Asianet News MalayalamAsianet News Malayalam

Vishu Bumper : 'ഒരു രൂപയ്ക്ക് വരെ അലഞ്ഞ ദിവസങ്ങൾ ഉണ്ട്'; പത്തുകോടി വിറ്റ ദമ്പതികളുടെ ജീവിത യാത്ര

തങ്ങളുടെ ജീവിതത്തിലും ഭാഗ്യം കൊണ്ടുവന്ന ആ ഭാഗ്യവാനെ കാത്തിരിക്കുകയാണ് ജസീന്തയും രംഗനും.

Life story of  couple who sold Vishu bumper tickets
Author
Thiruvananthapuram, First Published May 23, 2022, 3:38 PM IST

രായിരിക്കും വിഷു ബമ്പറിന്‍റെ(Vishu Bumper 2022) പത്ത് കോടി നേടിയ ആ ഭാഗ്യശാലി? എല്ലാവരെയും പോലെ തന്നെ, കാണാമറയത്തെ ആ ഭാഗ്യശാലി ആരായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലും സന്തോഷത്തിലുമാണ് വലിയതുറ സ്വദേശികളായ ജസീന്ത- രംഗൻ ദമ്പതികൾ. കാരണം ഇവരുടെ പക്കൽ നിന്നാണ് ആ ഭാഗ്യവാൻ‌ ടിക്കറ്റ് എടുത്തത്. എട്ട് വർഷത്തിലേറെയായി ലോട്ടറി ടിക്കറ്റ് വിൽപന നടത്തുകയായിരുന്നെങ്കിലും ആദ്യമായിട്ടാണ് തങ്ങൾ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിക്കുന്നതെന്ന് ജസീന്തയും രംഗനും പറയുന്നു. അപ്പോൾ ആകാംക്ഷയും സന്തോഷവും ഇരട്ടിയായിരിക്കുമല്ലോ? വിൽക്കുന്നത് ഭാഗ്യമാണെങ്കിലും കഷ്ടപ്പാടും ദുരിതവും നിറഞ്ഞ സാഹചര്യങ്ങളിലൂടെ ആയിരുന്നു ഈ കുടുംബത്തിന്റെ യാത്ര. ജസീന്തയും രംഗനും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു തുടങ്ങുന്നു.

"ഒത്തിരി സന്തോഷം, ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നത്. എല്ലാ നറുക്കെടുപ്പിലും ഞങ്ങളുടെ പേരും കൂടെ ഉൾപ്പെടുത്തണമേന്ന് പറഞ്ഞ് ഞാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു. എന്റേത് ഒരു സാധു കുടുംബമാണ്. ഞങ്ങളുടെ അച്ഛനമ്മമാർ ഉണ്ടായിരുന്ന കാലം മുതലെ ബുദ്ധിമുട്ടിലൂടെയാണ് ജീവിച്ചത്. എട്ട് വർഷം മുമ്പാണ് ഞാൻ ലോട്ടറി കച്ചവടത്തിലേക്ക് ഇറങ്ങിയത്. അന്നന്നുള്ള അന്നത്തിനുള്ള വക എനിക്കിപ്പോൾ കിട്ടുന്നുണ്ട്", ജസീന്ത പറയുന്നു.
 
പത്ത് വര്‍ഷം മുമ്പാണ് തിരുവനന്തപുരം കാർഗോയിൽ ഡ്രൈവറായിരുന്ന രംഗന്റെ ജോലി നഷ്ടമായത്. കടം കയറിയതോടെ തന്റെ മക്കളെ പോറ്റാൻ ഈ വീട്ടമ്മ ലോട്ടറി വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

"മുപ്പത് വർഷമായി കാർഗോയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഭർത്താവ്. ഡോർ ടു ഡോർ ഡെലിവറിയായിരുന്നു. അങ്ങനെയിരിക്കെയാണ് വർഷങ്ങൾക്ക് മുമ്പ് കാർഗോ ഡോർ ടു ഡോർ ഡെലിവറി നിർത്തിയത്. അതോടെ അദ്ദേഹം ഉൾപ്പടെയുള്ളവർക്ക് ജോലി നഷ്ടമായി. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ആ സമയത്ത് വേസ്റ്റ് എടുക്കാനും അടുക്കള പണിക്കുമൊക്കെ ഞാൻ പോയി", ദുരിതകാലത്തെക്കുറിച്ച് ജസീന്തയുടെ വാക്കുകൾ.

Vishu Bumper : വിഷു ബമ്പര്‍ ഭാഗ്യശാലി എവിടെ ? 10 കോടിയുടെ ഉടമയെ കാത്ത് കേരളക്കര

"അങ്ങനെയിരിക്കെയാണ് ഭർത്താവ് അറിയാതെ അനുജത്തിയുടെ കയ്യിൽ നിന്നും 1000 രൂപ കടം വാങ്ങി ലോട്ടറി ടിക്കറ്റ് വാങ്ങുന്നത്. മകൾ മാത്രമെ ഇക്കാര്യം അറിഞ്ഞിരുന്നുള്ളൂ. എല്ലായിടത്തും അലഞ്ഞ്  55ഓളം ടിക്കറ്റുകൾ വിറ്റാണ് ഞാനന്ന് വീട്ടിലേക്ക് വന്നത്. അമ്മയ്ക്ക് വയ്യാത്തതല്ലേ എന്തിനാ ഇങ്ങനെ പോയതെന്ന് പറഞ്ഞ് മകൻ വഴക്ക് പറഞ്ഞു. പിറ്റേന്ന് രാവിലെ ഞാൻ എല്ലാവരെയും അറിയിച്ചു തന്നെ ടിക്കറ്റ് വിൽക്കാനായി പോയി. കുറെ നാൾ കഴിഞ്ഞ ശേഷമാണ് ചേട്ടൻ കച്ചവടത്തിനായി എനിക്കൊപ്പം വന്നത്. ഇപ്പോൾ ഞങ്ങൾ  സന്തോഷത്തോടെ ജീവിക്കുകയാണ്. പക്ഷേ ഒരു രൂപയ്ക്ക് വരെ അലഞ്ഞ ദിവസങ്ങൾ എനിക്ക് ഉണ്ടായിരുന്നു. ഒരു സോപ്പ് വാങ്ങാൻ പോലും ഗതിയില്ലായിരുന്നു എനിക്ക്. ബന്ധുക്കളൊക്കെ ഉണ്ടായിരുന്നുവെങ്കിലും ആരുടെ മുന്നിലും ഞാൻ പോയില്ല. കൊവിഡ് സമയത്ത് വല്ലാതെ കഷ്ടപ്പെട്ടു", ജസീന്ത പറയുന്നു.

തിരുവനന്തപുരം എയർപോർട്ടിനകത്താണ് ജസീന്തയും രംഗനും ലോട്ടറി വിൽക്കുന്നത്. "രാത്രിയിലായിരിക്കും കച്ചവടം. ആ സമയത്തൊക്കെയാകും വിദേശത്തു നിന്നും ഫ്ലൈറ്റ് വരുന്നത്. എയർപോർട്ടിലെ ജീവനക്കാരുടെ കാരുണ്യം കൊണ്ട് ഇത്രയും വർഷം അതിനകത്ത് കച്ചവടം നടത്താൻ കഴിഞ്ഞു. പ്രെഷർ, ഷുഗർ, തൈറോഡ്, ഹാർട്ട് പ്രോബ്ളം ഉൾപ്പെടെ ധാരാളം ആരോഗ്യപ്രശ്നങ്ങളുണ്ട് ജസീന്തക്ക്.  ഓപ്പറേഷൻ ചെയ്യാൻ ഞങ്ങൾ എസ്ഐടിയിൽ പോയെങ്കിലും ഹാർട്ടിന് പ്രശ്നം ഉള്ളതിനാൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് പറഞ്ഞത്. ഇപ്പോഴും ചികിത്സയിലാണ്. ഒരു ദിവസം 14 ഗുളിക‌ കഴിക്കണം. മുമ്പ് രണ്ട് തവണ അവൾക്ക് സ്ട്രോക്കും വന്നിട്ടുണ്ട്. ഈ ദുരിതങ്ങള്‍ക്കിടയില്‍ നിന്നുള്ള വെളിച്ചമാണ് ഇന്നലെ ലഭിച്ച ഭാഗ്യം", രംഗൻ പറഞ്ഞു.

