന് പുറമേ, വോട്ടെടുപ്പ് ദിവസവും അടൂർ പ്രകാശ് കോന്നിയിലില്ല.

കോന്നിയിൽ കനത്ത മഴ, ഒരു പ്രശ്നവുമില്ലെന്ന് മോഹൻരാജ്

കനത്ത മഴയിൽ വോട്ടർമാർ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും എന്നാൽ വോട്ടർമാർക്ക് വാഹനമടക്കം എത്തിക്കാൻ തന്‍റെ പ്രവർത്തകർ ശ്രമങ്ങൾ തുടങ്ങിയെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻ രാജ് പറയുന്നത്. ''പോളിംഗ് ശതമാനം കുറയില്ല. മലയോരമേഖലയിൽ
25 ബൂത്തുകളിൽ വൈദ്യുതി തടസ്സമുണ്ടായി. ചിഹ്നം കാണുന്നുണ്ടായിരുന്നില്ല എന്ന് പരാതിയുണ്ട്. വോട്ടർമാർക്ക് പലയിടത്തും കാത്ത് നിൽക്കേണ്ടി വരുന്നു, അതും മഴയത്ത്. സഹായം വേണ്ടവർക്ക് വാഹനങ്ങളടക്കം എല്ലാ സഹായങ്ങളും എത്തും'', എന്ന് മോഹൻരാജ്.