
പാലക്കാട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാലക്കാട്ടെത്തി കൊവിഡ് നിരീക്ഷണ ക്യാമ്പുകളില്‍ കഴിഞ്ഞ 143 പേരെ വീടുകളിലേക്ക് തിരിച്ചയക്കും. പതിനാല് ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ 140 പേരാണ് ഇന്ന് വീടുകളിലേക്ക് മടങ്ങിയെത്തുക. ഇവരെ സർട്ടിഫിക്കറ്റ് നൽകി കെഎസ്ആർടിസി ബസ്സിലും സ്വകാര്യ വാഹനങ്ങളിലുമാണ് വീടുകളിലെത്തിക്കുക.
മൂന്ന് അസം സ്വദേശികളെ ലോക്ക് ഡൗണ്‍ നിലനിൽക്കുന്നതിനാൽ പിന്നീടായിരിക്കും തിരിച്ച് അയക്കുക. ഇവർക്ക് തുടർന്നും താമസസൗകര്യം ഒരുക്കും. കന്യാകുമാരി വിവേക് എക്സ്പ്രസ്സ് ട്രെയിനിൽ മാർച്ച് 24ന് എത്തിയ 130 പേരാണ് പ്രധാനമായും ജില്ലാ ഭരണകൂടത്തിന്‍റെ ക്യാമ്പുകളില്‍ ഉണ്ടായിരുന്നത്. ഇതിൽ ജമ്മുവിൽ സൈനികനായ കാസർകോട്ട് നിന്നുള്ള പ്രശാന്തും ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ മരുമകളും മുംബൈയിൽ പ്രെഫസറുമായ 60 വയ്യസുകാരി ലക്ഷ്മിയും ഉൾപ്പെടുന്നു.
വീട്ടിൽ തിരിച്ചെത്തുന്നതിന്‍റെ സന്തോഷത്തിലാണ് മിക്കവരും. 43 പേർ വിക്റ്റോറിയ കോളേജിലും, മാങ്ങോട് മെഡിക്കൽ കോളേജിൽ 84 പേരും, കെടിഡിസി ഹോട്ടലിൽ 16 പേരുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവർ എത്തുന്ന വിവരം അതത് ജില്ലകളിലെ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam