
തൃശൂര്‍: തെരഞ്ഞെടുപ്പ് കാലത്ത് കരുതല്‍ തടങ്കലിലെടുത്ത് പൊലീസ് കരിക്കുകൊണ്ട് ഇടിച്ചെന്ന പരാതിയുമായി അന്തിക്കാട്ടെ സിപിഎം പ്രവര്‍ത്തകന്‍. ബ്രാഞ്ച് കമ്മിറ്റി അംഗമായ യദു കൃഷ്ണനാണ് അന്തിക്കാട് സിഐക്കും എഎസ്ഐയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. പൊലീസ് പിടിച്ചുകൊണ്ടുപോയി ഇരുട്ടുമുറിയിലിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ മാസം ഇരുപതിന് അന്തിക്കാട് നടന്ന എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് വീട്ടിലെത്തിയ തന്നെ അന്തിക്കാട് പൊലീസ് കൂട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചെന്നാണ് യദു കൃഷ്ണന്‍റെ പരാതി.
സ്റ്റേഷന്‍ പരിധിയിലെ ഗുണ്ടകളെ കരുതല്‍ തടങ്കലിന്‍റെ ഭാഗമായി വിളിച്ചു വരുത്തുന്നു എന്നാണ് പൊലീസ് തന്നോട് പറഞ്ഞതെന്നും യദു പറയുന്നു. വീട്ടിലെത്തി അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പൊലീസ് ജീപ്പ് വന്നതെന്ന് യദു പറഞ്ഞു. എസ്ഐയും അഡീഷണല്‍ എസ്ഐയുമാണ് വന്നത്. തുടര്‍ന്ന് അനാവശ്യമായി ചീത്ത പറയും തെറി വിളിക്കുകയും ചെയ്തു. താൻ പ്രശ്നക്കാരനാണെന്ന് പറഞ്ഞ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. സ്റ്റേഷനോട് ചേര്‍ന്നുള്ള പഴയ കെട്ടിടത്തിലെ മുറിയില്‍ കൊണ്ടുവന്ന് കരിക്ക് കൊണ്ട് ഇടിച്ചെന്നും യദു പറഞ്ഞു.
ഇരുട്ടുമുറിയിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് ഇടിച്ച് മൂലക്കിടുകയായിരുന്നു. മര്‍ദ്ദിച്ചശേഷം പിറ്റേദിവസം ഏപ്രില്‍ 21നാണ് വിട്ടയച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെന്നും യദു പറഞ്ഞു. ഗുണ്ടാ പ്രവര്‍ത്തനം ഉണ്ടെന്നാരോപിച്ചാണ് കൂട്ടിക്കൊണ്ടുപോയതെന്നും യദു വെളിപ്പെടുത്തി. സംഭവത്തിൽ അന്തിക്കാട് സിഐ, അഡീഷനല്‍ എസ്ഐ എന്നിവര്‍ക്കെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും യദു പരാതി നല്‍കി.
എന്നാല്‍, സ്റ്റേഷന്‍ ഗുണ്ടാ പട്ടികയിലുള്ള യദുവിനെ സാധാരണ നടപടി ക്രമങ്ങളുടെ ഭാഗമായി വിളിച്ചു വരുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് പൊലീസിന്‍റെ വിശദീകരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി കരുതല്‍ തടങ്കലായാണ് യുവാവിനെ കൊണ്ടുപോയതെന്നും പിന്നീട് വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam