
കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്നലെ താൽക്കാലികമായി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കും. പലയിടത്തായി കുടുങ്ങിക്കടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചിരുന്നു. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ ആളുകളെ രക്ഷിച്ചത്. ഈ മേഖലയിൽ ഉണ്ടായിരുന്ന മൃതദേഹങ്ങളെല്ലാം താഴെയെത്തിച്ച് മേപ്പാടി ആശുപത്രിയിലേക്ക് മാറ്റി.
കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. രാത്രി 2.45 ഓടെ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലായിരുന്നു നാശം വിതച്ചത്. കുത്തിയൊലിച്ചെത്തിയ വെള്ളം ചൂരൽമല ടൗൺ പൂര്‍ണായും ഇല്ലാതാക്കി. ദുരന്തത്തിൽ ഇതുവരെ 135 പേര്‍ മരിച്ചു. 211 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. 180-ലധികം പേര്‍ ആശുപത്രികളിൽ ചികിത്സയിലാണ്. പുലര്‍ച്ചെ നടന്ന ദുരന്തം ഇന്നലെ രാവിലെയോടെ മാത്രമാണ് പുറംലോകം അറിഞ്ഞത്. ഇപ്പോഴും ദുരന്തത്തിൻ്റെ വ്യാപ്തി വ്യക്തമായിട്ടില്ല.
ദുരന്തത്തിൻ്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമുട്ടം ഭാഗത്തേക്ക് മണിക്കൂറുകളെടുത്ത് താൽക്കാലിക പാലം ഉണ്ടാക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കയര്‍ കെട്ടി അവിടേക്ക് കടക്കാൻ വഴിയൊരുക്കി. 300 ഓളം പേര്‍ അവിടെ പലയിടത്തായി അഭയം തേടിയിരുന്നു. അവരെയെല്ലാം ഇന്നലെ വൈകുന്നേരത്തോടെ രക്ഷിച്ച് താഴേക്ക് എത്തിച്ചു. കുടുങ്ങിക്കിടന്നതായി വിവരം ലഭിച്ച എല്ലാ ഇടത്തുനിന്നും എല്ലാവരെയും രക്ഷിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്.
എന്നാൽ ഇപ്പോഴും പല ഭാഗത്തായി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും അടക്കം നൂറോളം പേര്‍ പ്രദേശത്തെ ഒരു മുസ്ലിം പള്ളിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇന്ന് കേന്ദ്ര-സംസ്ഥാന ഏജൻസികൾ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും. പാറക്കഷണങ്ങൾക്കും തകര്‍ന്ന വീടുകൾക്കും മണ്ണിനടിയിലും കുടുങ്ങിപ്പോയവരെ കണ്ടെത്താനാവും ശ്രമം. പ്രദേശത്തെ പാടികൾ പലതും ഒഴുകിപ്പോയി. ഇതിലുണ്ടായിരുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ളവരെ രക്ഷിക്കാനായോ എന്ന് വ്യക്തമല്ല. ഇന്നത്തെ തെരച്ചിലോടെ ദുരന്തത്തിന്റെ ചിത്രം വ്യക്തമാകുമെന്നാണ് കരുതുന്നത്.
Wayanad Landslide Live: ഉള്ളുലഞ്ഞ് നാട്, 135 മരണം സ്ഥിരീകരിച്ചു, രാവിലെ വീണ്ടും തെരച്ചിൽ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam