
കൊച്ചി: തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ ആരോപണങ്ങളുമായി കുടുംബം. മിഹിർ നേരിട്ടത് അതിക്രൂരമായ മാനസിക - ശാരീരിക പീഡനമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നേരത്തെ പഠിച്ച സ്കൂളിലെ വൈസ് പ്രിൻസിപ്പാൾ കടുത്ത ശിക്ഷ വിധിച്ചു. ആഴ്ചകളോളം സ്കൂളിൽ ഒറ്റപ്പെടുത്തി. ഇത് മിഹിനെ ഏറെ വേദനിപ്പിച്ചിരുന്നെന്ന് അമ്മാവൻ മുഹമ്മദ് ഷെരീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളിൽ നിന്ന് കിട്ടിയ വിവരം. ശുചിമുറിയിൽ കൊണ്ടു പോയി ക്ലോസറ്റ് നക്കിപ്പിച്ചു. ഇനി ഒരു വിദ്യാർത്ഥിക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. മരണശേഷവും സീനിയർ വിദ്യാർത്ഥികൾ മഹിറിനെ കളിയാക്കി. നീചമായ പ്രവൃത്തി മിഹിറിന്റെ നിറത്തെ കളിയാക്കി. വർണ്ണ വിവേചനത്തിനും ഇരയായി. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും കുടുംബം പറയുന്നു.
അതേസമയം, ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഗ്ലോബൽ പബ്ലിക് സ്കൂൾ പറയുന്നു. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്. പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. മരിച്ച കുട്ടിയുടെ മാതാപിതാക്കളുമായി സ്കൂൾ അധികൃതർ സംസാരിച്ചിരുന്നു. അവർ കൈമാറിയ സ്ക്രീൻഷോട്ടുകൾ അടക്കമുള്ള തെളിവുകൾ സ്കൂൾ അധികൃതർ തന്നെ പൊലീസിന് നൽകി. ആരോപണ വിധേയരായ വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായി സ്കൂൾ മാനേജ്മെൻ്റ് സംസാരിച്ചിരുന്നു. റാഗിങ്ങിനെതിരെ ശക്തമായ നിലപാടാണ് സ്കൂൾ മാനേജ്മെൻ്റിനുള്ളത്. ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ഉണ്ടായാൽ ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടാകും. കുട്ടികൾക്കെതിരെ തെളിവുകൾ ഇല്ലാതെ ഒരു നടപടിയും സ്വീകരിക്കാൻ സ്കൂളിനാവില്ലെന്നും സ്കൂൾ മാനേജ്മെൻ്റ് അറിയിച്ചു.
ഇക്കഴിഞ്ഞ ജനുവരി 15നാണ് മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിന്റെ മുകളിൽ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സ്കൂളിലെ സഹപാഠികളുടെ റാഗിങ്ങിനെ തുടർന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ പരാതി. മകൻ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാട്ടിയാണ് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നൽകിയിരിക്കുന്നത്. തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ 26-ാം നിലയിൽ നിന്ന് വീണ് തൽക്ഷണം മരിച്ചത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ സഹപാഠികളിൽ നിന്നും ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരിൽ നിന്നും പൊലീസ് വിശദമായി മൊഴിയെടുക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam