ട്രെയിനിലെ അതിക്രമം, പ്രതികളെ പിടികൂടാനായില്ല, പെൺകുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തു

By Web TeamFirst Published Jun 27, 2022, 5:55 PM IST
Highlights

നാളെ ഉച്ചയ്ക്ക് മുമ്പ് പ്രതികളെ പിടികൂടിയില്ലെങ്കിൽ തൃശ്ശൂർ റെയിൽവെ സ്റ്റേഷന് മുന്നിൽ സമരം നടത്തുമെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ

തൃശ്ശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം നടന്നെന്ന പരാതിയിൽ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. പ്രതികൾ സീസണ്‍ ടിക്കറ്റുപയോഗിച്ച് സ്ഥിരം യാത്ര നടത്തുന്നവരാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കേസ് അന്വേഷിക്കുന്ന എറണാകുളം റെയിൽവെ പൊലീസ് തൃശ്ശൂരിൽ എത്തി കുട്ടിയുടേയും അച്ഛന്‍റേയും മൊഴി എടുത്തു. അതേസമയം നാളെ ഉച്ചയ്ക്ക് മുമ്പ് പ്രതികളെ പിടികൂടിയില്ലെങ്കിൽ തൃശ്ശൂർ റെയിൽവെ സ്റ്റേഷന് മുന്നിൽ സമരം നടത്തുമെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ അറിയിച്ചു. 

ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂർ സ്വദേശികൾക്ക് നേരെയാണ് 
ട്രെയിനിൽ വച്ച് അതിക്രമമുണ്ടായത്.  കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറഞ്ഞുവെന്നുമായിരുന്നു പരാതി. 50 വയസ്സിനു മുകളിൽ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം കാട്ടിയതെന്നാണ് ഇരുവരുടെയും മൊഴി. ലൈംഗികാധിക്ഷേപപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും പെൺകുട്ടിയും പിതാവും പറഞ്ഞു. എതിർ വശത്തിരുന്ന ആറ് പേരാണ് മോശമായി പെരുമാറിയതെന്നാണ് പെൺകുട്ടി പറഞ്ഞു. പെൺകുട്ടി ഇവരുടെ മോശം പെരുമാറ്റം വീഡിയോയിൽ ചിത്രീകരിക്കാൻ ശ്രമിക്കവെ കുട്ടിയുടെ ഫോണും സംഘം തട്ടിപ്പറിച്ചിരുന്നു.

അതിക്രമം തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് ഫാസിലിനെ പ്രതികൾ ചേർന്ന് മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. പ്രതികൾ ആലുവ മുതൽ ഇരിങ്ങാലക്കുട വരെയുള്ള ആറ് സ്ഥലങ്ങളിലായി ഇറങ്ങിയെന്നാണ് പെൺകുട്ടിയും അച്ഛനും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സിസിടിവി കേന്ദ്രീകരിച്ച് ഇവരെ പിടികൂടാൻ പൊലീസ് ശ്രമം നടത്തിയിരുന്നു. സംഭവത്തിൽ പോക്സോ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

click me!