
പാലക്കാട്: നാട്ടുകൽ ചോളോട് ഒൻപതാം ക്ലാസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ പാലക്കാട് ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക് കോൺവെൻ്റ് സ്കൂളിലേക്ക് നടത്തിയ എസ് എഫ് ഐ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. എസ് എഫ് ഐ പ്രവർത്തകർ സ്കൂളിലേക്ക് തള്ളിക്കയറാൻ ശ്രമം നടത്തിയിരുന്നു. ഇതെത്തുടർന്നാണ് എസ് എഫ് ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്.
വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇന്നലെ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായിരുന്നു. സ്കൂൾ മാനേജ്മെൻ്റ് വിളിച്ച യോഗത്തിലും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായി. മിനിഞ്ഞാന്നാണ് 14 വയസുകാരിയായ ആശിർനന്ദ വീട്ടിലെ മുകളിലത്തെ മുറിയിൽ തൂങ്ങിമരിച്ചത്. എന്നാൽ ഒൻപതാം ക്ലാസുകാരി ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർ നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു.