'കുസും സോളാര്‍ പദ്ധതിയില്‍ അനെര്‍ട്ടില്‍ 100 കോടിയോളം രൂപയുടെ ക്രമക്കേട്', തെളിവുകൾ അടക്കം ചെന്നിത്തല പരാതി നല്‍കി

Published : Aug 17, 2025, 09:45 AM IST
ramesh chennithala against media opinion poll

Synopsis

കേരളത്തിലെ കർഷകർക്ക് സൗജന്യമായി സൗരോർജ്ജ പമ്പുകൾ നൽകുന്ന പിഎം കുസും പദ്ധതിയിൽ 100 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആരോപണം. പൊതുമേഖലാ സ്ഥാപനമായ അനർട്ടിന്റെ CEOയ്ക്കെതിരെ രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.

തിരുവനന്തപുരം: കേരളത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്രപദ്ധതിയായ പിഎം കുസും പദ്ധതിയില്‍ പൊതുമേഖലാ സ്ഥാപനമായ അനര്‍ട്ട് നടത്തിയ 100 കോടിയോളം രൂപയുടെ ക്രമക്കേടുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. ഈ പദ്ധതിയുടെ നടത്തിപ്പിന്റെ തുടക്കം മുതലുള്ള ക്രമക്കേടുകളും ടെന്‍ഡര്‍ നടപടികളും അടക്കം അന്വേഷണവിധേയമാക്കണമെന്നാണ്പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൻ്റെ മുഴുവൻ തെളിവുകളോടും കൂടിയാണ് പരാതി നൽകിയിരിക്കുന്നത്. അനര്‍ട്ട് സിഇഒയെ ഒന്നാം പ്രതിയാക്കിക്കൊണ്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

അഞ്ചു കോടിക്കകത്തു മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അര്‍ഹതയുള്ള അനര്‍്ടട് സിഇഒ 240 കോടി രൂപയുടെടെന്‍ഡറാണ് വിളിച്ചിരിക്കുന്നത്. 2022 ഓഗസ്റ്റ് പത്തിന് പുറപ്പെടുവിച്ച ആദ്യടെണ്ടര്‍ മുതല്‍ ക്രമക്കേടുകളുടെ ഘോഷയാത്രയാണ്. ഏറ്റവും കുറച്ചു നിരക്ക് നല്‍തിയ അഥിതി സോളാര്‍ എന്ന കമ്പനി ടെന്‍ഡറില്‍ നിന്നു പിന്‍മാറിയതില്‍ വ്യക്തമായ ക്രമക്കേട് ഉണ്ട്. സാധാരണ ഇതുപോലെ കമ്പനികള്‍ പിന്മാറുമ്പോള്‍ അവരുടെ തുക കണ്ടു കെട്ടുന്ന കീഴ്വഴക്കമുണ്ട് എന്നാല്‍ ഇവിടെ ഇത്തരമൊന്നും സ്വീകരിച്ചിട്ടില്ല. ക്രമവിരുദ്ധമായി ഒന്നാം കരാര്‍ റദ്ദാക്കുമ്പോഴും കമ്പനികള്‍ക്ക് ഒരു നഷ്ടവും വരാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് മനസിലാകുന്നത്. എന്നാല്‍ ആദ്യകരാറിനേക്കാള്‍ വന്‍ തുക വ്യത്യാസത്തിലാണ് രണ്ടാം ടെന്‍ഡറില്‍ കരാര്‍ സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചതില്‍ നിന്ന് 145 ശതമാനം വരെ അധികം വരുന്ന തുകയ്ക്കാണ് കരാര്‍ ഉറപ്പിച്ചത്.

റീടെന്‍ഡര്‍ നടത്തിയിട്ടും ടാറ്റാ സോളാറിനെ തെരഞ്ഞെടുക്കാന്‍ മനപൂര്‍വമായ ശ്രമം നടന്നിട്ടുണ്ട്. അതിനേക്കാള്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത കോണ്ടാസ് ഓട്ടോമേഷന്‍ എന്ന സ്ഥാപനം ക്വോട്ട് ചെയ്ത തുക ഒഴിവാക്കിക്കൊണ്ടാണ് ടാറ്റയെ തെരഞ്ഞെടുത്തത്. ടെന്‍ഡര്‍ നിയമങ്ങള്‍ക്കു വിരുദ്ധമായി ഇ ടെന്‍ഡറില്‍ ക്വോട്ട് ചെയ്ത തുകയുടെ തിരുത്തലും ഇതിനായി നടത്തിയിട്ടുണ്ട്. താല്‍ക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് ഇ ടെന്‍ഡറിലെ തുകയില്‍ പോലും തിരുത്തല്‍ നടത്തിയിരിക്കുന്നത്.

ഈ ഇടപാടുകള്‍ വഴി സര്‍ക്കാരിനുണ്ടായ മൊത്തം സാമ്പത്തിക നഷ്ടം ശരിയായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. നിയമവിരുദ്ധ ഇടപാടുകളില്‍ ഉള്‍പ്പെട്ട കൂടുതല്‍ കുറ്റക്കാരെ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. ഇതിനുപുറമെ, പദ്ധതിയുടെ നടത്തിപ്പില്‍ വിവിധ ക്രമക്കേടുകള്‍ ഉണ്ട്. Anneuxre-A1 പ്രകാരം ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ചു, അത് ശരിയായതും നീതിയുക്തവുമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ.

1988 ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 7 ഉം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 120B ഉം പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങള്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍, കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഈ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് കേസ് രജിസ്റ്റര്‍ ചെയ്യാനും നിയമവാഴ്ചയും നീതിയും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതുവഴി വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെ പൊതു പണം അപഹരിക്കുന്നത് തടയുന്നതിനും ആവശ്യമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു - രമേശ് ചെന്നിത്തല പരാതിയില്‍ പറഞ്ഞു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുബൈയിൽ പിടിയിൽ
പൊലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്ത പ്രതി പിടിയിൽ; അറസ്റ്റ് ചെയ്തത് തെങ്കാശിയിൽ നിന്ന്