
കോഴിക്കോട്: മലബാറില്‍ കഴിഞ്ഞ ഒരാഴ്ചയിടെ വീശിയടിച്ച കാറ്റിലും മഴയിലും കെഎസ്ഇബി നേരിട്ട നാശനഷ്ടങ്ങള്‍ പരിഹരിക്കാനും വീടുകളില്‍ കണക്ഷനുകള്‍ പുനസ്ഥാപിക്കാനും വൈദ്യുതി വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉത്തര മലബാറില്‍ താറുമാറായ വൈദ്യുതി ബന്ധം പലയിടത്തും പുനസ്ഥാപിച്ചിട്ടില്ല. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ട് വീശിയടിച്ച കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. കോക്കല്ലൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു. ഗതാഗതവും പലയിടത്തും തടസപ്പെട്ടു.
കേരളത്തിലുടനീളം പ്രത്യേകിച്ച് ഉത്തര മലബാർ മേഖലയിൽ പലയിടത്തും കഴിഞ്ഞ ഒരാഴ്ചയോളമായി അനുഭവപ്പെടുന്ന കനത്ത മഴയെയും കാറ്റിനെയും തുടർന്ന് കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ സംവിധാനം താറുമാറാണ്.കണ്ണൂർ, ശ്രീകണ്ഠപുരം, കാസറഗോഡ്, പാലക്കാട്, ഷൊർണൂർ, കൊട്ടാരക്കര, കോഴിക്കോട്, വടകര ഇലക്ട്രിക്കൽ സർക്കിളുകളെയാണ് കാറ്റു മൂലമുണ്ടായ നാശനഷ്‌ടം തീവ്രമായി ബാധിച്ചത്. ആയിരത്തി എഴുന്നൂറോളം ഹൈ ടെൻഷൻ പോസ്റ്റുകളും പതിനോന്നായിരത്തോളം ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു.
ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾ 1117 സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 19,571 സ്ഥലങ്ങളിലും പൊട്ടിവീണു. കണക്ഷനുകള്‍ പുനസ്ഥാപിക്കാന്‍ സമയമെടുത്തേക്കും. മലബാര്‍ മേഖലയിലേക്ക്, നാശനഷ്ടം കുറഞ്ഞ തെക്കന്‍ കേരളത്തിലെ സെക്ഷന്‍ ഓഫീസുകളിലെ ജീവനക്കാരെ എത്തിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാനാണ് തീരുമാനം. ഇന്നും കോഴിക്കോട് വിവിധ സ്ഥലങ്ങളില്‍ വീശിയടിച്ച കാറ്റില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി.
താമരശ്ശേരി, പുതുപ്പാടി, കൊയിലാണ്ടി, ഉള്ളിയേരി, പേരാമ്പ്ര, ബാലുശ്ശേരി തുടങ്ങിയ ഭാഗങ്ങളിലാണ് കാറ്റ് വീശിയത്. ഇരുപതോളം വീടുകള്‍ക്ക് ഭാഗികമായി കേടുപറ്റി. ബാലുശ്ശേരി കോക്കല്ലൂരില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നതിനെത്തുടര്‍ന്ന് ദമ്പതികള്‍ക്ക് പരിക്കേറ്റു. മീത്തലെ ചാലില്‍ കുമാരന്‍,ഭാര്യ കാര്‍ത്തി എന്നിവര്‍ക്കാണ് പരിക്കേറ്റത്. താമരശേരി ചുരത്തില്‍ മരം വീണ് ഏറനേരം ഗതാഗത തടസ്സം ഉണ്ടായി.ഫയര്‍ഫോഴ്സും ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam