
നാഗ്‌പൂർ: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീമിലെ 10 വയസുകാരി നാഗ്പൂരിൽ മരിച്ചു. ആലപ്പുഴ സ്വദേശി നിദ ഫാത്തിമയാണ് മരിച്ചത്. ഛർദ്ദിയെ തുടർന്ന് ആശുപത്രിയിയിൽ പ്രവേശിപ്പിച്ചതായിരുന്നു. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട് മരിച്ചു. താമസ ,ഭക്ഷണ സൗകര്യങ്ങൾ സംഘാടകർ നിഷേധിച്ചതോടെ താത്കാലിക കേന്ദ്രത്തിലാണ് നിദയടക്കമുള്ള കേരളത്തിലെ മത്സരാർഥികൾ കഴിഞ്ഞിരുന്നത്.
ഇന്ന് പുലർച്ചെയാണ് കടുത്ത ഛർദ്ദിയെ തുടർന്ന് ആലപ്പുഴ സ്വദേശിനി നിദാ ഫാത്തിമയുടെ ആരോഗ്യ നില മോശമായത്. തുടർന്ന് നാഗ്പൂരിലെ ശ്രീകൃഷ്ണ ആശുപത്രിയിലെത്തിച്ചു. ഇവിടെ വെച്ച് ഒരു ഇഞ്ചക്ഷൻ നൽകിയ ശേഷം ആരോഗ്യ നില കൂടുതൽ വഷളായെന്ന് കൂടെയുള്ള പരിശീലകർ പറയുന്നു. തുടർന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.
ആശുപത്രിയിലേക്ക് നടന്ന് വന്ന കുട്ടിയാണ് മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതം എന്നാണ് ഡോക്ടർമാർ പ്രഥമികമായി പറഞ്ഞത്. അമ്പലപ്പുഴ കക്കാഴം സ്വദേശിയാണ് കുട്ടി. രണ്ട് ദിവസം മുൻപാണ് നിദാ ഫാത്തിമയടക്കമുള്ള സംഘം ദേശീയ ചാമ്പ്യൻഷിപ്പിനായി നാഗ്പൂരിലെത്തിയത്. കേരളത്തിൽ നിന്ന് രണ്ട് അസോസിയേഷനുകൾ കുട്ടികളെ മത്സരത്തിനയക്കുന്നുണ്ട്.
സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ കുട്ടികളെയാണ് ഫെഡറേഷൻ മത്സരത്തിന് അനുവദിച്ചത്. നിദയടക്കമുള്ളവരെ അയച്ച കേരളാ സൈക്കിൾ പോളോ അസോസിയേഷൻ കോടതി ഉത്തരവ് വാങ്ങിയാണ് മത്സരത്തിനെത്തിയത്. മത്സരിപ്പിക്കാൻ മാത്രമാണ് കോടതി ഉത്തരവിട്ടതെന്നും മറ്റ് സൗകര്യങ്ങൾ തരില്ലെന്നും സംഘാടകർ പറഞ്ഞതായാണ് ആരോപണം. ഇതോടെ താത്കാലിക സൗകര്യങ്ങൾ സ്വന്തം നിലയ്ക്ക് ഏർപ്പാടാക്കുകയായിരുന്നു. അസോസിയേഷനുകൾ തമ്മിലുള്ള കിടമത്സരത്തിൽ വലഞ്ഞത് പാവം കായിക താരങ്ങളും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam