Asianet News MalayalamAsianet News Malayalam

'അടിച്ചു മോളേ..' ആ തിരുവോണം ബമ്പര്‍ കോടിപതികൾ ഇതാ ഇവിടെയുണ്ട്!

50,000 രൂപയില്‍ തുടങ്ങിയ ഓണം ബമ്പര്‍ ഇന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ലോട്ടറിയാണ്. 

few Onam bumper winners from previous years
Author
Thiruvananthapuram, First Published Sep 19, 2021, 12:18 PM IST

രാജ്യത്ത് ആദ്യമായി ഭാഗ്യാന്വേഷികളെ തേടിയ സംസ്ഥാനമാണ് കേരളം. 50,000 രൂപ സമ്മാനത്തുകയുടെ ഓണം ബമ്പറുമായി 1967 നവംബര്‍ 1 കേരളപ്പിറവി ദിനത്തിലാണ് ആദ്യമായി ലോട്ടറി വില്‍പ്പന ആരംഭിക്കുന്നത്. പിന്നീടിങ്ങോട്ട് വര്‍ഷാവര്‍ഷം നിരവധി ഭാഗ്യാന്വേഷികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേരളാ സംസ്ഥാന ഭാഗ്യക്കുറിക്ക് സാധിച്ചു. 50,000 രൂപയില്‍ തുടങ്ങിയ ഓണം ബമ്പര്‍ ഇന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ലോട്ടറിയാണ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 2019 മുതലാണ് ഇത്രയും വലിയ തുക സമ്മാനമായി നൽകാൻ സർക്കാർ പ്രഖ്യാപിച്ചത്.

2021ലെ തിരുവോണം ബമ്പർ ഭാഗ്യശാലി ആരാണെന്ന് അറിയാന്‍ ഇനി അരമണിക്കൂര്‍ മാത്രമാണ് ബാക്കി. നമ്മളന്വേഷിക്കുന്ന ആ ഭാഗ്യശാലി ആരായിരിക്കും ? അതാരായാലും ഇതിനോടകം നിരവധി പേരാണ് ഓണം ബമ്പറിലൂടെ കോടീശ്വരന്മാരും കോടീശ്വരികളും ആയിട്ടുള്ളത്. പലരുടെയും സാമ്പത്തിക ഭദ്രത വർദ്ധിച്ചു. ചിലർ സ്വന്തമായി വീടുകൾ വാങ്ങി, മറ്റ് ചിലരാകട്ടെ വാഹനങ്ങൾ വാങ്ങി. എന്നാൽ കിട്ടിയ തുക ബാങ്കിൽ നിഷേപിച്ചവരും ലോട്ടറി അടിച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ തനിച്ചായവരും ഇക്കൂട്ടത്തിലുണ്ട്. ചിലരാകട്ടെ സംസാരിക്കാനും കൂട്ടാക്കിയില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് തിരുവോണം ബമ്പറിലൂടെ കോടിപതികളായ ഏതാനും ചിലരെ പരിചയപ്പെടാം..

few Onam bumper winners from previous years

ഭാഗ്യദേവത 2013 ലെ പൊന്നോണത്തിന് സമ്പത്തുമായി കയറി ചെന്നത് പാലക്കാട് സ്വദേശി മുരളീധരന്‍റെ വീട്ടിലായിരുന്നു. ബമ്പറടിക്കുന്നതിന് ഒരു മാസം മുമ്പ് കാരുണ്യ ഭാ​ഗ്യക്കുറിയിലൂടെ 25,000 രൂപ മുരളീധരന് ലഭിച്ചിരുന്നു. ഈ തുക കൊണ്ടാണ് 150 ഓണം ബംമ്പർ ടിക്കറ്റുകൾ എടുത്തത്. എന്നാല്‍ ഭാഗ്യം കടാക്ഷിക്കുമെന്ന് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 100 രൂപയായിരുന്നു അന്ന് ടിക്കറ്റ് വില. അഞ്ച് കോടിയിൽ 3 കോടി 12 ലക്ഷം രൂപയാണ് മുരളീധരന് സ്വന്തമായത്.

സുന്ദരം ശ്രീദീപ്തി ലോട്ടറി ഏജന്‍സിയില്‍ നിന്നും വാങ്ങിയ TG. 886269 നമ്പറുള്ള ടിക്കറ്റായിരുന്നു ബമ്പര്‍ ഭാഗ്യം കൊണ്ടുവന്നത്. കൂടാതെ, വ്യത്യസ്ത സീരീസുകളിലെ ടിക്കറ്റുകളിലായി അഞ്ച് ലക്ഷം രൂപയും മുരളീധരന് ലഭിച്ചു. പാലക്കാട് ജി.ബി. റോഡില്‍ അഞ്ജന എന്ന പേരിൽ ജ്വല്ലറി നടത്തിയിരുന്ന ഇദ്ദേഹം ഇപ്പോൾ, പമ്പാ ​ഗണപതി ലോട്ടറി ഏജൻസി നടത്തുകയാണ്. ഇപ്പോഴും ഭാ​ഗ്യപരീക്ഷണം നടത്താറുണ്ടെന്നും ഈ ഭാ​ഗ്യശാലി പറയുന്നു. മൂന്ന് മക്കളും ഭാര്യയും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്‍റെ കുടുംബം. 

പാവപ്പെട്ടവരെ സഹായിക്കുന്ന കൂട്ടായ്മയിൽ നേരത്തെ തന്നെ ഇദ്ദേഹം പങ്കാളിയായിരുന്നു. ''സത്യത്തിൽ സമാധാനം ഇല്ലാണ്ടായി. ലോട്ടറി കൂടി കിട്ടിയെന്ന് അറിഞ്ഞതോടെ നിരവധി ആളുകൾ വരാൻ തുടങ്ങി. ഉള്ളവരും ഇല്ലാത്തവരും. മാനസിക പ്രശ്നങ്ങളിലേക്ക് വരെ എത്തുമെന്ന നിലയിലായി. ചിലർക്ക് കാശിന് പകരം മരുന്നുകൾ വാങ്ങിക്കൊടുത്തിരുന്നു. എന്നാൽ അവരത് വേറെ കടയിൽ കൊണ്ടുപോയി വിറ്റ് കാശ് മേടിക്കും. അങ്ങനെ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ രണ്ട് കൊല്ലം ആയതേ ഉള്ളു ആളുകളുടെ വരവ് കുറഞ്ഞിട്ട്'' മുരളിധരൻ പറയുന്നു. കുറച്ച് കാലത്തിനുള്ളിൽ മിത്രങ്ങളെക്കാൾ ശത്രുക്കളെ സമ്പാദിച്ചുവോ എന്ന ആശങ്കയും ഇദ്ദേഹത്തിനുണ്ട്. ഇതിന് പിന്നാലെ നടന്ന ഒരു നറുക്കെടുപ്പിൽ മുരളീധരന് ഒരുലക്ഷം രൂപയുടെ സമ്മാനവും അടിച്ചിരുന്നു.

few Onam bumper winners from previous years

2015 ലെ ഓണം ബമ്പര്‍ സ്വന്തമാക്കിയത് തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി അയ്യപ്പന്‍ പിള്ളയാണ്. 7 കോടിയായിരുന്നു അന്ന് ഒന്നാം സമ്മാനത്തുക. പ്രദേശത്തെ പച്ചമരുന്ന് കടയിലെ ജീവനക്കാരനായിരുന്നു അയ്യപ്പന്‍ പിള്ള. കടയുടെ മുന്നിൽ വിൽപ്പന നടത്തുകയായിരുന്ന ലോട്ടറിക്കാരനില്‍ നിന്ന് ടിക്കറ്റെടുക്കുമ്പോള്‍ തനൊരു കോടിപതിയാകുമെന്ന് ഒരിക്കലും ഓര്‍ത്തില്ലെന്ന് അയ്യപ്പൻ പിള്ള. നികുതി കഴിച്ച് 4 കോടി 40 ലക്ഷം രൂപയാണ് അയ്യപ്പൻ പിള്ളക്ക് ലഭിച്ചത്. 

കോടിപതിയായെങ്കിലും ഇപ്പോഴും ലോട്ടറി എടുക്കാറുണ്ടെന്നും കഴിഞ്ഞ 25 വർഷത്തിലേറെയായി നിരന്തരം ഭാ​ഗ്യം പരീക്ഷിക്കുകയാണെന്നും അയ്യപ്പൻ പിള്ള പറഞ്ഞു. നാല് മക്കളാണ് അയ്യപ്പൻ പിള്ളയ്ക്ക്. ഇവർക്ക് ഓരോരുത്തർക്കും വീട് വച്ചുകൊടുക്കുകയും ബാക്കി തുക വിവിധ സംഘടനകളിൽ നിഷേപിക്കുകയും ചെയ്തു. പ്രായാധിക്യത്തിന്‍റെ പ്രശ്നങ്ങളാൽ ജോലിക്കൊന്നും പോകുന്നില്ലെന്നും മക്കൾക്കും ചെറുമക്കൾക്കുമൊപ്പം സുഖമായി ജീവിക്കുകയാണ് അയ്യപ്പൻ പിള്ള പറഞ്ഞു.  

few Onam bumper winners from previous years

2016 ൽ പാലക്കാട് നെന്മാറ ചേരാമംഗലം സ്വദേശി ഗണേശനായിരുന്നു ബമ്പർ ഭാഗ്യം.TC  788368 എന്ന നമ്പറിലൂടെ എട്ട് കോടി രൂപയാണ് ​ഗണേശന് സ്വന്തമായത്. തൃശൂരില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന ഗണേശന്‍ കുതിരാന്‍ അമ്പലത്തിന് സമീപത്ത് നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തിരുന്നത്.

