
കൊച്ചി: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കെഎസ്ആര്‍ടിസി നടത്തുന്നത് യൂണിയൻ ആണോ മാനേജ്മെന്റ് ആണോ എന്ന് ഹൈക്കോടതി ചോദിച്ചു. യൂണിയനുകൾ ഭരണം നടത്തുന്നത് നിർത്തണം. എന്ത് സമര സംസ്കാരം ആണിത്? രാവിലെ വരിക, എല്ലാ സർവീസും മുടക്കുക ഇതാണ് നടക്കുന്നത്. ഒരു മണിക്കൂർ കൊണ്ട് പണിമുടക്ക് പ്രഖ്യാപിക്കുന്നത് നിർത്തണം. ജനങ്ങളെ ദുരിതത്തിൽ ആക്കിയുള്ള സമരം അനുവദിക്കാൻ ആകില്ല. അങ്ങനെ എങ്കിൽ യൂണിയനുകൾ കെഎസ്ആര്‍ടിസി ഏറ്റെടുത്ത് നടത്തണം. സമരം പ്രഖ്യാപിക്കുന്നവരിൽ നിന്ന് മടങ്ങുന്ന ഷെഡ്യൂളിന്‍റെ പണം ഈടാക്കണം. ഇത്തരം സമരക്കാരുടെ പോക്കറ്റ് കാലിയാക്കണം. യൂണിയൻ എന്താണോ തീരുമാനിക്കുന്നത് അത് മാത്രമാണ് കെഎസ്ആര്‍ടിസിയിൽ നടക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.
കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ ചർച്ച തുടരും. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കരണം മനസ്സിലാക്കാൻ പുതുക്കിയ ഷെഡ്യൂളുകളുടെ മാതൃക യൂണിയൻ നേതാക്കൾക്ക് കൈമാറി. ഇത് യൂണിയൻ നേതാക്കൾ വിശദമായി പഠിച്ച ശേഷം നാളെ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം. തിരുവനന്തപും ജില്ലയിലെ 8 ഡിപ്പോയിലെ ഷെഡ്യൂളുകളാണ് കൈമാറിയത്. ഒഡിനറി ഷെഡ്യൂളുകൾ ഇരട്ടിയാക്കിയ ശേഷമാണ് ഓരോ യൂണിറ്റിലും ആഴ്ചയിൽ ആറ് ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത്.
8 മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശന്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടിവേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ഘടനയെ സ്വാഗതം ചെയ്യുന്പോഴും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ടിഡിഎഫ് വ്യക്തമാക്കി. പ്രതിസന്ധി കാലത്ത് എന്തിനാണ് തെഴിലാളികളെ തെറ്റിധരിപ്പിച്ച് പണിമുടക്ക് നടത്തുന്നതെന്നായിരുന്നു സിഐടിയുവിന്റെ ചോദ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam