തലസ്ഥാനത്ത് 10 പഞ്ചായത്തുകളിൽ നിരോധനാജ്ഞ, കർശന നിയന്ത്രണം

By Web TeamFirst Published Apr 23, 2021, 4:16 PM IST
Highlights

നിയന്ത്രണങ്ങൾ ശക്തമാക്കിയ പ്രദേശങ്ങളിൽ പൊതുസ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. ആരാധനാലയങ്ങളിലടക്കം ഇതു ബാധകമാണ്. വിവാഹങ്ങളിലും മറ്റു പൊതു ചടങ്ങുകളിലും 25 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  തലസ്ഥാനത്തെ 10 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂർക്കോണം, കൊല്ലയിൽ, ഉഴമലയ്ക്കൽ, കുന്നത്തുകാൽ, ആര്യങ്കോട് എന്നീ പഞ്ചായത്തുകളിലാണ് സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഈ പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലെത്തിയ സാഹചര്യത്തിലാണ് നടപടി. 

നിയന്ത്രണങ്ങൾ ശക്തമാക്കിയ പ്രദേശങ്ങളിൽ പൊതുസ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. ആരാധനാലയങ്ങളിലടക്കം ഇതു ബാധകമാണ്. വിവാഹങ്ങളിലും മറ്റു പൊതു ചടങ്ങുകളിലും 25 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവ ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി 7.30ന് അടയ്ക്കണം. ഹോട്ടലുകളിൽ 7.30 വരെ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കും. അതിനു ശേഷം ഒമ്പതു വരെ ടേക്ക് എവേ, പാഴ്‌സൽ സർവീസുകളാകാം.

 തൊഴിലിടങ്ങളിലും ഉപജീവനവുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ കർശന പരിശോധനയുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ അത്തരം സ്ഥാപനങ്ങൾ രണ്ടു ദിവസമോ അതിൽ കൂടുതൽ കാലയളവോ അടച്ചിടുമെന്നും കളക്ടർ അറിയിച്ചു. നിയന്ത്രങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നു താഴെ എത്തുന്നതുവരെ അവ തുടരുമെന്നും കളക്ടർ അറിയിച്ചു.

click me!