Kerala Lottery Result: Win Win W 669 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ W- 669 ലോട്ടറി ഫലം പ്രഖ്യാപിച്ചു

സുനിയെന്ന ആളാണ് മൂന്ന് മണിയോടടുപ്പിച്ച് രംഗനെ വിളിച്ച് അവർ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് പറഞ്ഞത്. ആദ്യം അത് വിശ്വസിക്കാത്ത ഇരുവരും ടിക്കറ്റുകളുടെ ലിസ്റ്റ് എടുത്തുനോക്കിയാണ് ഉറപ്പു വരുത്തിയത്. റിസൽട്ട് കണ്ടപ്പോൾ ജസീന്ത ടെൻഷനായെന്നും വെള്ളം കൊടുത്താണ് അവളുടെ ടെൻഷൻ മാറ്റിയതെന്നും രംഗൻ  ചിരിയോടെ പറയുന്നു. ഒന്നാം സമ്മാനം ലഭിച്ചത് ആരാണോ അവരും ഞങ്ങളും രക്ഷപ്പെടുമല്ലോ എന്ന് ഓർത്തപ്പോൾ കണ്ണ് നിറഞ്ഞുപോയി. ദൈവങ്ങളുടെ അനുഗ്രഹമാണ് ഈ ഭാഗ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‍Vishu Bumper : 10 കോടി സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് ഇവര്‍; '10 കോടി സമ്മാനം' കടല്‍ കടന്നോ?

മറ്റുള്ളവരുടെ മുമ്പിൽ ഭാഗ്യവുമായി ഇറങ്ങുന്നതിനിടയിൽ തങ്ങൾക്ക് വേണ്ടിയും ഭാഗ്യം പരീക്ഷിക്കാൻ മറക്കാറില്ല ഈ ദമ്പതികൾ. " ഞങ്ങൾ ഡെയ്ലി ഒരു ടിക്കറ്റ് മാറ്റിവയ്ക്കും. കച്ചവടം കഴിഞ്ഞതിന് ശേഷമാണിത്. 500, 1000, 2000 ഒക്കെ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. വിഷു ബമ്പറും എടുത്തു. നിലവിൽ അഞ്ച് ബമ്പർ ടിക്കറ്റുകൾ ഞങ്ങളുടെ കൈവശം ഉണ്ട്. അത് വേറെ ആൾക്കാർ വച്ചേക്കാൻ പറഞ്ഞതാണ്. അതിലൊന്നും ഭാഗ്യവാൻ ഇല്ല കേട്ടോ",രംഗൻ പറയുന്നു.

വർഷങ്ങൾക്ക് മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജസീന്തയും രംഗനും."പണ്ട് എന്റെ വീടിന്റെ ഭാഗത്ത് കൂടി ചേട്ടൻ വണ്ടിയോടിച്ച് പോകുമായിരുന്നു. ഞാൻ തയ്യൽ പഠിക്കുന്ന സമയമായിരുന്നു അത്. അങ്ങനെ ദിവസവും കണ്ട് കണ്ട് പ്രണയമായി. രണ്ടുപേരും വിവിധ മതങ്ങളായതിനാൽ പ്രശ്നമുണ്ടായിരുന്നു, എന്റെ വീട്ടിലല്ല അദ്ദേഹത്തിന്റെ വീട്ടിൽ. ഒടുവിൽ അമ്മായി മുൻഗണന എടുത്താണ് ‍ഞങ്ങളെ ഒന്നിപ്പിച്ചത്", ചെറു ചിരിയോടെ ജസീന്തയും രംഗനും പറയുന്നു.

ഒരു മകളും മകനും അവരുടെ നാല് പേരക്കുട്ടികളും അടങ്ങുന്നതാണ് ഈ ദമ്പതികളുടെ ലോകം. എല്ല് പൊടിയുന്ന രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് മകളുടെ ഭർത്താവ്.  ആറര ലക്ഷത്തോളം രൂപ മുടക്കിയാണ് ഓപ്പറേഷൻ ചെയ്തത്. ഇപ്പോൾ ചെറിയ ജോലികളൊക്കെ ചെയ്യും. ചികിത്സക്കും മറ്റുമായി എടുത്ത പത്ത് ലക്ഷം രൂപയോളം കടമുണ്ട് ഇവർക്ക്. അതിനെല്ലാം ശാശ്വത പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജസീന്തയും രംഗനും ഇപ്പോൾ.

കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ വിഷു ബമ്പർ നറുക്കെടുപ്പ് നടന്നത്. HB 727990 എന്ന നമ്പറിനായിരുന്നു പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം. എന്നാൽ ഭാഗ്യശാലി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തങ്ങളുടെ ജീവിതത്തിലും ഭാഗ്യം കൊണ്ടുവന്ന ആ ഭാഗ്യവാനെ കാത്തിരിക്കുകയാണ് ജസീന്തയും രംഗനും.

Follow Us:
Download App:
  • android
  • ios