
തൃശ്ശൂർ: തൃശൂർ ഇരിഞ്ഞാലക്കുടയിൽ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ വൻ നിക്ഷേപ തട്ടിപ്പ്. സ്ഥാപനത്തിന്റെ ഉടമകളായ ബിബിൻ കെ ബാബുവും സഹോദരങ്ങളുമാണ് 150 കോടി തട്ടിയെടുത്ത് മുങ്ങിയത്. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം 30,000 മുതൽ അര ലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
2019 ലാണ് ഇരിഞ്ഞാലക്കുട സ്വദേശി ബിബിൻ കെ ബാബു, സഹോദരങ്ങളായ സുബിൻ, ലിബിൻ എന്നിവർ ചേർന്ന് ഇറഞ്ഞാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിന് സമീപം ബില്യൺ ബീസ് എന്ന പേരിൽ ധനകാര്യസ്ഥാപനം തുടങ്ങുന്നത്.
പത്തുലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം 50,000 രൂപ വരെ വരുമാനം. 36% വരെ ലാഭം എന്നായിരുന്നു വാഗ്ദാനം. അറിഞ്ഞവർ പണം നിക്ഷേപിച്ചു. ചുരുങ്ങിയത് 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക നിഗമനം. ഒരു കോടി 95 ലക്ഷം രൂപ നിക്ഷേപിച്ച ആളുടെ പരാതിയിൽ ആണ് ഇരിങ്ങാലക്കുട പോലീസ് ആദ്യം കേസെടുത്തത്.
കഴിഞ്ഞ എട്ടുമാസമായി മുതലുമില്ല പലിശയും ഇല്ല. നിക്ഷേപകർ പണം ആവശ്യപ്പെടുമ്പോഴെല്ലാം ഇന്ന്, നാളെ എന്ന് അവധി പറഞ്ഞ് ഒഴിവാക്കി. പലതവണ ഫോണിൽ ബന്ധപ്പെട്ടു, അങ്ങനെയിരിക്കെയാണ് ഉടമകൾ കുടുംബത്തോടെ വിദേശത്തേക്ക് കടന്നു എന്നറിയുന്നത്. ഇരിങ്ങാലക്കുട പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു. 32 പേരാണ് ഇതുവരെ പരാതി നൽകിയത്.
വിദേശത്തുള്ള പ്രതികളെ നാട്ടിലേക്ക് മടക്കികൊണ്ടുവരാൻ പോലീസിന്റെ ശ്രമങ്ങൾ തുടരുകയാണ്. സംസ്ഥാനത്തിന് പുറത്തുള്ളവരും പണം നഷ്ടപ്പെട്ടവരിൽ ഉണ്ട്. ഓഫീസിൽനിന്ന് രേഖകൾ പോലീസ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുടയിലെ രണ്ട് സ്ഥാപനങ്ങളും പൂട്ടി. ഇരിങ്ങാലക്കുട പോലീസിന്റെ അന്വേഷണം തുടരുകയാണ്.