
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പൊലിസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഇന്ന് ചേർന്ന യുപിഎസ്‌സി യോഗത്തിലാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ച നാല് പേരിൽ നിന്ന് ആദ്യ മൂന്ന് പേരുകാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, റാവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്.
നാല് ഡിജിപി മാരെയാണ് പരിഗണിച്ചത്. ആദ്യ മൂന്നു പേരുകാർക്കും എതിരെ യാതൊരു പരാതികളും നിലവിലില്ല എന്നത് ഗുണമായി. പട്ടികയിൽ നാലാമനായിരുന്ന മലയാളി മനോജ് എബ്രഹാമിൻ്റെ പേര് യുപിഎസ്‌സി പരിഗണിച്ചില്ല. ആദ്യ മൂന്ന് പേരുകാരെ പരിഗണിച്ചതോടെയാണ് മനോജ് എബ്രഹാമിനെ ഒഴിവാക്കിയത്.
ഈ മാസം 30നാണ് ഷെയ്ക്ക് ദർവേസ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. അന്ന് തന്നെ പുതിയ പൊലീസ് മേധാവി സ്ഥാനമേൽക്കേണ്ടതുണ്ട്. നിലവിൽ സംസ്ഥാന റോഡ് സേഫ്റ്റി കമ്മീഷണറായി പ്രവർത്തിക്കുന്ന നിതിൻ അഗർവാൾ ബിഎസ്എഫ് മേധാവിയായിരിക്കെ, പാക് നുഴഞ്ഞുകയറ്റം തടയാൻ സാധിച്ചില്ലെന്ന കാരണത്താൽ കേന്ദ്രത്തിൻ്റെ അപ്രതീക്ക് പാത്രമായി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയതാണ്. കേന്ദ്ര ഡപ്യൂട്ടേഷനിൽ ഐപി സ്പെഷ്യൽ ഡയറക്ടറായി പ്രവർത്തിക്കുകയാണ് റാവഡ ചന്ദ്രശേഖർ. ഫയർഫോഴ്സ് മേധാവിയായ യോഗേഷ് ഗുപ്തയാകട്ടെ, വിജിലൻസ് ഡയറക്ടറായിരിക്കെ സംസ്ഥാന സർക്കാരുമായി തെറ്റി ഈ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടയാളുമാണ്.
പുതിയ പൊലീസ് മേധാവിക്കായുള്ള പട്ടികയിൽ സംസ്ഥാനത്തെ 2 എഡിജിപിമാരെ കൂടി സർക്കാർ നിർദേശിച്ചിരുന്നു. എസ്‌പിജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത്, പൊലീസ് ബറ്റാലിയൻ മേധാവി എം.ആർ.അജിത് കുമാർ എന്നിവരാണ് എഡിജിപി റാങ്കിൽ നിന്നും സർക്കാർ നിർദ്ദേശിച്ചത്. എം.ആർ.അജിത് കുമാറിനെ പട്ടികയിൽ ഉള്‍പ്പെടുത്താനായി കേന്ദ്ര സർക്കാരിൽ സംസ്ഥാനം സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ യുപിഎസ്‌സി യോഗം ഇവരെ പരിഗണിച്ചതേയില്ല. കേന്ദ്ര സർക്കാർ പ്രതിനിധികളും സംസ്ഥാനത്ത് നിന്നും ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന പൊലിസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബുമാണ് ഇന്ന് ചേർന്ന യുപിഎസ്‌സി യോഗത്തിൽ പങ്കെടുത്തത്. യുപിഎസ്‌സി കൈമാറിയ മൂന്ന് പേരിൽ നിന്ന് സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഒരാളെ പൊലീസ് മേധാവിയായി തെരഞ്ഞെടുക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam