പേഴ്‌സ് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് 11കാരൻ്റെ കൈകെട്ടി മണ്ണെണ്ണയൊഴിച്ച് കത്തിച്ചു; പ്രതിക്ക് 20 വർഷം കഠിനതടവുശിക്ഷ വിധിച്ച് കോടതി

Published : Aug 06, 2025, 05:06 PM ISTUpdated : Aug 06, 2025, 05:07 PM IST
court

Synopsis

ബന്ധുവായ സ്ത്രീയുടെ പണം അടങ്ങിയ പേഴ്സ് കുളിക്കടവിൽ വച്ച് കാണാതായത് ഈ കുട്ടിയാണ് എടുത്തതെന്ന സംശയത്താൽ കുട്ടിയുടെ ഇരുകൈകളും തുണിക്കൊണ്ട് കൂട്ടിക്കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു.

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് 11കാരനെ പൊളളലേൽപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവുശിക്ഷയ്ക്ക് വിധിച്ച് കോടതി. ബന്ധുവായ സ്ത്രീയുടെ പണമടങ്ങിയ പേഴ്‌സ് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് അയൽവാസിയായ കുട്ടിയുടെ ഇരുകൈകളും തുണികൊണ്ട് കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഇക്കാര്യം മറച്ചുവെച്ച് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കുളത്തൂർ, പൊഴിയരിലെ തങ്കപ്പൻ്റെ മകൻ ടൈറ്റസ് എന്നു വിളിക്കുന്ന ജോർജ് ടൈറ്റസിനാണ് തിരുവനന്തപുരം അഡീഷണൽ കോടതി 20 വർഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചത്. 2014 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 

ബന്ധുവായ സ്ത്രീയുടെ പണം അടങ്ങിയ പേഴ്സ് കുളിക്കടവിൽ വച്ച് കാണാതായത് ഈ കുട്ടിയാണ് എടുത്തതെന്ന് ആരോപിച്ചാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ ഇരുകൈകളും തുണിക്കൊണ്ട് കൂട്ടിക്കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. പ്രതിയെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചുവെങ്കിലും പ്രതി പിന്തിരിഞ്ഞില്ല. കുട്ടിക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പ്രതികൂടി അവരോടൊപ്പം ആശുപത്രിയിൽ പോകുകയും ചെയ്തു. എന്നാൽ മണ്ണെണ്ണ വിളക്ക് ചരിഞ്ഞാണ് പെള്ളലേറ്റതെന്ന് ഡോക്‌ടറോട് പറയുകയായിരുന്നു. 

യഥാർഥ സംഭവം പുറത്തു പറഞ്ഞാൽ കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടിയും വീട്ടുകാരും പ്രതിയോടുള്ള ഭയം കാരണം യഥാർഥ സംഭവം പുറത്തു പറഞ്ഞില്ല. നാലു മാസത്തോളം കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എഴുപതു ദിവസം കഴിഞ്ഞശേഷം കുട്ടിയെ ഒറ്റയ്ക്കാക്കി അമ്മ വീട്ടിൽ പോയ സമയത്ത് അടുത്ത ബെഡ്ഡിൽ കിടന്ന രോഗിയോട് കുട്ടി യഥാർഥ സംഭവം വെളിപ്പെടുത്തുകയും അവർ ചൈൽഡ് ലൈനിൽ ഈ സംഭവം അറിയിക്കുകയുമായിരുന്നു. കുട്ടിക്ക് ഇപ്പോഴും രണ്ട് കൈയ്യും നിവർത്താൻ സാധിക്കില്ല. മുഖവും നെഞ്ചും പെള്ളലേറ്റു വികൃതമായി. അതിസമ്പന്നനായ പ്രതിയുടെ ഭീഷണി തരണം ചെയ്‌താണ് കുട്ടി കോടതിയിൽ മൊഴി നൽകിയത്.

പാറശ്ശാല പൊലീസ് ഇൻസ്പെക്റർമാരായിരുന്ന ബി ഗോപകുമാർ, എസ് ചന്ദ്രകുമാർ, എന്നിവർ അന്വേഷണം നടത്തി കുറ്റപ്പത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്‌തരിക്കുകയും 27 രേഖകൾ ഹാജരാക്കുകയും ചെയ്തു. അതിക്രൂരമായ കുറ്റകൃത്യമാണ് പ്രതി ചെയ്‌തിട്ടുള്ളതെന്നും പ്രതിയുടെ അതിസമ്പന്നതയും കുട്ടിയുടെ അതിദാരിദ്ര്യവും പ്രതിയോടുള്ള ഭയവും കാരണമാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യാൻ വൈകിയതെന്നും പ്രതി യാതൊരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുമാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി