
തിരുവനന്തപുരം: കർണാടകയിലെ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ നടത്തിയ മൃഗബലി ആരോപണത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്. ഡികെ പറഞ്ഞത് പരിശോധിക്കപ്പെടേണ്ടതാണെന്ന് കൊടിക്കുന്നിൽ പറഞ്ഞു. ആധികാരികതയില്ലാതെ ശിവകുമാർ ഇങ്ങനെ പറയുമെന്ന് കരുതുന്നില്ല. ഇങ്ങനെയൊരു കാര്യം നടന്നെങ്കിൽ അത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.
ഇന്ത്യ മുന്നണി കേവല ഭൂരിപക്ഷം നേടുമെന്ന് വിശ്വസിക്കുന്നു. കേരളത്തിൽ 20 ൽ 20 സീറ്റും ലഭിക്കും. മതേതര രാജ്യം എന്നത് വിസ്മരിച്ചാണ് മോദിയുടെ പ്രവർത്തനം. എങ്ങനെയും അധികാരം നിലനിർത്താനാണ് ധ്യാനം നടത്തുന്നത്. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട സ്റ്റാഫിൻ്റെ കാര്യത്തിൽ ശശി തരൂർ തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ പ്രതികരിച്ചു.
എന്നാൽ മൃഗബലി പരാമർശം വിവാദമായതോടെ മലക്കം മറിഞ്ഞ് ഡികെ ശിവകുമാർ രംഗത്തെത്തി. രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി നടന്നെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഡികെ ശിവകുമാറിന്റെ വെളിപ്പെടുത്തൽ. വാക്കുകൾ വളച്ചൊടിക്കരുത്. മൃഗബലി നടന്ന സ്ഥലം ഇതിന് അടുത്ത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും രാജരാജേശ്വര ക്ഷേത്രത്തിൽ പലതവണ വന്നുതൊഴുത ഭക്തനാണെന്നും ശിവകുമാർ വ്യക്തമാക്കി.
കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്നായിരുന്നു ഡികെ ശിവകുമാറിന്‍റെ ആരോപണം. ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നും ഡികെ ആരോപിച്ചിരുന്നു.
കർണാടകയിൽ വരാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിന്‍റെ അവസാനമാണ് തീർത്തും അനൗദ്യോഗികമായും തമാശ മട്ടിലും ഡികെ ശിവകുമാർ ഇത്തരമൊരു പരാമർശം നടത്തുന്നത്. തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം. കർണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയനേതാവാണ് ഇതിന് പിന്നിൽ. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏൽക്കില്ല എന്നുമായിരുന്നു ഡികെ ശിവകുമാർ പറഞ്ഞത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam