
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില (Vegetable Price Hike) കുതിച്ചുയരുന്നതിനിടെ ആശ്വാസമായി കൃഷി വകുപ്പിന്‍റെ ഇടപെടല്‍. പത്ത് ടണ്‍ തക്കാളി ആന്ധ്രാപ്രേദശില്‍ (Andhra Pradesh) നിന്ന് തിരുവനന്തപുരത്തെത്തിച്ചു. ഹോര്‍ട്ടികോര്‍പ്പ് വഴി ഈ തക്കാളി 48 രൂപയ്ക്ക് വിതരണം ചെയ്യും. പച്ചക്കറിക്ക് തൊട്ടാല്‍ പൊള്ളുന്ന വില ആയതോടെയാണ് സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാന്‍ തീരുമാനിച്ചത്. മാര്‍ക്കറ്റില്‍ വില ഉയര്‍ന്ന് നില്‍ക്കുന്ന തക്കാളി ഇടനിലക്കാരില്ലാതെയാണ് ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിച്ചത്.
ആനയറയിലെ ഹോര്‍ട്ടികോര്‍പ്പ് ഗോഡൗണിലെത്തിയ തക്കാളി കൃഷി ഡയറക്ടര്‍ സുഭാഷ് ഐഎഎസ് ഏറ്റുവാങ്ങി. ഈ തക്കാളി 48 രൂപയ്ക്ക് ഹോര്‍ട്ടികോര്‍പ്പിന്‍റെ തക്കാളി വണ്ടി വഴിയും വിവിധ ഭാഗങ്ങളിലെത്തിക്കും. ഈ മാസം 29 ഓടെ ഇടനിലക്കാരെ ഒഴിവാക്കി കൂടുതല്‍ പച്ചക്കറി കേരളത്തിലെത്തിക്കുന്നതോടെ വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
വില നിയന്ത്രിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്ന് കൂടുതൽ പച്ചക്കറി എത്തിക്കുന്നതിനുള്ള ഹോർട്ടികോർപ്പ് ഇടപെടൽ തുടങ്ങി. ഇടനിലക്കാരെ ഒഴിവാക്കി സംഭരണം ഊർജിതമാക്കും. ഉത്തരേന്ത്യയിൽ നിന്നും പച്ചക്കറി നേരിട്ട് സംഭരിക്കും. വില കുറയുന്നത് വരെ ഹോർട്ടികോർപ്പ് ചന്തകൾ തുടരും. ആഭ്യന്തര പച്ചക്കറി സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കൃഷിമന്ത്രി പി പ്രസാദ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഡിസംബര്‍ 29 മുതൽ തമിഴ്നാട്ടിൽ നിന്ന് കൂടുതൽ പച്ചക്കറി എത്തും. ഇരു സംസ്ഥാനങ്ങളും തമ്മിൽ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ട്. തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി എടുക്കാനാണ് തീരുമാനം. പച്ചക്കറി കൃഷി വ്യാപകമാക്കാൻ പ്രോത്സാഹനം നൽകുമെന്നും പുതുവർഷത്തിൽ വില കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam