ടാറ്റയിലെ പ്രശ്‌നങ്ങളോട് റ്റാറ്റാ പറയില്ല; ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍; സ്ഥിരത ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം

Published : Oct 08, 2025, 06:26 PM IST
Ratan Tata, Noel Tata

Synopsis

ട്രസ്റ്റിലെ നാല് ട്രസ്റ്റിമാര്‍ ഒരു 'സൂപ്പര്‍ ബോര്‍ഡ്' പോലെ പ്രവര്‍ത്തിച്ച് ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ അധികാരത്തെ ചോദ്യം ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം

രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സ്ഥാപനമായ ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റാ സണ്‍സിലേക്ക് ആഭ്യന്തര ഭിന്നതകള്‍ പടരുമെന്നായതോടെ ടാറ്റാ ട്രസ്റ്റുകളിലെ പ്രശ്‌നപരിഹാരത്തിന് ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. ഗ്രൂപ്പില്‍ സ്ഥിരത ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ട്രസ്റ്റിലെ നാല് ട്രസ്റ്റിമാര്‍ ഒരു 'സൂപ്പര്‍ ബോര്‍ഡ്' പോലെ പ്രവര്‍ത്തിച്ച് ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ അധികാരത്തെ ചോദ്യം ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ ടാറ്റാ ട്രസ്റ്റ്സ് ചെയര്‍മാന്‍ നോയല്‍ ടാറ്റ, വൈസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, ട്രസ്റ്റി ഡാരിയസ് ഖംബാത്ത എന്നിവരുമായി ചര്‍ച്ച നടത്തി. ഏത് വഴിയിലൂടെയാണെങ്കിലും ടാറ്റാ ട്രസ്റ്റുകളില്‍ സ്ഥിരത ഉറപ്പാക്കണം എന്നും, ആഭ്യന്തര പ്രശ്‌നങ്ങള്‍ ടാറ്റാ സണ്‍സിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്നും മന്ത്രിമാര്‍ കര്‍ശനമായി നിര്‍ദേശിച്ചു. പ്രതിസന്ധിക്ക് കാരണമായേക്കാവുന്ന ഏതൊരു ട്രസ്റ്റിയെയും നീക്കം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ടാറ്റാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഗ്രൂപ്പിന്റെ വലുപ്പവും, വിപണിയിലെ സ്വാധീനവും, സാമ്പത്തിക പ്രാധാന്യവും കണക്കിലെടുക്കുമ്പോള്‍ കമ്പനിക്ക് പൊതു ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രിമാര്‍ ടാറ്റാ പ്രതിനിധികളെ ഓര്‍മ്മിപ്പിച്ചു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അപ്പര്‍ ലെയര്‍ നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളുടെ ലിസ്റ്റിങ് സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചയില്‍ വന്നു. ടാറ്റാ സണ്‍സും ഈ ലിസ്റ്റിങ് പരിധിയില്‍ വരും. ടാറ്റാ സണ്‍സിന്റെ രണ്ടാമത്തെ വലിയ ഓഹരി ഉടമകളായ ഷാപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളും ചര്‍ച്ചാവിഷയമായി.

ട്രസ്റ്റിമാര്‍ക്കിടയില്‍ 'അട്ടിമറി ശ്രമം'?

ടാറ്റാ ഗ്രൂപ്പുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ച്, ട്രസ്റ്റുകളിലെ നാല് ട്രസ്റ്റിമാര്‍ നടത്തുന്ന 'അട്ടിമറി ശ്രമത്തിന്' സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡാരിയസ് ഖംബാത്ത, ജഹാംഗീര്‍ എച്ച്സി ജഹാംഗീര്‍, പ്രമിത് ഝാവേരി, മെഹ്ലി മിസ്ട്രി എന്നിവരാണ് പ്രശ്നങ്ങളുണ്ടാക്കുന്ന ട്രസ്റ്റിമാര്‍. ഇവര്‍ ബോര്‍ഡ് മീറ്റിങ് മിനിറ്റ്‌സുകള്‍ പരിശോധിക്കുകയും ടാറ്റാ സണ്‍സിന്റെ ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചതായി വൃത്തങ്ങള്‍ പറയുന്നു. ഈ നീക്കങ്ങള്‍ സ്ഥാപനത്തിനുള്ളില്‍ ഗുരുതരമായ കോര്‍പ്പറേറ്റ് ഭരണപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. രത്തന്‍ ടാറ്റയുടെ വിയോഗശേഷം ഡോറബ്ജി ടാറ്റാ ട്രസ്റ്റിലെ നാല് ട്രസ്റ്റിമാര്‍ ഒരു പക്ഷത്തും, നോയല്‍ ടാറ്റ ഉള്‍പ്പെടെയുള്ള മറ്റ് മൂന്ന് ട്രസ്റ്റിമാര്‍ മറുപക്ഷത്തുമായുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഭാഗ്യതാര ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ കോടിപതിയോ ലക്ഷാധിപതികളോ നിങ്ങളാകാം, അറിയാം ഫലം
ഇന്നത്തെ ഭാ​ഗ്യം ആർക്ക്? കോടിപതിയും ലക്ഷാധിപതികളും ആരെല്ലാം? അറിയാം കാരുണ്യ ലോട്ടറി ഫലം