ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട്  അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫിനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്ഐടി യു‍ഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫിനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു. മറ്റുള്ളവരുടെ മേൽ പഴിചാരാനുള്ള സർക്കാർ നീക്കത്തിന്‍റെ ഭാഗമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.വിളിച്ച ഉടൻ അടൂര്‍ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായി. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. ശബരമല സ്വര്‍ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു. 22 കൊല്ലം മുമ്പ് താൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് പോറ്റി അവിടെ കയറിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ് ഐ ടി മുഖ്യമന്ത്രിയുടെ കൈയിൽ ഇരിക്കുകയല്ലേ. അങ്ങനെയാണെങ്കിൽ അക്കാലത്തെ കാര്യവും അന്വേഷിക്കട്ടെ. ഹാ കഷ്ടം എന്നേ മുഖ്യമന്ത്രിയോട് പറയാനുള്ളൂ. മുഖ്യമന്ത്രിയെ ഓർത്ത് സഹതപിക്കാനേ കഴിയുന്നുള്ളൂ. പോറ്റി ജോലിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ കയറിയത് 2007ലെന്ന വിവരം എസ് ഐ ടിക്ക് മുന്നിലുണ്ട്. അന്നാരാണ് ദേവസ്വം മന്ത്രിയെന്നും കെസി വേണുഗോപാൽ ചോദിച്ചു.

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും സമ്മാനങ്ങൾ സ്വീകരിച്ചതായുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇക്കാര്യമുൾപ്പെടെ അടൂർ പ്രകാശിൽ നിന്ന് എസ്ഐടി ചോദിച്ചറിയും. നേരത്തെ, കേസിൽ മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് കേസിൽ അടൂർ പ്രകാശിനെ ഇന്ന് ചോദ്യം ചെയ്യുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെയും എസ്ഐടി ചോദ്യം ചെയ്യുന്നുണ്ട്.