എഞ്ചിനീയറിങ് അലോട്ട്മെന്റ്: കോളേജ് മാറിയവർക്ക് ആദ്യം അടച്ച ഫീസ് തിരികെ നൽകുന്നില്ലെന്ന് പരാതി

By Web TeamFirst Published May 19, 2021, 6:02 PM IST
Highlights

കേരളാ എഞ്ചിനീയറിങ് എൻട്രസ് അലോട്ട്മെന്‍റിനെതിരെ പരാതിയുമായി രക്ഷിതാക്കൾ. ആദ്യ അലോട്ട്മെന്‍റുകൾക്കനുസരിച്ച് പ്രൊഫഷണൽ കോളേജുകളിൽ ചേർന്ന ശേഷം വീണ്ടും കോളേജ് മാറിയവർക്ക് ആദ്യത്തെ അഡ്മിഷനുവേണ്ടി നൽകിയ ഫീസ് തിരിച്ച് നൽകുന്നില്ലെന്നാണ് പരാതി

കോഴിക്കോട്: കേരളാ എഞ്ചിനീയറിങ് എൻട്രസ് അലോട്ട്മെന്‍റിനെതിരെ പരാതിയുമായി രക്ഷിതാക്കൾ. ആദ്യ അലോട്ട്മെന്‍റുകൾക്കനുസരിച്ച് പ്രൊഫഷണൽ കോളേജുകളിൽ ചേർന്ന ശേഷം വീണ്ടും കോളേജ് മാറിയവർക്ക് ആദ്യത്തെ അഡ്മിഷനുവേണ്ടി നൽകിയ ഫീസ് തിരിച്ച് നൽകുന്നില്ലെന്നാണ് പരാതി. സ്പോട്ട് അഡ്മിഷനിൽ പങ്കെടുത്ത് ഫീസ് അടച്ച് കോളേജ് മാറിയവർക്കാണ് ആദ്യത്തെ അഡ്മിഷനുവേണ്ടി അടച്ച പണം തിരിച്ച് കിട്ടാനുള്ളത്. 

സർക്കാരിന്‍റെ കീഴിലുള്ള പ്രൊഫഷണഷൽ കോളേജുകളിൽ കീം അലോട്ട്മെന്‍റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തുമ്പോൾ അടക്കേണ്ട തുക 10000 രൂപ. സർക്കാർ നിയന്ത്രണത്തിലൂള്ള സ്വാശ്രയ കോളേജുകൾ ആണെങ്കിൽ കെട്ടിവെക്കേണ്ടത് 35000 രൂപ. സ്പോർട്ട് അഡ്മിഷനിലൂടെ പ്രവേശനം നേടുകയാണെങ്കിൽ അഡ്മിഷൻ സമയത്താണ് ഈ തുക അടയ്ക്കേണ്ടത്. അലോട്ട്മന്‍റിലൂടെ പ്രവേശനം നേടിയ വിദ്യാർത്ഥി സ്പോർട്ട് അഡ്മിഷനിലൂടെ കോളേജ് മാറിയാലും ഈ തുക അഡ്മിഷൻ സമയത്ത് അടക്കേണ്ടതായുണ്ട്. 

ഫലത്തിൽ രണ്ട് തവണ ഫീസ് അടക്കണം. ഇങ്ങനെ കോളേജ് മാറുന്ന കുട്ടികൾക്ക് പ്രവേശന നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഈ തുക തിരികെ നൽകുകയാണ് പതിവ്, എന്നാൽ തിരുവനന്തപുരം ബാർട്ടർഹിൽസ് എഞ്ചിനീയറിങ് കോളേജിൽ നിന്ന് പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിങ് കോളേജിലേക്ക് മാറിയ വിദ്യാർത്ഥി തുക തിരിച്ച് കിട്ടാതിനെ തുടർന്ന് കീം അധികൃതരുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് ടിസി വാങ്ങി പോയതിന്റെ പെനാൽറ്റിയായി പതിനായിരം രൂപ പിടിച്ചുവയ്ക്കുകയാണ്, എന്നായിരുന്നു മറുപടിയെന്ന് അവർ പറയുന്നു.

ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവുകൾ ഒന്നുമില്ലെന്നും കോളേജിൽ നിന്ന് മറുപടിയായി പറഞ്ഞതായും രക്ഷിതാക്കൾ വ്യക്തമാക്കുന്നു. ഇതുപോലെ നിരവധി വിദ്യാർത്ഥികൾക്ക് പണം തിരിച്ച് കിട്ടാനുണ്ട്. കീമിന്‍റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് രക്ഷിതാക്കൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!