അവകാശികൾ ഇല്ലാത്ത ബമ്പർ ലോട്ടറികൾ എന്ത് ചെയ്യും; കോടികൾ സർക്കാരിനോ? വസ്തുത എന്ത് ?

By Nithya RobinsonFirst Published Jul 19, 2022, 2:15 PM IST
Highlights

'ബമ്പർ ടിക്കറ്റുകളുടെ ഒന്നാം സമ്മാനം ലഭിക്കുന്നത് വിറ്റഴിക്കാത്ത ടിക്കറ്റിന്. അവകാശികൾ ഉള്ള ടിക്കറ്റുകൾക്ക് പലപ്പോഴും പല കാരണം കൊണ്ടും പണം കൈമാറുന്നില്ല. കോടികൾ ലോട്ടറി അടിക്കുന്നതോടെ ഭാഗ്യവാന്മാർ അപ്രത്യക്ഷരാകുന്ന പ്രതിഭാസം കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ടു വരുന്നു', എന്നിങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ.

രാജ്യത്ത് ആദ്യമായി ഭാഗ്യാന്വേഷികളെ തേടിയ സംസ്ഥാനമാണ് കേരളം (Kerala Lottery). ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ച് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം, ഒരു കേരളപ്പിറവി ദിനത്തിലാണ് ആദ്യമായി ലോട്ടറി വിൽപന ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 1967 നവംബർ 1ന്. 50,000 രൂപയായിരുന്നു ആദ്യത്തെ ഓണം ബമ്പർ സമ്മാനത്തുക. പി.കെ കുഞ്ഞ് ആയിരുന്നു അന്നത്തെ ധനമന്ത്രി. പി.കെ.സെയ്തു മുഹമ്മദ് സ്ഥാപക ഡയറക്ടർ. പിന്നീടിങ്ങോട്ട് വർഷാവർഷം നിരവധി ഭാഗ്യാന്വേഷികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കേരളാ സംസ്ഥാന ഭാഗ്യക്കുറി മുന്നിൽ നിന്നു. 50,000 രൂപയിൽ തുടങ്ങിയ ഓണം ബമ്പർ ഇന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന ലോട്ടറിയായി മാറിക്കഴിഞ്ഞു.

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഇത്തവണത്തെ ഓണം ബമ്പർ. കഴിഞ്ഞ ആഴ്ച ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങുകയും ജൂലൈ 15ന് ടിക്കറ്റ് പ്രകാശനം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ ബമ്പർ സമ്മാനങ്ങൾ ഭാഗ്യശാലികൾക്ക് ലോട്ടറി വകുപ്പ് നൽകുന്നില്ലെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നു. ജൂലൈ 15ന് തന്നെ ഫേസ്ബുക്കിൽ വന്നൊരു പോസ്റ്റ് ആയിരുന്നു ഇതിന് പിന്നിൽ.

Onam Bumper 2022 : തട്ടിപ്പുകാർ പടിക്ക് പുറത്ത്; സുരക്ഷ കർശനമാക്കി ഓണം ബമ്പർ ലോട്ടറി, വിൽപ്പന 18 മുതൽ

'ബമ്പർ ടിക്കറ്റുകളുടെ ഒന്നാം സമ്മാനം ലഭിക്കുന്നത് വിറ്റഴിക്കാത്ത ടിക്കറ്റിന്. അവകാശികൾ ഉള്ള ടിക്കറ്റുകൾക്ക് പലപ്പോഴും പല കാരണം കൊണ്ടും പണം കൈമാറുന്നില്ല. കോടികൾ ലോട്ടറി അടിക്കുന്നതോടെ ഭാഗ്യവാന്മാർ അപ്രത്യക്ഷരാകുന്ന പ്രതിഭാസം കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ടു വരുന്നു', എന്നിങ്ങനെയാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ.

