തിരുവനന്തപുരം കോർപ്പറേഷനും കെഎസ്ആർടിസിയും തമ്മിലുള്ള തർക്കങ്ങൾക്കൊടുവിൽ, നഗരത്തിലെ 23 ഇടറോഡുകളിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു. ജനങ്ങളുടെ ആവശ്യം പരിഗണിച്ച ഗതാഗത മന്ത്രിക്ക് നന്ദി അറിയിച്ച് മേയർ വി വി രാജേഷ്.
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിലെ 23 ഇടറോഡുകളിൽ ഇലക്ട്രിക് ബസുകൾ സർവ്വീസ് ആരംഭിച്ച സംഭവത്തിൽ ഗതാഗത വകുപ്പിനും മന്ത്രിക്കും നന്ദി പറഞ്ഞ് കോർപ്പറേഷൻ മേയർ വി വി രാജേഷ്. ജനങ്ങളുടെ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിഹരിയ്ക്കുവാൻ തയ്യാറായ ഗതാഗത മന്ത്രിക്ക് നന്ദി എന്നാണ് വി വി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചത്. ഇലട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയും തിരുവനന്തപുരം കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് റീഷെഡ്യൂള്‍ ചെയ്ത ബസുകളുടെ സര്‍വീസ് ഇന്നു മുതൽ ആരംഭിച്ചത്. തർക്കത്തിൽ ചർച്ചകളിലൂടെ പരിഹാരമായതോടെ കൂടുതൽ റൂട്ടുകളിലേക്ക് ഇ ബസ് സർവീസ് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു.
മേയർ വി വി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ഗ്രാമീണ വാർഡുകളിൽ നിന്ന് ഉയർന്നുവന്ന ആവശ്യങ്ങളിലൊന്നുകൂടി യാഥാർത്ഥ്യമാകുന്നു. ഇടറോഡുകളിൽ ഇലക്ട്രിക് ബസുകൾ ഇന്നു മുതൽ വീണ്ടും ഓടിത്തുടങ്ങും.ആദ്യ സർവ്വീസ് കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്ത് നിന്ന് ഇന്ന് രാവിലെ 7.30 ന് ആരംഭിച്ചു.ജനങ്ങളുടെ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിഹരിയ്ക്കുവാൻ തയ്യാറായ ഗതാഗത വകുപ്പിനും,ബഹു:മന്ത്രിയ്ക്കും നന്ദി.’ - വി വി രാജേഷ്
ബസിന്റെ ആദ്യ സര്‍വീസ് മേയര്‍ വിവി രാജേഷ് ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരിലെ കുലശേഖരത്തു നിന്നും കിഴക്കേക്കോട്ടയിലേക്കുള്ള ഇ-ബസ് ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. രാവിലെ 7.30 നാണ് കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്ത് നിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നൻപാറ, കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലേയ്ക്കാണ് ആദ്യ സർവീസ് നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് വാർഡുകളിലെ റൂട്ടുകളിലും ബസുകൾ ഓടിത്തുടങ്ങും. മറ്റ് പല കൗൺസിലർമാരും ആവശ്യവുമായി സമീപിച്ചിട്ടുണ്ടെന്നും ഇപ്പോൾ നിശ്ചയിച്ച 23 സർവീസുകൾ ആരംഭിച്ച ശേഷം പുതിയ സർവീസുകൾ ആവശ്യമെങ്കിൽ ഗതാഗത വകുപ്പുമായി വീണ്ടും ചർച്ച നടത്തുമെന്നാണ് മേയര്‍ വ്യക്തമാക്കിയിട്ടുള്ളത്. ജനങ്ങൾക്ക് നല്കിയ ഉറപ്പ് പാലിയ്ക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും മേയര്‍ നേരത്തേ പ്രതികരിച്ചിരുന്നു.
ആന്‍റണി രാജു മന്ത്രിയായിരുന്നപ്പോഴാണ് സർക്കുലർ സർവീസുകൾ ഇടറോഡുകളിൽ ഓടിത്തുടങ്ങിയത്. കെ.ബി.ഗണേഷ്കുമാർ എത്തിയതോടെ ഇതെല്ലാം പിൻവലിക്കുകയും നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തു. ഗണേഷ് കുമാറുമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകളിലാണ് ശനിയാഴ്ച മുതൽ പുതിയ സർവീസുകൾ തുടങ്ങാൻ തീരുമാനമായത്. രാവിലേയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ പുതിയ റൂട്ടുകളിലൂടെ ഓടിക്കുക. നിലവിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്ത വഴികളാണ് ഭൂരിഭാഗം കൗൺസിലർമാരും നിർദേശിക്കുന്നത്.


