പൂക്കിപറമ്പ് ബസ് അപകടത്തിന്‍റെ നടുക്കുന്ന ഓര്‍മ്മയ്ക്ക് പതിനെട്ട് വയസ്സ്

By Web TeamFirst Published Mar 11, 2019, 6:13 PM IST
Highlights

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2001 മാര്‍ച്ച് പതിനൊന്നിനാണ് മലപ്പുറം കോട്ടക്കലിനടുത്ത് പൂക്കിപറമ്പില്‍ സംസ്ഥാനത്തെ തന്നെ നടുക്കിയ  ബസ് അപകടം ഉണ്ടായത്

തിരൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ ബസ് അപകടങ്ങളിലൊന്നായ പൂക്കിപ്പറമ്പ് ബസ് അപകടം നടന്നിട്ട് ഇന്ന് പതിനെട്ട് വര്‍ഷം. കൺമുന്നില്‍ നാല്‍പ്പത്തി നാല് പേര്‍ കത്തിയമര്‍ന്നതിന്‍റെ നടുക്കം അപകടത്തിന് സാക്ഷികളായവര്‍ക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2001 മാര്‍ച്ച് പതിനൊന്നിനാണ് സംസ്ഥാനത്തെ തന്നെ നടുക്കിയ  ബസപകടം മലപ്പുറം കോട്ടക്കലിനടുത്ത് പൂക്കിപറമ്പിലുണ്ടായത്. ഗുരുവായൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന പ്രണവം എന്ന സ്വകാര്യബസാണ് കോഴിച്ചെന എ ആർ ക്യാമ്പിന് സമീപത്ത് അപകടത്തില്‍ പെട്ടത്. അമിത വേഗതയില്‍ വന്ന ബസ് നിയന്ത്രണം വിട്ട് ഒരു കാറിലിടിക്കുകയും മറിയുകയും പിന്നാലെ കത്തുകയുമായിരുന്നു. 

അപകടം കണ്ട് നിരവധി ആളുകള്‍ ഓടിയെത്തിയെങ്കിലും മിനിട്ടുകള്‍ക്കകം ബസ് തീ വിഴുങ്ങിയതോടെ ആര്‍ക്കും രക്ഷാ പ്രവര്‍ത്തനം നടത്താനായില്ല. ബസ് ജീവനക്കാരും യാത്രക്കാരുമടക്കം 44 പേര്‍ ബസില്‍ വെന്തുമരിച്ചു. അപകടത്തിനിടെ 22 പേര്‍ റോഡിലേക്ക് തെറിച്ചു വീണിരുന്നു. ഇവര്‍ മാത്രം പരിക്കുകളോടെ രക്ഷപെട്ടു. റോഡരുകിലെ താമസക്കാരനായ മൊയ്തീന്‍ ഹാജിയെ പോലെയുള്ളവര്‍ക്ക് പതിനെട്ടുവര്‍ഷങ്ങളായിട്ടും അന്നത്തെ ദുരന്തത്തിന്‍റെ ആഘാതം  വിട്ടുമാറിയിട്ടില്ല. 

ഈ അപകടം ബസ് യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് അന്ന് വ്യാപകമായ ചർച്ചക്ക് വഴിയൊരുക്കിയിരുന്നു. ബസുകളില്‍ എമർജൻസി വാതിലുകള്‍ നിര്‍ബന്ധമാക്കി ഉത്തരവിറങ്ങിയതും ഈ അപകടത്തിനു ശേഷമാണ്. 

click me!