few Onam bumper winners from previous years

ലപ്പുറം പരപ്പനങ്ങാടി സ്വദേശി മുസ്തഫയെ തേടി 2017 ലാണ് ഭാ​ഗ്യദേവതയെത്തിയത്. പരപ്പനങ്ങാടിയില്‍ വിറ്റ AJ 442876 എന്ന നമ്പറിലൂടെ 10 കോടി രൂപയാണ് മുസ്തഫയ്ക്ക് അടിച്ചത്. ഇതിൽ നികുതി കഴിച്ച്  6.30 കോടി രൂപ മുസ്‌തഫയ്ക്ക് ലഭിച്ചു. ദീർഘകാലം പ്രവാസിയായിരുന്ന മുസ്തഫ പിക്കപ്പ് വാന്‍ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് ഭാഗ്യദേവത കനിഞ്ഞത്. ലോട്ടറി അടിച്ച് നാല് വർഷത്തിന് ഇപ്പുറം മുസ്തഫയുടെ വീട്ടിൽ ഇപ്പോൾ ആരുമില്ല. മക്കളും ഭാര്യയും ഇദ്ദേഹത്തെ ഉപേക്ഷിച്ച് പോയിരിക്കുന്നു.

''നാല് മക്കൾക്കും വീട് വച്ചുകൊടുത്ത് സുരക്ഷിതരാക്കി. എല്ലായിടത്തും എല്ലാവരേയും കൊണ്ട് പോയി. പിന്നെ എന്തിനാണ് ഇവർ ഇങ്ങനെ ചെയ്തത് എന്നറിയില്ല. നോക്കിയത് കൂടിപ്പോയി. ഞാൻ ചെറിയ രീതിയിൽ കള്ള് കുടിക്കും അല്ലാതെ വേറൊന്നും ഉണ്ടായിട്ടില്ല. രണ്ട് മക്കളും മരുമക്കളും എന്നെ അടിച്ചു'', എന്ന് മുസ്തഫ പറയുന്നു.  മക്കൾ മുസ്ഫയെ തല്ലിയെന്നും ഇല്ലായെന്നും നാട്ടുകാർ പറയുന്നുണ്ട്. കള്ള് കുടിച്ച് എല്ലാം നശിപ്പിച്ചുവെന്ന കഥയും ഇതിനൊപ്പമുണ്ട്. 

മകന് വച്ചുകൊടുത്ത വീടിന്റെ ജനലും വാതിലും മുസ്തഫ ഇതിനോടകം വിറ്റുകഴിഞ്ഞു. മക്കൾ തന്നോട് കാണിച്ച പ്രവൃത്തിയോടുള്ള ദേഷ്യത്തിലാണ് ഇങ്ങനെ ചെയ്തതെന്നും ഇയാൾ പറയുന്നു. ബമ്പറടിച്ച തുകയിൽ ഇനി മുസ്തഫയുടെ പക്കലുള്ളത് 50 ലക്ഷം രൂപ മാത്രമാണ്. അതും മ്യൂച്യൽ ഫണ്ടിൽ നിഷേപിച്ചിരിക്കുന്നത് കൊണ്ട് മാത്രം സുരക്ഷിതമായിരിക്കുന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും ഇപ്പോഴും മുസ്തഫ ലോട്ടറി എടുക്കുന്നത് തുടരുകയാണ്. 
 

few Onam bumper winners from previous years

2018 ലെ ഓണം ബംമ്പർ ഒരു വാടക വീട്ടിലേക്കായിരുന്നു വിരുന്നെത്തിയത്. വത്സല വിജയനായിരുന്നു ആ ഭാ​ഗ്യവതി. 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. തൃശൂർ ചിറ്റിലപ്പള്ളി സ്വദേശിനിയായ വത്സലയ്ക്ക് TB 128092 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 250 രൂപയായിരുന്നു അന്ന് ടിക്കറ്റ് വില. ഒന്നാം സമ്മാനം അടിച്ചപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നുവെന്നും ആദ്യം ചെറിയ പേടി തോന്നിയിരുന്നുവെന്നും വത്സല പറഞ്ഞു.  

ഭാ​ഗ്യം ലഭിച്ചെങ്കിലും ആരെങ്കിലും ലോട്ടറിയുമായി വരുമ്പോൾ ഇപ്പോഴും ടിക്കറ്റ് എടുക്കാറുണ്ട് ഈ അമ്പത്തൊമ്പതുകാരി. നികുതി എല്ലാം കഴിഞ്ഞ് അഞ്ച് കോടി 30 ലക്ഷം രൂപയാണ് വത്സലയ്ക്ക് ലഭിച്ചത്. സമ്മാനത്തുക മൂന്ന് മക്കൾക്കുമായി ഭാ​​ഗം വച്ച വത്സല ബാക്കി തുക കൊണ്ട് സ്വന്തമായി വീടും വച്ചു. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, മക്കൾക്കൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് വത്സല.  

few Onam bumper winners from previous years

2019 ല്‍ ഓണം ബമ്പറിലൂടെ ഒറ്റ രാത്രികൊണ്ട് കോടീശ്വരന്മാരായത് ആറ് സുഹൃത്തുക്കളായിരുന്നു. കൂട്ടത്തിലൊരാള്‍ ഇന്നില്ലെങ്കിലും മറ്റ് അഞ്ച് പേരും ഇന്നും പഴയ മുതലാളിയുടെ വിശ്വസ്ഥരായ തൊഴിലാളികള്‍ തന്നെ. ഇന്നും കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരാണ് അവരഞ്ചു പേരും. തൃശൂർ പറപ്പൂർ പുത്തൂർ ഹൗസിൽ റോണി, തൃശൂർ അന്നമനട പാലിശേരി കരോട്ടപ്പുറം വീട്ടിൽ സുബിൻ തോമസ്, കോട്ടയം വൈക്കം അംബികാ മാർക്കറ്റ് കുന്തത്തിൽ ചിറയിൽ വിവേക്, കൊല്ലം ശാസ്താംകോട്ട മനക്കര ശാന്തിവിലാസത്തിൽ റംജിൻ,​ ചവറ തോട്ടിന് വടക്ക് രാജീവത്തിൽ രാജീവൻ,​ ചവറ തെക്ക് വടക്കുംഭാഗം രതീഷ് ഭവനത്തിൽ രതീഷ് എന്നിവരാണ് ആ കോടിപതികള്‍. TM 160869 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം.

ആറ് പേരിൽ ഒരാളായ രാജീവൻ ഹൃദയാഘാതം മൂലം മരിച്ചു. രാജീവൻ ഒപ്പമില്ലല്ലോ എന്ന സങ്കടം മാത്രമാണ് ഇവർക്കിപ്പോൾ. നികുതി പിടിച്ച ശേഷം ഓരോരുത്തരും 1.26 കോടി വീതം പങ്കിട്ടെടുത്തു. ചിലർ ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹായിച്ചു. അത്യാവശ്യത്തിന് മാത്രം തുക ചെലവാക്കി ബാക്കി പണം എല്ലാവരും ബാങ്കിൽ നിക്ഷേപിച്ചു. പെട്ടെന്നൊരാവശ്യം വന്നാല്‍ എടുക്കാമല്ലോയെന്നാണ് അവരെല്ലാവരും പറയുന്നത്. 

few Onam bumper winners from previous years


2020ൽ നിനച്ചിരിക്കാതെ കോടിപതിയായത് അനന്തുവെന്ന ഇരുപത്തിനാല് കാരനാണ്. TB173964 എന്ന നമ്പറിലൂടെയാണ് അനന്തുവിന് ഭാ​ഗ്യമെത്തിയത്. ഇടുക്കി കട്ടപ്പനയിലെ സുമ, വിജയൻ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അനന്തു. പെയിന്റിം​ഗ് തൊഴിലാളിയായ വിജയനും അന്ന് ഓണം ബമ്പർ ടിക്കറ്റ് എടുത്തിരുന്നു. അച്ഛൻ കട്ടപ്പനയിൽ നിന്ന് ടിക്കറ്റ് എടുത്തപ്പോൾ, മകൻ എറണാകുളത്ത് നിന്നും ഭാ​ഗ്യം പരീക്ഷിച്ചു. വിജയന്‍ ലോട്ടറി എടുക്കുന്നത് കണ്ടാണ് അനന്തുവും ടിക്കറ്റ് എടുത്ത് തുടങ്ങിയത്. 

എറണാകുളത്തെ വിഘ്‌നേശ്വര ഏജൻസിയിൽ നിന്നായിരുന്നു അന്തുവിനെ കോടീശ്വരനാക്കിയ ടിക്കറ്റ് വിറ്റുപോയത്. ടിക്കറ്റ് ഇവിടെനിന്ന് വാങ്ങിയത് ചില്ലറ വിൽപ്പനക്കാരനായ തമിഴ്‌നാട് സ്വദേശി അളകസ്വാമിയാണ്. ഇദ്ദേഹത്തിൽ നിന്ന് 600 രൂപ മുടക്കി രണ്ട് ബമ്പർ ടിക്കറ്റുകൾ അനന്തു വാങ്ങിക്കുക ആയിരുന്നു. ഇതിലൊന്ന് അനന്തുവിനെ കോടിപതിയാക്കുകയും ചെയ്തു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios