മന്ത്രി എം ബി രാജേഷ് നടപ്പാക്കുന്ന സുസ്ഥിര തൃത്താല വികസന പദ്ധതിയെക്കുറിച്ച് പഠിക്കാൻ ജാർഖണ്ഡിൽ നിന്നുള്ള സംഘം തൃത്താല സന്ദർശിക്കും. തൃത്താല മാതൃക തങ്ങളുടെ പ്രദേശങ്ങളിൽ നടപ്പാക്കുകയാണ് സംഘത്തിൻ്റെ ലക്ഷ്യം.
പാലക്കാട്: തൃത്താല മണ്ഡലത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മന്ത്രി എം ബി രാജേഷ് നടപ്പാക്കുന്ന സുസ്ഥിര തൃത്താല പദ്ധതിയെക്കുറിച്ച് പഠിക്കാൻ ജാർഖണ്ഡിൽ നിന്നും വിദഗ്ദ്ധ സംഘം നാളെയെത്തും. മണ്ഡലം സന്ദർശിച്ച് സുസ്ഥിര വികസന പദ്ധിയുടെ പ്രവർത്തനങ്ങൾ കൂടുതലറിയുകയാണ് ലക്ഷ്യം. മന്ത്രി എം ബി രാജേഷുമായി സംഘം നേരിട്ട് സംവദിക്കും. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെ സംയോജനം , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വം ,പൊതുജന പങ്കാളിത്തം എന്നിവ നേരിട്ട് മനസ്സിലാക്കും. ഇതുവഴി തങ്ങളുടെ പ്രദേശങ്ങളിൽ തൃത്താല മാതൃക സൃഷ്ടിക്കുന്നതിന് പദ്ധതി പ്രദേശങ്ങളായ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളും സംഘം സന്ദർശിക്കും. കിലയുടെ സഹകരണത്തോടെയാണ് സന്ദർശനം. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായും സംഘം ആശയവിനിമയം നടത്തും.


