കേരളത്തിൽ 15 ബ്ലാക്ക് ഫംഗസ് കേസ് റിപ്പോർട്ട് ചെയ്തു; പ്രമേഹ രോഗികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

By Prabeesh bhaskarFirst Published May 19, 2021, 6:37 PM IST
Highlights

സംസ്ഥാനത്ത് ഇതുവരെ 15 ബ്ലാക്ക് ഫംഗസ് ബാധ കേസുകൾ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വജയൻ. രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 15 ബ്ലാക്ക് ഫംഗസ് ബാധ കേസുകൾ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വജയൻ. രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പ്രമേഹ രോഗികകളിൽ ബ്ലാക്ക് ഫംഗസ് ഗുരുതരമാകുന്നതായി കാണുന്നുണ്ട്. ഇവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ....

ബ്ലാക് ഫംഗസ് രോഗബാധ മലപ്പുറത്ത് റിപ്പോർട്ട് ചെയ്തു. പ്രത്യേക ഇനം പൂപ്പലുകളിൽ നിന്നാണ് ബ്ലാക്ക് ഫംഗസ് രോഗബാധ ഉണ്ടാകുന്നത്. ചുറ്റുപാടുകളിൽ പൊതുവേ കാണുന്ന ഒരു തരം പൂപ്പലാണ്. ബ്ലാക്ക് ഫംഗസ് പുതിയ രോഗമല്ല. നേരത്തെ തന്നെ ലോകത്ത് ഈ രോഗത്തിന്റെ 40 ശതമാനം റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്.

ഒരു ലക്ഷം പേരിൽ 14 പേർക്കായിരുന്നു രാജ്യത്ത് രോഗം കണ്ടുവന്നിരുന്നത്. നിയന്ത്രാണാതീതമായ പ്രമേഹ രോഗികളിൽ രോഗബാധ അപകടകാരിയാകാറുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ നടന്നവരിലും കാൻസർ രോഗികളിലും ഈ രോഗം കണ്ടെത്തുന്നുണ്ട്. രോഗം കണ്ടെത്തുന്നവരിൽ 25 ശതമാനം പേരിലാണ് പ്രമേഹം നിയന്ത്രണവിധേയമായത്. 

പ്രമേഹ രോഗികളിൽ ഈ രോഗം അപകടകരമാകുന്ന സ്ഥിതിയാണ്. മഹാരാഷ്ട്രയിൽ കൊവിഡുമായി ബന്ധപ്പെട്ട് ഒന്നാം ഘട്ടത്തിൽ തന്നെ മഹാരാഷ്ട്രയിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു. സ്റ്റിറോയ്ജഡ്, പ്രതിരോധം കുറയ്ക്കുന്ന മരുന്നുകളും ഉപയോഗിക്കുമ്പോൾ രോഗം പിടിപെടാം. മഹാരാഷ്ട്രയിൽ രോഗം പിടിപെട്ടപ്പോൾ തന്നെ കേരളം ജാഗ്രത തുടങ്ങി. 

മലപ്പുറത്ത് റിപ്പോർട്ട് ചെയ്തതടക്കം ആകെ 15 കേസുകളാണ് കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 2019 ൽ 16 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും രണ്ടാം തരംഗത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തും ജാഗ്രത കർശനമാക്കാൻ നടപടിയെടുക്കും. 

ഒരാളിൽ നിന്ന് ബ്ലാക് ഫംഗസ് മറ്റൊരാളിലേക്ക് പകരില്ല. ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സ നൽകാൻ മറ്റുള്ളവർ ഭയപ്പെടരുത്. പ്രമേഹ രോഗികൾ ശ്രദ്ധയോടെ രോഗം ചികിത്സിക്കണം. നിർദ്ദേശങ്ങൾക്കായി ഇ സഞ്ജീവനി സംവിധാനത്തിലൂടെ ഡോക്ടർമാരെ ബന്ധപ്പെടാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!