തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് പോയ ബസിൽ അച്ഛനും അമ്മയ്ക്കുമൊപ്പം യാത്ര ചെയ്ത 10 മാസം പ്രായമായ കുഞ്ഞിന് അപസ്മാരം; ആശുപത്രിയിലെത്തിച്ചു

Published : Jan 18, 2026, 06:05 PM IST
KSRTC

Synopsis

തിരുവനന്തപുരത്ത് നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ വെച്ച് പത്ത് മാസം പ്രായമായ കുഞ്ഞിന് അപസ്മാരമുണ്ടായി. കണ്ടക്ടറുടെയും ഡ്രൈവറുടെയും സമയോചിത ഇടപെടൽ മൂലം ബസ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് കുഞ്ഞിന് ചികിത്സ ഉറപ്പാക്കി.

കൊച്ചി: യാത്രക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ബസിൽ എറണാകുളം വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെ.എസ്.ആർ.ടി.സി ജീവനക്കാർ. തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം. ദേശീയ പാതയിൽ കുണ്ടന്നൂരിന് സമീപം ബസ് എത്തിയപ്പോളാണ് തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുന്നതിന് ബസിൽ കയറിയ ദമ്പതികളുടെ പത്ത് മാസം പ്രായമായ കുഞ്ഞിന് അപസ്മാരമുണ്ടായത്. പനി ശക്തമായതോടെയാണ് അതിനൊപ്പം അപസ്മാരവുമുണ്ടായത്. കുഞ്ഞിന്‍റെ അവസ്ഥ കണ്ട് മാതാപിതാക്കളും വെപ്രാളത്തിലായതോടെ ബസിൽ എല്ലാവരും പരിഭ്രമത്തിലായി. കൂട്ടക്കരച്ചിലിലേക്ക് കാര്യങ്ങളെത്തി. സംഭവം കണ്ട് കണ്ടക്ടർ സുനിൽ സമയോചിതമായി ഇടപെട്ടു. കുഞ്ഞിന്‍റെ അവസ്ഥയും മാതാപിതാക്കളടക്കം വലിയതോതിൽ വിഷമിക്കുന്നതും കണ്ടുനിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പെട്ടെന്ന് തന്നെ ഡ്രൈവറെ കാര്യം ധരിപ്പിച്ചു. ഈ സമയം ബസ് കുണ്ടന്നൂർ പിന്നിട്ടിരുന്നു. ഉടനെ ഡ്രൈവർ പ്രേമൻ ബസ് തിരിച്ച് വി.പി.എസ് ലേക്‌ഷോറിലേക്ക് കുതിച്ചു.

കെ.എസ്.ആർ.ടി.സി ബസ് ആശുപത്രി പരിസരത്തേക്ക് കടന്നുവരുന്നത് കണ്ടതോടെ ജീവനക്കാർ ഓടിയെത്തി. പാഞ്ഞെത്തിയ ബസ് ആശുപത്രി മുറ്റത്ത് നിർത്തി. കാര്യം മനസിലാക്കിയ ആശുപത്രി ജീവനക്കാർ കുഞ്ഞിനെയുമെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് പാഞ്ഞു. ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ സംഘം ഉടൻ ആവശ്യമായ പരിചരണം നൽകി കുഞ്ഞിന്‍റെ സുരക്ഷ ഉറപ്പാക്കി. നിലവിൽ തുടർചികിത്സക്കായി കുഞ്ഞിനെ ആശുപത്രിയിൽ പീഡിയാട്രിക് വിഭാഗത്തിന് കീഴിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

ബസിൽ വെച്ച് വലിയ തോതിൽ കുഞ്ഞ് കരഞ്ഞെന്നും അപസ്മാരം വന്ന് ചുണ്ട് ഒരുഭാഗത്തേക്ക് വലിഞ്ഞുനിൽക്കുന്നത് പോലുള്ള സ്ഥിതിയുണ്ടായിയെന്നും അച്ഛൻ പറഞ്ഞു. അതുകണ്ട് തങ്ങൾ ഭയപ്പെട്ടുപോയി. ബസിലുണ്ടായിരുന്നവർ ഉടൻ ഒരു താക്കോൽ കുഞ്ഞിന്‍റെ കൈയിൽ പിടിപ്പിച്ചു. ബസുകാർ ഉടനെ തന്നെ ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞിന്‍റെ അവസ്ഥ കണ്ടപ്പോൾ പിന്നീട് ഒന്നും നോക്കാനുണ്ടായിരുന്നില്ലെന്നും ഉടൻ ആശുപത്രിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും കണ്ടക്ടർ സുനിൽ പ്രതികരിച്ചു. ഉടൻ ഡ്രൈവറോട് കാര്യം പറഞ്ഞ് വണ്ടി തിരിച്ച് വി.പി.എസ് ലേക്‌ഷോറിലേക്ക് വരികയായിരുന്നു. ഇവിടെയെത്തി ആവശ്യമായ ചികിത്സ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുണ്ടന്നൂർ പിന്നിട്ട് വൈറ്റിലയിലേക്ക് പോകുമ്പോഴായിരുന്നു സംഭവമെന്നും ഉടൻ അടുത്ത യുടേണിൽ ബസ് തിരിച്ച് അടുത്തുള്ള വി.പി.എസ് ലേക്‌ഷോർ ലക്ഷ്യമാക്കി പോരുകയായിരുന്നുവെന്ന് ഡ്രൈവർ പ്രേമൻ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എൻഎസ്എസ്-എസ്എൻഡിപി സഹകരണം; 'സിപിഎം സോഷ്യൽ എഞ്ചിനീയറിങ്ങിൻ്റെ ഭാഗമല്ല, സമുദായ നേതാക്കൾ ബോധമുള്ളവർ', പ്രതികരിച്ച് സജി ചെറിയാൻ
കലാമേളക്ക് കൊടിയിറങ്ങി, കണ്ണൂരിന് സ്വർണക്കപ്പ് സമ്മാനിച്ചു; ഹൃദയം കവർന്ന കുട്ടികളുടെ ആവേശത്തിന് കയ്യടിച്ച് മോഹൻലാലും പ്രതിപക്ഷ നേതാവും മന്ത്രിമാരും