എന്നാൽ, വിറ്റഴിക്കാത്ത ടിക്കറ്റുകൾ ഒന്നും തന്നെ നറുക്കെടുപ്പിൽ ഉൾപ്പെടുത്താൻ സാധിക്കില്ല എന്നതാണ് വാസ്തവം. 'വിറ്റഴിയാത്ത ടിക്കറ്റുകൾ എന്നത് ഏജന്റിന്റെ കയ്യിൽ ബാക്കിയാവുന്നവയല്ല. മറിച്ച് ലോട്ടറി ഓഫീസിൽ നിന്നും ഏജന്റിലേക്ക് പോകാത്ത ടിക്കറ്റുകളാണ് അൺസോൾഡ് ടിക്കറ്റുകൾ അഥവ വിറ്റഴിക്കാത്തവ. ഏജൻസികൾക്ക് കൈമാറിയ ടിക്കറ്റുകൾ മാത്രമേ വിറ്റഴിച്ചവയായി കണക്കാക്കുകയുള്ളൂ. ഇത്തരത്തിൽ ബാക്കിയാവുന്ന ടിക്കറ്റുകൾ പ്രത്യേകം മാറ്റിവയ്ക്കുകയാണ് പതിവ്. ഇങ്ങനെ മാറ്റിവയ്ക്കുന്ന ടിക്കറ്റുകൾക്ക് സമ്മാനം അടിക്കുകയാണെങ്കിൽ അപ്പോൾ തന്നെ ക്യാൻസൽ ചെയ്ത് വീണ്ടും നറുക്കെടുപ്പ് നടത്തും', എന്ന് ലോട്ടറി വകുപ്പ് പി ആർ ഒ ബി.ടി അനിൽ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. തത്സമയ ലോട്ടറി നറുക്കെടുപ്പിൽ ഇക്കാര്യം വ്യക്തമായി തന്നെ അറിയിക്കുന്നുണ്ട്. 

ബമ്പർ ഭാഗ്യവാന്മാർ എവിടെ ?

പോസ്റ്റിൽ പറയുന്ന മറ്റൊരു ആരോപണം ബമ്പർ ഭാഗ്യവാന്മാരെ കണ്ടെത്താൻ സാധിച്ചില്ല എന്നതാണ്. അതിൽ ഒന്ന് കഴിഞ്ഞ വർഷത്തെ ഓണം ബമ്പർ ടിക്കറ്റ് വിറ്റത് കാസർകോട് സ്വദേശിക്കാണ് എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പക്ഷേ, 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് കൊച്ചി, മരട് സ്വദേശിയായ ജയപാലന് ആയിരുന്നു എന്ന് വ്യക്തമായി. ഓട്ടോ ഡ്രൈവറായിരുന്നു അദ്ദേഹം. ഏറെ നാടകീയ രംഗങ്ങൾക്ക് ഒടുവിലാണ് ജയപാലനാണ് വിജയി എന്ന് കേരളക്കര അറിഞ്ഞത്. അക്കാര്യങ്ങളെ പറ്റി മാധ്യമങ്ങൾ സമഗ്രമായ റിപ്പോർട്ടുകൾ നൽകിയിരുന്നു. തനിക്ക് ലഭിക്കേണ്ട മുഴുവൻ തുകയും ലഭിച്ചുവെന്ന് ഭാഗ്യവാൻ തന്നെ അറിയിച്ചിട്ടുമുണ്ട്. പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ തെറ്റാണ് എന്ന് ഇതിൽ നിന്നും വ്യക്തമാണ്.

ക്രിസ്മസ്- ന്യൂയർ ബമ്പർ എറണാകുളം സ്വദേശിക്കാണ് ലഭിച്ചതെന്നും ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നുമാണ് പോസ്റ്റിലെ മറ്റൊരു ആരോപണം. എന്നാൽ, ക്രിസ്മസ് ബമ്പറിന്റെ 12 കോടി ലഭിച്ചത് കോട്ടയത്തെ പെയിന്റിംഗ് തൊഴിലാളിയായ സദാനന്ദനാണ്. ഇദ്ദേഹത്തിനും അർഹതപ്പെട്ട തുക ലഭിച്ചിട്ടുണ്ട്.

Bumper winner: 'കടങ്ങൾ തീർക്കണം, മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം'; നിറക്കണ്ണുകളോടെ സദാനന്ദന്‍ പറയുന്നു

ഇത്തവണത്തെ വിഷു ബമ്പർ 12 കോടി ലഭിച്ചത് തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണെന്നും ഭാഗ്യവാനെ കണ്ടെത്തിയില്ലെന്നും ഈ പോസ്റ്റിലുണ്ട്. എന്നാൽ 10 കോടിയായിരുന്നു ഇത്തവത്തെ വിഷു ബമ്പർ സമ്മാനത്തുക. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കച്ചവടക്കാരായ ജസീന്ത- രംഗൻ ദമ്പതികൾ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഒരാഴ്ചത്തെ കാത്തിരിപ്പിനൊടുവിൽ ഭാഗ്യവാന്മാർ രംഗത്തെത്തുകയും ചെയ്തിരുന്നു. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവരായിരുന്നു ആ ഭാഗ്യവാന്മാർ. ഇരുവരും തമിഴ്‌നാട് സ്വദേശികളായത് കൊണ്ട് പേപ്പർ വർക്കിന്റെ കാലതാമസം ഉണ്ടായി. രണ്ട് പേർക്കും തുല്യമായി പണം നൽകണമെന്ന ആവശ്യം ഉള്ളത് കൊണ്ട് ജോയിന്റ് അക്കൗണ്ട് നമ്പർ നൽകാൻ സാവകാശം നൽകിയിരിക്കുകയാണ്. അത് ലഭ്യമാകുന്ന മുറയ്ക്ക് പണവും കൈമാറുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഇക്കാര്യങ്ങളിൽ നിന്നുതന്നെ വൈറൽ പോസ്റ്റിലെ കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് മനസ്സിലാകും.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് മുമ്പുള്ള ബമ്പർ ഭാഗ്യവാന്മാരെ കുറിച്ചും അവരുടെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരുന്നു. തങ്ങളെക്കുറിച്ച് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഭാഗ്യവാന്മാരും ഇക്കൂട്ടത്തിൽ ഉണ്ട്. കൂടാതെ ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റില്‍ വിജയികളുമയി ബന്ധപ്പെട്ട വാർത്തകൾ അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്.

'അടിച്ചു മോളേ..' ആ തിരുവോണം ബമ്പര്‍ കോടിപതികൾ ഇതാ ഇവിടെയുണ്ട്!

ആരോപണങ്ങളെക്കുറിച്ച് ലോട്ടറി വകുപ്പ് പി ആർ ഒ ബി.ടി അനിൽ കുമാറിന്റെ പ്രതികരണമിങ്ങനെ, "തീർത്തും വസ്തുതാ വിരുദ്ധമായ കാര്യമാണ് ആ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. തിരുവോണം ബമ്പർ 25കോടി ആക്കുന്നുവെന്ന് ആറ് മാസം മുമ്പ് തന്നെ അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ വർഷത്തെക്കാളും എന്തായാലും കുറച്ചെങ്കിലും കൂട്ടുമായിരുന്നല്ലോ. 30 കോടി, 50 കോടി എന്നൊക്കെ വാർത്തകൾ നൽകിയവരുണ്ട്. തുടർന്ന് 25 കോടി പ്രഖ്യാപിച്ചപ്പോൾ പലയിടങ്ങളിൽ നിന്നും ഇതിനെതിരെ വലിയ രീതിയിലുള്ള ക്യാംപെയ്നുകൾ വന്നു. ഇതിന് ഒരുകാരണം പൊളിറ്റിക്കൽ റീസൺ ആണ്. നമ്മുടെ ഈ സമ്മാനഘടനയും വമ്പൻ കച്ചവടം തടയുക എന്ന ലക്ഷ്യത്തോടും കൂടിയുള്ള പ്രചരണങ്ങൾ തുടങ്ങി എന്നതാണ് വസ്തുത. സമൂഹമാധ്യമങ്ങളിൽ വരുന്ന ഇത്തരം കുറിപ്പുകൾ ചൂടപ്പം പോലെയാണ് വൈറലാകുന്നത്. പക്ഷേ വസ്തുത എന്താണെന്ന് ആരും തിരക്കില്ല. ആ പോസ്റ്റിൽ പറയുന്ന ഒരു ആരോപണം വിറ്റഴിക്കാത്ത ടിക്കറ്റിന് സമ്മാനം കൊടുക്കുന്നു എന്നതാണ്. ഒരുകാരണവശാലും ഇത്തരം ടിക്കറ്റുകൾക്ക് സമ്മാനം കൊടുക്കാൻ സാധിക്കില്ല. സർക്കാർ കാശെടുക്കുന്നു എന്ന് പറയുമ്പോൾ, ടിക്കറ്റ് വിറ്റ് കിട്ടുന്ന കാശ് സർക്കാർ ഖജനാവിൽ വന്നിട്ടാണല്ലോ സമ്മാനത്തുക കൊടുക്കുന്നത്. കൃത്യമായ നിയമാവലിയോടെയാണ് ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്". എന്തായാലും സമൂഹമാധ്യമങ്ങളിൽ പ്രചിരിക്കുന്ന ഈ പോസ്റ്റിലെ കാര്യങ്ങളെല്ലാം സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമാണ്.

Christmas New Year Bumper winners : 'അടിച്ചു മോളേ..' ആ ക്രിസ്തുമസ് ബമ്പര്‍ കോടിപതികൾ ഇതാ ഇവിടെയുണ്ട്!

click me!