
ദില്ലി: ഇനി എന്താണ് ജോലിയെന്ന് അറിയണമെന്നും വകുപ്പ് സംബന്ധിച്ച് ഇപ്പോഴും അറിയില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒന്നും പ്രതീക്ഷിക്കുന്നുമില്ല, എന്നെയൊന്ന് സ്വതന്ത്രമായി പറക്കാൻ വിടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. മന്ത്രി എന്ന നിലയിൽ ആദ്യം ചെയ്യാൻ പോകുന്നത് കേരളത്തിന് എയിംസ് കൊണ്ടുവരാനുള്ള ശ്രമമാണ്. ബന്ധപ്പെട്ടവരുമായി ആദ്യ ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവുമായുള്ള അഭിപ്രായ ഭിന്നതയെ കുറിച്ചുള്ള ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെയായിരുന്നു. ഇങ്ങോട്ട് അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ വരാതിരുന്നാൽ മതി. ഞാൻ നിലകൊള്ളുന്നത് കേരളത്തിന് വേണ്ടിയും തമിഴ്നാടിന് വേണ്ടിയുമാണ്. ജോർജ് കുര്യൻ്റെ മന്ത്രിസ്ഥാനം ഇരട്ടി സന്തോഷം ആണോ എന്ന ചോദ്യത്തോടും സുരേഷ് ഗോപി പ്രതികരിച്ചു. ജോലി കുറച്ചു കുറയുമല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
മൂന്നാം മോദി മന്ത്രി സഭയിൽ കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്സഭയിലേക്ക് എത്തിയ സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യനും ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam