
കൊച്ചി: നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിനെ അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചെന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപിന്റെ (Dileep)ഒരു ഫോണിലെ 12 ചാറ്റുകൾ പൂർണമായി നശിപ്പിച്ചതായി കണ്ടെത്തി. 12 വ്യത്യസ്ത നമ്പരിലേക്കുള്ള വാട്ട്സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിർണായക കണ്ടെത്തൽ. നടി കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളാണിവർ. ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകൾ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകൾ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുമ്പാണ് തെളിവായേക്കുമെന്ന് കരുതുന്ന സന്ദേശങ്ങൾ നശിപ്പിക്കപ്പെട്ടത്. നശിപ്പിച്ച ചാറ്റുകൾ വീണ്ടെടുക്കാൻ ഫൊറൻസിക് സയൻസ് ലാബിന്റെ സഹായം ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം.
മൊബൈൽ ഫോണുകളിലെ തെളിവുകൾ മുംബൈയിലെ ലാബിൽ വെച്ച് നശിപ്പിച്ചതിന്റെ മിറർ കോപ്പി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ലാബിൽ നടത്തിയ പരിശോധനയിലാണ് നിർണായക രേഖകൾ കണ്ടെടുത്തത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡിൽ നിന്നും ഫോണിലെ വിവരങ്ങൾ മറ്റൊരു ഹാർഡ് ഡിസ്കിലേക്ക് പകർത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ലാബ് സ്വന്തം നിലയിൽ തയ്യാറാക്കിയ ഫോണുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടും പൊലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന് കൊറിയർ വഴിയാണ് ലാബിലേക്ക് ഫോണുകൾ അയച്ചത്. ഇതിന്റെ രസീതും ലാബിൽ നിന്ന് കിട്ടി.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നത് കോടതിയിൽ നിന്ന്, ഏത് കോടതിയെന്ന് കണ്ടെത്തണം'; പ്രോസിക്യൂഷന്‍
ദിലീപിൻറെ അഭിഭാഷകർക്ക് മുംബെയിലെ ലാബുമായി പരിചയപ്പെടുത്തിയത് മുംബൈയിൽ താമസിക്കുന്ന മലയാളി വിൻസെൻറ് ചൊവ്വല്ലുരാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. മുൻ ആദായ നികുതി അസിസ്റ്റൻറ് കമ്മീഷണറായ വിൻസെൻറ് സിബിഐ കുറ്റപത്രം നൽകിയ അഴിമതി കേസിലെ പ്രതിയാണ്. തൻറെയും ദിലീപിൻറെയും അഭിഭാഷകൻ ഒരേ ആളാണെന്നും അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരമാണ് സഹായം നൽകിയതെന്നും വിൻസെൻറ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടി ആക്രമണത്തിനിരയാകുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ കാണാൻ ദിലീപിന്റെ അഭിഭാഷകരെ കോടതി അനുവദിച്ചതിന് പിന്നാലെയാണ് ലാബ് അധികൃതരുടെ ഉപദേശം ആദ്യം തേടിയതെന്നും വിൻസെൻറ് പറഞ്ഞു. ദിലീപിന്റെ അഭിഭാഷകർക്കൊപ്പം ഫോണുകൾ വാങ്ങാൻ താനും മുംബെയിലെ ലാബിൽ പോയിരുന്നുവെന്നും വിൻസെൻറ് സമ്മതിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam