തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ എസ്ഐആർ പരിഷ്കരണ നിർദ്ദേശം ഉദ്യോഗസ്ഥരെ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുന്നു. സാങ്കേതിക പ്രശ്നങ്ങൾ, ഫോം വിതരണത്തിലെ കാലതാമസം, രാഷ്ട്രീയ സമ്മർദ്ദം, ജനങ്ങളുടെ നിസഹകരണം എന്നിവ കാരണം ബിഎൽഒമാർ ബുദ്ധിമുട്ടുകയാണ്.
തിരുവനന്തപുരം: ഒരു മാസത്തിനകം തീവ്ര വോട്ടർപട്ടിക പരിഷ്കരണം പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വലിയ സമ്മർദ്ദമാണ് ഉദ്യോഗസ്ഥരിൽ ചെലുത്തുന്നത്. നാലുദിവസം കൊണ്ട് പൂർത്തിയാക്കണം എന്ന് പറഞ്ഞ എനുമേറേഷൻ ഫോം വിതരണം പലർക്കും കൃത്യസമയത്ത് പൂർത്തീകരിക്കാൻ ആയിട്ടില്ല. സാങ്കേതിക പ്രശ്നങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം നെട്ടോട്ടമോടുകയാണ് ഉദ്യോഗസ്ഥർ.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് നിയോഗിച്ച ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ബിഎൽഒമാർ നേരിടുന്ന പ്രയാസങ്ങൾ ചർച്ചയാകുന്നത്. ബിഎൽഒ ആയിരുന്ന പയ്യന്നൂർ ഏറ്റുകുടുക്ക സ്വദേശി അനീഷ് ജോർജ് മരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഈ ജോലിയിൽ ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിച്ചത്.
ബിഎൽഒമാർ നേരിടുന്ന പ്രശ്നങ്ങൾ
നാലു ദിവസം കൊണ്ട് ആയിരം മുതൽ 1200 ഫോമുകൾ വരെ വിതരണം ചെയ്യണം. ഓരോ ഫോമും വിതരണം ചെയ്യുമ്പോൾ അത് സ്കാൻ ചെയ്തു ഡാറ്റ ബേസിൽ അപ്ഡേറ്റ് ചെയ്യണം
പ്രതിദിനം ശരാശരി വിതരണം പൂർത്തിയാക്കാൻ ആകുന്നത് 150 മുതൽ 200ന് താഴെ വരെ മാത്രം
ഒരേ വീട്ടിലെ ഫോമുകൾ വിതരണം ചെയ്യാനായി നൽകുന്നത് പല ഊഴങ്ങളായി. ഒരേ പ്രദേശത്ത് വീണ്ടും വീണ്ടും പോകേണ്ടി വരുന്നു
പല ആളുകളുടെയും പേരുകൾ പഴയ പട്ടികയിൽ ഇല്ല. ഇതിനാൽ വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ട്. ഇത് പരിഹരിക്കാൻ മണിക്കൂറുകൾ ചിലവിടേണ്ടിവരുന്നു
വിതരണം ചെയ്യുന്ന ഫോമുകളുടെ എണ്ണം കുറഞ്ഞാൽ അത് പറഞ്ഞ് ഗ്രൂപ്പുകളിൽ ചുമതലയുള്ള വില്ലേജ് ഓഫീസർമാരും കലക്ടറേറ്റ് ഉദ്യോഗസ്ഥരും ശാസിക്കുന്നു
താമസം മാറിപ്പോയവർ നിരന്തരം വിളിക്കുകയും ഫോം അവിടെ എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
ആളുകളെ കൃത്യമായി കണ്ടെത്താൻ ആകുന്നില്ല. പലരും താമസം മാറിയിരിക്കുന്നു
ഇതിനു പുറമേ ഓരോ പ്രദേശത്തും ഫോം കൃത്യമായി എത്തിയില്ല എന്ന് പറഞ്ഞ് രാഷ്ട്രീയക്കാരുടെ സമ്മർദ്ദം.
എസ്ഐആറിനെ കുറിച്ചുള്ള ആശങ്കകൾ കാരണം ജനങ്ങളുടെ നിസഹകരണം മറ്റൊരു തടസം
ഫോം വിതരണം ചെയ്യാൻ എത്തുമ്പോൾ പല വീടുകളിലും ആളില്ല. പൂട്ടിയിട്ട വീടുകളിലെ ഫോം വിതരണം തടസപ്പെടുന്നു.