
കാശി: ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ കുടുങ്ങിയ പർവതാരോഹക സംഘത്തിലെ പത്ത് പേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചവരില്‍ പ്രമുഖ പർവതാരോഹക സവിത കന്‍സ്വാളും ഉൾപ്പെടുന്നു. ഇതുവരെ പതിനാല് പേരെയാണ് രക്ഷപ്പെടുത്തിയത്. കാണാതായ 17പേർക്കായി തിരച്ചില്‍ തുടരുകയാണ്.
കര - വ്യോമ സേനകളുടെ കൂടുതല്‍ ഹെലികോപ്റ്ററുകളെത്തിച്ചായിരുന്നു ഇന്നത്തെ രക്ഷാപ്രവർത്തനം. മഞ്ഞുവീഴ്ച കുറഞ്ഞത് തിരച്ചില്‍ വേഗത്തിലാക്കി. ഇന്ന് കണ്ടെത്തിയത് 6 മൃതദേഹങ്ങൾ, ഇതോടെ ആകെ മരിച്ചവരുടെ എണ്ണം പത്തായി. മെയില്‍ 16 ദിവസം കൊണ്ട് എവറസ്റ്റ് കൊടുമുടിയും മക്കാളു കൊടുമുടിയും കീഴടക്കി റെക്കോഡിട്ട സവിത കന്‍സ്വാളിന്‍റെ മൃതദേഹവും കണ്ടെത്തിയതിലുൾപ്പെടും. ഉത്തരകാശി സ്വദേശിയായ സവിത നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗിലെ അധ്യാപികയായിരുന്നു.
ഇന്നലെ രക്ഷപ്പെടുത്തിയ 6 പേരുൾപ്പടെ 14 പേരെ ഇന്ന് താഴെയെത്തിച്ചു. ഇതില്‍ പരിക്കേറ്റ 5 പേരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 9 പേർ ചികിത്സ പൂർത്തിയാക്കി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മടങ്ങി. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഹെലികോപ്റ്ററില്‍ അപകടസ്ഥലത്ത് ആകാശ നരീക്ഷണം നടത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസത്തേക്ക് ഉത്തരകാശിയില്‍ ട്രക്കിംഗും മലകയറ്റവും വിലക്കി കളക്ടർ ഉത്തരവിട്ടു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംഭവത്തില്‍ അനുശോചിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam