ഒന്നരപ്പതിറ്റാണ്ടിലേറെയായി കേരളത്തില്‍ ജോലി ചെയ്ത് വരുന്ന അതിഥി തൊഴിലാളിയുടെയും കുടുംബത്തിന്‍റെയും, കേരളത്തിലൊരു വീടെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കുന്നു

കോഴിക്കോട്: ഒന്നരപ്പതിറ്റാണ്ടിലേറെയായി കേരളത്തില്‍ ജോലി ചെയ്ത് വരുന്ന അതിഥി തൊഴിലാളിയുടെയും കുടുംബത്തിന്‍റെയും, കേരളത്തിലൊരു വീടെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കുന്നു. ഒഡീഷയില്‍ നിന്നും 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെത്തി ജോലി ചെയ്ത് ജീവിക്കുന്ന ബിബാച്ച കുസ്ലിയ എന്ന ബിനുവിനാണ് വ്യവസായിയും ജീവനകാരുണ്യ പ്രവര്‍ത്തകനുമായ സിദ്ദീഖിന്‍റെ കരുതലില്‍ സ്വന്തമായി ഭൂമി ലഭിച്ചത്. സ്വന്തം ഭൂമിയില്‍ നിന്നും നാല് സെന്‍റ് സ്ഥലമാണ് സിദ്ദീഖ് ബിനുവിന്‍റെ പേരില്‍ പതിച്ച് നല്‍കിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊടിയത്തൂര്‍ സ്വദേശിനിയായ വിജിതയെ വിവാഹം കഴിച്ച ബിനു ഇവര്‍ക്കും നാല് മക്കള്‍ക്കുമൊപ്പം അടച്ചുറപ്പില്ലാത്ത വാടകവീടുകളില്‍ കഴിഞ്ഞുവരികയായിരുന്നു ഇതുവരെ. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ സര്‍ക്കാരിന്‍റെയോ മറ്റ് ഭവന പദ്ധതികളുടെയോ ആനുകൂല്യങ്ങള്‍ ലഭിച്ചില്ല. ഈ കുടുംബത്തിന്‍റെ പ്രയാസം അധ്യാപികയായ സോഫിയയാണ് സിദ്ദീഖിനെ അറിയിച്ചത്. തുടര്‍ന്ന് ചെറുവാടി തെനങ്ങപറമ്പിലെ നാല് സെന്‍റ് സ്ഥലം വീടുവെക്കാനായി അദ്ദേഹം സന്തോഷത്തോടെ കൈമാറുകയായിരുന്നു. സിദ്ദീഖ് ഇതിന് മുന്‍പും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. 'സ്വാന്ത്വനം ഭവന പദ്ധതി' എന്ന പേരില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 60ല്‍ അധികം നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാനായി ഭൂമി ഒരുക്കി നല്‍കിയിട്ടുണ്ട്.