
മലപ്പുറം: ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും നയങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും രണ്ടിന്‍റെയും മുഖമുദ്ര ജനദ്രോഹമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
പൊന്നാനി പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. 2019 ൽ മോദി അധികാരത്തിലെത്തിയതോടെ ആർഎസ്എസിൻ്റെ തനി അജണ്ട പുറത്തുവന്നുവെന്നും പൗരത്വ നിയമം ഭേദഗതി ചെയ്തുവെന്നും പിണറായി വിജയൻ പറഞ്ഞു.
രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും കോണ്‍ഗ്രസിനെ അതിന്‍റെ ഇടയില്‍ എവിടെയെങ്കിലും കണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് ഉണ്ടായോ ?. എന്നാല്‍, കേരളത്തിലെ കോൺഗ്രസ് അന്ന് വ്യത്യസ്തമായ നിലപാടെടുത്തു. നല്ല കാര്യമായിരുന്നു അത്. ഒന്നിച്ച് പ്രമേയം പാസാക്കി.പിന്നീട് എല്ലാം കഴിഞ്ഞിട്ട് കോൺഗ്രസിൻ്റെ പ്രസിഡൻ്റ് പറയുകയാണ് ഇനി യോജിച്ച പ്രക്ഷോഭത്തിന് ഇല്ലെന്ന്.കോൺഗ്രസിൻ്റെ കേന്ദ്ര നേതൃത്വം പിൻവാങ്ങാൻ പറഞ്ഞവെന്ന ഒറ്റ കാരണം കൊണ്ടാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് യോജിച്ച പ്രക്ഷോഭത്തില്‍ നിന്നും പിന്‍വാങ്ങിയത്.
അല്ലെങ്കിൽ രാഹുൽ ഗാന്ധി അത് പറയട്ടെയെന്നും പിണറായി വെല്ലുവിളിച്ചു. അദ്ദേഹം ഇവിടെ പ്രചരണം നടത്തുന്നുണ്ടല്ലോ. രാഹുൽ ഗാന്ധിയുടെ പേരെടുത്ത് വിമർശിക്കുന്നുവെന്നാണ് പരാതി.എന്തുകൊണ്ടാണ് പ്രകടന പത്രികയിൽ ഒന്നും പറയാത്തതെന്ന് പിണറായി ചോദിച്ചു.അതിൽ എവിടെയും പൗരത്വ നിയമ ഭേദഗതി എന്നൊരു വാക്കേ ഇല്ല.കോൺഗ്രസിന് സംഘപരിവാർ മനസിനോട് യോജിപ്പ് വന്നിരിക്കുന്നുവെന്നും അനെ വിമർശിക്കണ്ടേയെന്നും പിണറായി വിജയൻ ചോദിച്ചു.